Asianet News MalayalamAsianet News Malayalam

കുട്ടനാട് കീഴടക്കിയ കുവൈത്ത് ചാണ്ടി

കോണ്‍ഗ്രസിലെ അഭ്യന്തര കലാപത്തിനൊടുവില്‍ കെ.കരുണാകരൻ പാര്‍ട്ടി പിളര്‍ത്തി ഡിഐസി കെ  ഉണ്ടാക്കിയപ്പോൾ അണിയറയിൽ നിന്ന് കാര്യങ്ങള്‍ നിയന്ത്രിച്ചത് തോമസ് ചാണ്ടിയായിരുന്നു. 

Life story of Thomas Chandy
Author
Kuttanad, First Published Dec 20, 2019, 6:01 PM IST

തിരുവനന്തപുരം: ഒരു സാധാരണ കുട്ടനാട്ടുകാരനിൽ നിന്നും കുവൈത്തിലെ എണ്ണം പറഞ്ഞ വ്യവസായിയായും അവിടെ നിന്നും എംഎല്‍എയായും പിന്നെ മന്ത്രിയായും ഒക്കെ തോമസ് ചാണ്ടിയുടെ വളര്‍ച്ചയും ജീവിതവും സമാനതകളില്ലാത്തതാണ്. വ്യവസായ സംരഭങ്ങളിലും രാഷ്ട്രീയത്തിലും കളമറിഞ്ഞു കളിക്കാനുള്ള കഴിവ് തോമസ് ചാണ്ടിക്ക് സമ്മാനിച്ചത് വൻ വിജയങ്ങളാണ്. 

പത്താം ക്ലാസ് വിദ്യാഭ്യാസവും ടെലിപ്രിന്‍റിംഗും മാത്രം പഠിച്ച കുട്ടനാട്ടിലെ ചേന്നങ്കേരി വെട്ടിക്കാട് കളത്തിപ്പറമ്പില്‍ തോമസ് ചാണ്ടിയുടെ വളര്‍ച്ച ആരംഭിക്കുന്നത് നാല് പതിറ്റാണ്ട് മുന്‍പാണ്. നാട്ടില്‍ യൂത്ത് കോണ്‍ഗ്രസ് രാഷ്ട്രീയവുമായി കറങ്ങി നടന്നിരുന്ന തോമസ് ചാണ്ടി പിന്നീട് ഒരു വിസ ഒപ്പിച്ച് ഗള്‍ഫിലേക്ക് വിമാനം കയറി. എങ്ങനെയും മെച്ചപ്പെട്ട ഒരു ജോലി നേടണം.  കുടുംബത്തിന്‍റെ പ്രാരാബ്ധങ്ങള്‍ക്ക് അറുതിയുണ്ടാകണം. ഇതു മാത്രമായിരുന്നു ആ ഗൾഫ് യാത്രക്കാന്‍റെ അന്നത്തെ സ്വപ്നം.  

ഒരു അമേരിക്കന്‍ കപ്പലില്‍ സ്റ്റോര്‍ മാനേജറായിട്ടായിരുന്നു തോമസ് ചാണ്ടി പ്രവാസി ജീവിതം തുടങ്ങിയത്. പുറംകടലിലെ സാഹചര്യങ്ങളുമായി ശരീരം പൊരുത്തപ്പെടാത്ത അവസ്ഥ വന്നതോടെ ആരോഗ്യനില വഷളായി. അഞ്ച് മാസത്തെ കഷ്ടപ്പാടിനും ദുരിതത്തിനുമൊടുവില്‍ കപ്പല്‍ ജീവിതം അവസാനിപ്പിച്ച് തോമസ് ചാണ്ടി കരയ്ക്ക് കയറി. തുടര്‍ന്ന് കുവൈത്തിലെത്തിയ ചാണ്ടി പ്രമുഖ വ്യവസായി ടൊയോട്ട സണ്ണിയുടെ സഹായത്തോടെ കുവൈത്ത് സിറ്റിയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലിക്ക് കേറി. 

കുവൈത്തിലെ ജോലിയും ജീവിതവും തോമസ് ചാണ്ടിയുടെ ജീവിതത്തിന് പുതിയൊരു നിറവും നിലവും നല്‍കി. കുവൈത്തിലെ വ്യക്തിബന്ധങ്ങള്‍ വലുതായി വരുന്നതിനിടെയാണ് അസോസിയേഷന്‍ ഓഫ് ഗള്‍ഫ് കോണ്‍ഗ്രസ് എന്ന സംഘടനയുണ്ടാക്കി തോമസ് ചാണ്ടി രാഷ്ട്രീയ ജീവിതത്തിലെ രണ്ടാമത്തെ ഇന്നിംഗ്സ് ആരംഭിക്കുന്നത്. അസോസിയേഷന്‍ ഓഫ് ഗള്‍ഫ് കോണ്‍ഗ്രസിന്‍റെ പേരില്‍ കുവൈത്തിലേക്ക് കോണ്‍ഗ്രസ് നേതാക്കളെ ക്ഷണിച്ചും അവര്‍ക്ക് ആതിഥ്യമരുളിയും തോമസ് ചാണ്ടി ഉന്നതനേതാക്കളുമായി സൗഹൃദം സൃഷ്ടിച്ചു. വലിയ വലിയ ബന്ധങ്ങളുണ്ടാക്കി. 

അന്നത്തെ കേരളമുഖ്യമന്ത്രി കെ.കരുണാകരനടക്കമുള്ളവരുമായി അടുത്ത ബന്ധമുണ്ടാക്കാൻ തോമസ് ചാണ്ടിക്ക് സാധിച്ചത് അങ്ങനെയാണ്. 1980-കളിലാണ് കുവൈത്തില്‍ സ്കൂള്‍ ബിസിനസ് ആരംഭിക്കുക എന്ന ആശയം സജീവമായത്. കുവൈത്തില്‍ സ്ഥിരതാമസമാക്കിയ മലയാളി കുടുംബങ്ങളിലെ കുട്ടികള്‍കളുടെ വിദ്യാഭ്യാസം ഒരു പ്രശ്നമായി മാറിയത് കണ്ടായിരുന്നു തോമസ് ചാണ്ടിയുടെ ഈ നീക്കം. 

ചില കൂട്ടുകാരുമായി കുവൈത്തില്‍ തോമസ് ചാണ്ടി തുടങ്ങിയ സ്കൂള്‍ ആദ്യവര്‍ഷത്തില്‍ നഷ്ടം വരുത്തി വച്ചു. ഇതോടെ സ്കൂള്‍ നടത്തിപ്പിലെ പങ്കാളിത്തം ഉപേക്ഷിക്കാന്‍ തോമസ് ചാണ്ടിയുടെ കൂട്ടുകാര്‍ തീരുമാനിച്ചു. പക്ഷെ അങ്ങനെയങ്ങ് പിൻമാറാൻ തോമസ് ചാണ്ടി തയ്യാറായിരുന്നില്ല. കൂട്ടുകാരുടെ എല്ലാം ഷെയര്‍ വാങ്ങി തോമസ് ചാണ്ടി സ്കൂള്‍ സ്വന്തമാക്കി. സ്കൂള്‍ ഒരു വിധം നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നതിനിടെയായിരുന്നു ഇടിത്തീയായി കുവൈത്ത് യുദ്ധം വന്നത്. അതോടെ ഉണ്ടാക്കിയതെല്ലാം തോമസ് ചാണ്ടിക്ക് നഷ്ടമായി. 

വെറും കൈയോടെ നാട്ടിലേക്ക് മടങ്ങിയ തോമസ് ചാണ്ടി യുദ്ധം തീര്‍ന്നതോടെ ഭാഗ്യപരീക്ഷണത്തിനായി വീണ്ടും കുവൈത്തിലേക്ക് വിമാനം കയറി. തോമസ് ചാണ്ടിയുടെ തലവര മാറിമറിയുന്നത് കുവൈത്തിലേക്കുള്ള ഈ രണ്ടാം വരവിലാണ്.  ഒന്നിന് പകരം അ‍ഞ്ച് അഞ്ചു സ്കൂളുകള്‍ തുടങ്ങിയ തുടങ്ങി തോമസ് ചാണ്ടി പിന്നെ സൂപ്പർമാർക്കറ്റ്, റെസ്റ്റൊറന്റ് തുടങ്ങി പല വിധ സംരഭങ്ങള്‍ക്ക് തുടക്കമിട്ട് കൊണ്ട് ബിസിനിസ് സാമ്രാജ്യം വികസിപ്പിച്ചു. വാട്ടര്‍ വേള്‍ഡ് ടൂറിസം എന്ന പേരില്‍ കമ്പനിയുണ്ടാക്കി ആലപ്പുഴയില്‍ ലേക്ക് പാലസ് റിസോര്‍ട്ട് ആരംഭിച്ച തോമസ് ചാണ്ടി നാട്ടിലും സാന്നിധ്യമറിയിച്ചു. ഈ കാലയളവിലാണ് കുട്ടനാട്ടുകാരന്‍ തോമസ് ചാണ്ടി നാട്ടുകാരുടെ കുവൈത്ത് ചാണ്ടിയായി മാറുന്നത്. 

പ്രതിസന്ധി കാലത്തും കെ.കരുണാകരനുമായി ബന്ധം സൂക്ഷിച്ച തോമസ് ചാണ്ടി ഇതിനിടയില്‍ കരുണാകരന്‍റെ വിശ്വസ്തനായി മാറിയിരുന്നു. കോണ്‍ഗ്രസിലെ അഭ്യന്തര കലാപത്തിനൊടുവില്‍ കെ കരുണാകരൻ പാര്‍ട്ടി പിളര്‍ത്തി ഡിഐസി കെ  ഉണ്ടാക്കിയപ്പോൾ അണിയറയിൽ നിന്ന് കാര്യങ്ങള്‍ നിയന്ത്രിച്ചത് തോമസ് ചാണ്ടിയായിരുന്നു. 

ഒടുവില്‍ 2006-നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫുമായി ധാരണ ഉണ്ടാക്കി മത്സരിക്കാനിറങ്ങിയ ഡിഐസിക്ക് 18 സീറ്റാണ് കിട്ടിയത് . ആപത്ത് കാലത്ത് കൂടെ നിന്ന തോമസ് ചാണ്ടിയെ ആശ്രിതവത്സലനായ കെ കരുണാകരൻ കൈവിട്ടില്ല. തിവനന്തപുരത്തെ വസതിയിലേക്ക് വിളിച്ചു വരുത്തി ലീഡര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ മത്സരിപ്പിക്കാനുള്ള തീരുമാനം അറിയിച്ചു. 

'താൻ എനിക്കുവേണ്ടി ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ട്. ഈ തെര‍‍ഞ്ഞെടുപ്പില്‍ ഡിഐസിക്ക് കിട്ടിയ സീറ്റുകളില്‍ ഒന്ന് തനിക്ക് തരാൻ പോകുന്നു. എവിടെ മത്സരിക്കാനാണ് താത്പര്യം.. ? ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ സീറ്റില്‍ മത്സരിക്കാനാണ് തനിക്ക് താത്പര്യമെന്നായിരുന്നു തോമസ് ചാണ്ടിയുടെ മറുപടി. രാഷ്ട്രീയത്തെപ്പറ്റി വലതും അറിയാമോടോ എന്ന ശകാരമാണ് തിരിച്ച് കരുണാകരനില്‍ നിന്നും കിട്ടിയത്. 

അമ്പലപ്പുഴ ഹിന്ദു ഭൂരിപക്ഷ മണ്ഡലമാണ്. അവിടെ മത്സരിച്ചാല്‍ ചാണ്ടി എട്ടു നിലയില്‍ പൊട്ടുമെന്നും അതിനാല്‍ ക്രൈസ്തവ ഭൂരിപക്ഷ മണ്ഡലമായ കുട്ടനാട്ടില്‍ പോയി മത്സരിക്കാനും കരുണാകരന്‍ തോമസ് ചാണ്ടിയോട് ഉപദേശിച്ചു. എന്നാല്‍ സിപിഎമ്മുകാരുടെ കോട്ടയായ കുട്ടനാട്ടില്‍ പോയി മത്സരിച്ചാല്‍ ജയിക്കുമോ എന്ന ശങ്കയാണ് തോമസ് ചാണ്ടി ലീഡറോട് തിരിച്ച് ചോദിച്ചത്. സിപിഎം സ്വാധീനമൊക്കെ തോമസ് ചാണ്ടിക്ക് മറികടക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം നൽകിയതും കളമറിഞ്ഞ് പ്രചാരണം നടത്താനുള്ള കരളുറപ്പ് നൽകിയതും കെ കരുണാകരനാണ്.  

ലീഡറുടെ ഉപദേശം സ്വീകരിച്ച തോമസ് ചാണ്ടി കുട്ടനാട്ടിലെ ഡിഐസി സ്ഥാനര്‍ഥിയായി രംഗത്തിറങ്ങി. കാടിളക്കി തന്നെ പ്രചാരണവും നടത്തി. എന്തായാലും ഫലം വന്നപ്പോള്‍ യുഡിഎഫ്-‍ഡിഐസി സഖ്യം എട്ടു നിലയില്‍ പൊട്ടി. തെരഞ്ഞെടുപ്പില്‍ മത്സരിച്ച 18 ഡ‍ിഐസി സ്ഥാനാര്‍ത്ഥികളില്‍ ജയിച്ചത് തോമസ് ചാണ്ടി മാത്രം. ചാണ്ടി ആദ്യം മത്സരിക്കാന്‍ ഉന്നമിട്ട അമ്പലപ്പുഴയില്‍ ജി.സുധാകരന്‍ ജയിച്ചു. 

മത്സരിക്കും മുമ്പേ 'മന്ത്രി'

തെര‍ഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ടതോടെ കെ.കരുണാകരന്‍റേയും കെ.മുരളീധരന്‍റേയും രാഷ്ട്രീയജീവിതം പ്രതിസന്ധിയിലായി. ഡിഐസിക്ക് ഭാവിയില്ലെന്ന് കണ്ടതോടെ കരുണാകരനും മുരളിയും കൂടി ഡിഐസിയെ എന്‍സിപിയില്‍ ലയിപ്പിച്ചു. ഇതോടെ തോമസ് ചാണ്ടി എന്‍സിപിയുടെ എംഎല്‍എയായി. എന്‍സിപിയിലൂടെ ഇടതുപക്ഷത്തിലേക്ക് എത്തുക എന്നതായിരുന്നു ലയനത്തിലൂടെ കരുണാകരന്‍ ലക്ഷ്യമിട്ടത്. എന്നാല്‍ വിഎസ് അച്യുതാനന്ദന്‍ ഉയര്‍ത്തിയ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് എന്‍സിപിയെ എല്‍ഡിഎഫില്‍ നിന്നും പുറത്താക്കി. 

എന്‍സിപിയില്‍ കുറച്ചു കാലം തുടര്‍ന്ന് കെ.മുരളീധരന്‍ പിന്നെ ആ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക് മടങ്ങി ഇതിനോടകം കെ.കരുണാകരനും അന്തരിച്ചിരുന്നു. മുരളീധരന്‍ വിട്ട് പോയെങ്കിലും തോമസ് ചാണ്ടി എന്‍സിപിക്കാരനായി തുടര്‍ന്നു. ഇതിനോടകം കുട്ടനാട്ടുകാരുടെ കുവൈത്ത് ചാണ്ടിയായി പേരെടുത്ത തോമസ് ചാണ്ടി 2011-ലും കുട്ടനാട്ടില്‍ വിജയം ആവര്‍ത്തിച്ചു. 

2016-നിയമസഭാ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ തുടര്‍ച്ചയായി രണ്ടു തവണ എംഎല്‍എയായ തോമസ് ചാണ്ടിക്ക് ഇനി സീറ്റ് നല്‍കേണ്ടന്ന നിലപാടിലായിരുന്നു സിപിഎം ജില്ലാ നേതൃത്വം. കുട്ടനാട് സീറ്റ് പാർട്ടി ഏറ്റെടുക്കണമെന്ന് ജില്ലാക്കമ്മിറ്റി പ്രമേയവും പാസ്സാക്കി. എം.എൽ.എ ഏറിയ സമയവും ഗൾഫിലാണെന്നും മണ്ഡലം ശ്രദ്ധിക്കുന്നില്ലെന്നുമായിരുന്നു സിപിഎമ്മുകാരുടെ ആക്ഷേപം. സിറ്റിംഗ് എംഎല്‍എ സ്ഥലത്തിലാത്ത അവസ്ഥ അംഗീകരിക്കാനാവില്ലെന്നായിരുന്നു സിപിഎം പ്രാദേശിക നേതൃത്വത്തിന്‍റെ നിലപാട്. 

സിപിഎമ്മിന്‍റെ നീക്കം മണത്തറിഞ്ഞ തോമസ് ചാണ്ടി നാട്ടില്‍ തിരിച്ചെത്തി സീറ്റുറപ്പിക്കാനുള്ള കരുനീക്കങ്ങള്‍ സജീവമാക്കി. കുട്ടനാട്ടിലെ വീട്ടില്‍ തിരിച്ചെത്തിയ തോമസ് ചാണ്ടി തന്നെ കാണാനെത്തിയ മാധ്യമങ്ങളോട് ഇങ്ങനെ പറ‍ഞ്ഞു - കുട്ടനാട്ടില്‍ ഇക്കുറിയും ഞാന്‍ തന്നെ മത്സരിക്കും, ജയിക്കും. എന്നിട്ട് മന്ത്രിയുമാകും. തോമസ് ചാണ്ടിയുടെ പ്രതികരണം കേട്ട് മാധ്യമപ്രവര്‍ത്തകര്‍ പാതി തമാശയായും കാര്യമായും നിയുക്ത മന്ത്രിക്ക് ഏത് വകുപ്പായിരിക്കും കിട്ടുക എന്നു കൂടി ചോദിച്ചു. അതിനുള്ള ഉത്തരവും ഉടനെ തോമസ് ചാണ്ടി നല്‍കി - ജലവിഭവം. 

വെള്ളത്തില്‍ ജീവിക്കുന്ന കുട്ടനാട്ടുകാര്‍ക്ക് വല്ല ഗുണവും കിട്ടണമെങ്കില്‍ സ്ഥലം എംഎല്‍എയായ താന്‍ ജലവിഭവ് വകുപ്പ് മന്ത്രിയാവണം എന്നായിരുന്നു തോമസ് ചാണ്ടിയുടെ അഭിപ്രായം. എന്തായാലും തോമസ് ചാണ്ടിയുടെ ഈ പ്രഖ്യാപനം അന്നു വലിയ  കോളിളക്കമുണ്ടാക്കി. ആത്മവിശ്വാസം തോമസ് ചാണ്ടിക്ക് തിരിച്ചടിയാകുമെന്ന് പൊതുവില്‍ നിരീക്ഷണം ഉയര്‍ന്നെങ്കിലും കുട്ടനാട്ടുകാര്‍ അവരുടെ കുവൈത്ത് ചാണ്ടിയെ കൈവിട്ടില്ല. തോമസ് ചാണ്ടി മൂന്നാം വട്ടവും ജയിച്ച് എംഎല്‍എയായി. പിന്നെ മന്ത്രിയുമായി, പക്ഷേ വകുപ്പ് ജലവിഭവത്തിന് പകരം ഗതാഗതമായെന്ന് മാത്രം. 

Follow Us:
Download App:
  • android
  • ios