മലബാറില്‍ വേരൂന്നിയ മുസ്‍ലിം ലീഗിനെ മധ്യകേരളത്തിലേക്ക് പടര്‍ത്താന്‍ ഓടിനടന്ന് പ്രവര്‍ത്തിച്ച കൊങ്ങോര്‍പള്ളിക്കാര്‍ വി.കെ. ഇബ്രാംഹിം കുഞ്ഞ്. തട്ടകം എറണാകുളമാണെങ്കിലും പാണക്കാട് കുടുംബത്തിന്‍റെ വിശ്വസ്തന്‍.
മലപ്പുറം: മുസ്‍ലിം ലീഗിലെ ജനകീയനായ വി. കെ. ഇബ്രാഹിം കുഞ്ഞ് തെക്കന്‍ കേരളത്തിലേക്ക് പാര്‍ട്ടിയെ വളര്‍ത്താന്‍ മുന്നില്‍ നിന്ന നേതാവായിരുന്നു. യുഡിഎഫ് മന്ത്രിസഭയില്‍ 2 തവണ മന്ത്രിയായി. പൊതുമരാമത്ത് വകുപ്പില്‍ എടുത്തുപറയാന്‍ സാധിക്കുന്ന പലമാറ്റങ്ങളുമുണ്ടായത് ഇബ്രാഹിം കുഞ്ഞിന്‍റെ കാലത്തായിരുന്നു. സാധാരണക്കാരായ ജനങ്ങള്‍ ഏതൊരാവശ്യത്തിനും നേരിട്ട് സമീപിച്ചിരുന്ന രാഷ്ട്രീയക്കാരനെയാണ് നഷ്ടമാകുന്നത്.
മലബാറില്‍ വേരൂന്നിയ മുസ്‍ലിം ലീഗിനെ മധ്യകേരളത്തിലേക്ക് പടര്‍ത്താന്‍ ഓടിനടന്ന് പ്രവര്‍ത്തിച്ച കൊങ്ങോര്‍പള്ളിക്കാര്‍ വി.കെ. ഇബ്രാഹിം കുഞ്ഞ്. തട്ടകം എറണാകുളമാണെങ്കിലും പാണക്കാട് കുടുംബത്തിന്‍റെ വിശ്വസ്തന്‍. മലപ്പുറമുള്‍പ്പെടെ വടക്കന്‍ കേരളത്തിന് പുറത്ത് സമുദായ പാര്‍ട്ടി എന്ന ലേബലില്‍ അറിയപ്പെട്ട മുസ്ലിം ലീഗിന് രാഷ്ട്രീയ സ്വാധീനമുണ്ടെന്നും ചെറുപ്പക്കാരെയുള്‍പ്പെടെ ആകര്‍ഷിക്കാന്‍ കഴിയുമെന്നും ഇബ്രാഹിം കുഞ്ഞ് കഠിനാധ്വാനത്തിലൂടെ തെളിയിച്ചു. എംഎസ്എഫിന്‍റെ ഭാഗമായി വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയായിരുന്നു തുടക്കം. മുന്‍പും ലീഗ് സ്ഥാനാര്‍ഥികളെ ജയിപ്പിച്ച പഴയ മട്ടാഞ്ചേരിയില്‍ നിന്ന് ജനവിധി തേടിയാണ് വി.കെ. ഇബ്രാഹിം കുഞ്ഞ് ആദ്യമായി പാര്‍ലമെന്‍ററി രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവയ്ക്കുന്നത്.
2001ല്‍ പന്ത്രണ്ടായിരത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷത്തിനായിരുന്നു ആദ്യ ജയം. എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ടേമിന്‍റെ അവസാന ഒരു വര്‍ഷം മന്ത്രിയാകാനുള്ള അപ്രതീക്ഷിത നിയോഗം കൂടി ഇബ്രാഹിം കുഞ്ഞിനെ തേടിയെത്തി. ഐസ്ക്രീം പാര്‍ലര്‍ കേസില്‍ കുരുങ്ങി പി. കെ. കുഞ്ഞാലിക്കുട്ടി രാജിവച്ച് ഒഴിഞ്ഞപ്പോള്‍ ലീഗില്‍ തന്നെ തലമുതിര്‍ന്ന നേതാക്കളുണ്ടായിട്ടും അവസരം വന്ന് വീണത് അന്ന് ജൂനിയറായിരുന്ന ഇബ്രാഹിം കുഞ്ഞിനായിരുന്നു. 2006ല്‍ ഭൂരിപക്ഷമുയര്‍ത്തി വീണ്ടും മട്ടാഞ്ചേരിയെ നിയമസഭയില്‍ പ്രതിനിധീകരിച്ച് മട്ടാഞ്ചേരിയുടെ അവസാന എംഎല്‍എയായി ഇബ്രാഹിം കുഞ്ഞ്.
മട്ടാഞ്ചേരി കൊച്ചി നിയമസഭ മണ്ഡലത്തിന്‍റെ ഭാഗമായതോടെ അന്ന് പുതുതായി രൂപീകരിച്ച കളമശ്ശേരി മണ്ഡലത്തിലേക്ക് കളം മാറ്റി. തുടര്‍ന്നുള്ള രണ്ട് നിയമസഭാ തെരഞ്ഞടുപ്പുകളിലും കളമശ്ശേരിയില്‍ യുഡിഎഫിന് മറ്റൊരു പേരുണ്ടായിരുന്നില്ല. 2011 മുതല്‍ 2016വരെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രിയായി പ്രവര്‍ത്തിക്കാന്‍ അവസരവും വി. കെ. ഇബ്രാഹിം കുഞ്ഞിനെ തേടിയെത്തി. പതിറ്റാണ്ടുകള്‍ പഴക്കമുള്ള പൊതുമരാമത്ത് മാനുവല്‍ പരിഷ്കരണവും നിര്‍മാണ പ്രവര്‍ത്തികള്‍ സുഗമമായി നടത്താനുള്ള ഇ-ടെന്‍ഡറുകളും ഇ പെയ്മെന്‍റുകളും നടപ്പിലാക്കലുമെല്ലാം ആ കാലഘട്ടത്തിലായിരുന്നു.
രാസമാലിന്യങ്ങളുടെ വിഷപ്പുക ശ്വസിക്കുന്ന കൊച്ചിയിലെ കളമശ്ശേരിയടക്കമുള്ള പ്രദേശങ്ങളില്‍ വ്യവസായ മേഖലയിലെ മാലിന്യ നിര്‍മാര്‍ജനത്തിന് വിദഗ്ധരുടെ സഹകരണത്തോടെ പദ്ധതി രൂപീകരിക്കാന്‍ മുന്നില്‍ നിന്നു വി. കെ. ഇബ്രാഹിം കുഞ്ഞ്. കളമശ്ശേരിയിലെ നാഷണല്‍ യൂണിവേര്‍സിറ്റി ഓഫ് അഡ്വാന്‍സ് ലീഗല്‍ സ്റ്റഡീസ് സ്ഥിതിചെയ്യുന്ന പത്ത് ഏക്കറോളം ഭൂമി കിന്‍ഫ്രയില്‍ നിന്ന് സൗജന്യമായി ഏറ്റെടുത്ത് നല്‍കാനും ഇബ്രാഹിം കുഞ്ഞിന് സാധിച്ചു.
400 ദിവസത്തിനുള്ളില്‍ കേരളത്തില്‍ നാന്നൂറ് പാലങ്ങള്‍ നിര്‍മിക്കുകയെന്ന ആരും ഏറ്റെടുക്കാത്ത വെല്ലുവിളിയും ഇബ്രാഹിം കുഞ്ഞ് ഏറ്റെടുത്തു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ പോലും സ്വാധീനിച്ച പാലാരിവട്ടം പാലം അഴിമതിക്കേസില്‍ പ്രതിയായത് ഇബ്രാഹിം കുഞ്ഞിന്‍റെ രാഷ്ട്രീയ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തി. കേസില്‍ റിമാന്‍ഡില്‍ കഴിയേണ്ടിവന്നു. അപ്പോഴേക്കും ശ്വാസകോശ അര്‍ബുദം ഇബ്രാഹിം കുഞ്ഞിന്‍റെ ആരോഗ്യനില വഷളാക്കിയിരുന്നു. സാധാരണക്കാരില്‍ സാധാരണക്കാരായ വോട്ടര്‍മാര്‍ക്ക് ഏതൊരാവശ്യത്തിനും നേരിട്ട് സമീപിക്കാവുന്ന ജനങ്ങള്‍ക്കിടയില്‍ നിന്ന് വളര്‍ന്ന നേതാവിനെയാണ് നഷ്ടമാകുന്നത്.


