കോട്ടയം: ശക്തമായൊരു കാറ്റടിച്ചാൽ തകർന്നു പോകുന്ന കൂരയിലാണ് കഴിഞ്ഞ 28 വർഷമായി കോട്ടയം കോടിമത പാലത്തിന് താഴെയുള്ള പുറമ്പോക്കിൽ ഐഷുമ്മയും മകളും കഴിയുന്നത്. സർക്കാരിന്റെ ഭവനപദ്ധതികളിലൊക്കെ പേരുണ്ടെങ്കിലും സ്വന്തം വീടെന്ന ഇവരുടെ സ്വ്പനം ഇതുവരെ യാഥാർത്ഥ്യമായിട്ടില്ല. 

ഇത്രേം കാലമായിട്ടും പുറമ്പോക്ക് ഭൂമിയിലാണ് കഴിയുന്നത്. രണ്ട് പെൺമക്കളാ ഉള്ളത്. മൂത്ത മോളുടെ കല്യാണം കഴിഞ്ഞു. ഇപ്പോ താമസിക്കുന്ന പുരയും പ്രളയമൊക്കെ വന്നതോടെ ഇടിഞ്ഞുപൊളിഞ്ഞിരിക്കുവാ. ജീവിതം പ്രയാസമാ ഞങ്ങക്ക്. നല്ലൊരു കാറ്റൊക്കെ വന്നാ ഉറങ്ങാനൊക്കെ ഞങ്ങക്ക് പേടിയാ. അടച്ചൊറപ്പില്ലാത്ത വീടുമാണ്. വീടും സ്ഥലുവും കിട്ടിക്കഴിഞ്ഞാ ഞങ്ങള് മാറാൻ തയ്യാറാണ്. അയിഷുമ്മ പറയുന്നു. 

പടുതയിടുന്നതൊക്കെ ഞങ്ങള് തന്നെയാ. പുറത്തു നിന്ന് ആളെ വിളിച്ചാ കൂലി കൊടുക്കാൻ ഞങ്ങടെ കയ്യിലില്ല. എനിക്കെന്തേലും പറ്റുന്നേന് മുമ്പേ ഒരു വീട് കിട്ടുക, അത്രേ ഉള്ളു. പിന്നെ പിള്ളാരല്ലേ ഉള്ളു, അവര് എന്തേലും ജോലിയൊക്കെ ചെയ്ത് ആ വീട്ടിലങ്ങ് കഴിഞ്ഞോളും. സങ്കടങ്ങളൊരുപാടുണ്ട് ഐഷുമ്മയ്ക്ക് പറയാൻ. ഭർത്താവിന്റെ വേർപാട്, ആശ്രയമില്ലാത്ത അവസ്ഥ, വിവാഹം കഴിയാത്ത ഇളയ മകൾ എല്ലാം പറയുമ്പോ ആ കണ്ണുകൾ നിറഞ്ഞൊഴുകും. 

ടോയ്ലെറ്റിൽ‌‍ പോകാനായി ആശ്രയിക്കുന്നത് സഹോദരന്റെ വീടിനെയാണ്. ഉറങ്ങാൻ കഴിയാറില്ല മിക്കപ്പോഴും. വളർത്തുനായ്ക്കൾ ഒപ്പമുള്ളതാണ് രാത്രിയിലൊക്കെ സുരക്ഷ. സ്വന്തമായി ഒരു വീട് കിട്ടിയിട്ട് എല്ലാവർക്കുമൊപ്പം സന്തോഷമായി കഴിയുന്നതാണ് ഐഷുമ്മ കാണുന്ന ഏറ്റവും വലിയ സ്വപ്നം.