തിരുവനന്തപുരം: പൊലീസ് മേധാവിക്ക് ഉപയോഗിക്കാൻ കഴിയുന്ന തുക അഞ്ച് കോടി രൂപയായി ഉയർത്തി. പൊലീസ് നവീകരണത്തിനുള്ള ഫണ്ടിന്റെ പരിധിയാണ് കുത്തനെ ഉയർത്തിയത്. നിലവിൽ ഇത് രണ്ട് കോടി രൂപയായിരുന്നു. ഡിജിപി ലോക്നാഥ് ബെഹ്റയുടെ തുടർച്ചയായുള്ള ആവശ്യപ്രകാരമാണ് ഫണ്ട് ഉയർത്തിയത്.

ജനുവരി 18 നാണ് ഇത് സംബന്ധിച്ച ഉത്തരവിറങ്ങിയത്. പൊലീസ് നവീകരണത്തിന് കീഴിലെ പദ്ധതിക്കാണ് തുക ഉയര്‍ത്തിയതെന്ന് ഉത്തരവില്‍ പറയുന്നു. പൊലീസിന്‍റെ നവീകരണവുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ നടന്നുവെന്ന സിഎജി റിപ്പോര്‍ട്ട് അടക്കം പുറത്തുവന്നതിന് പിന്നാലെയാണ് ഡിജിപിക്ക് ചെലവഴിക്കാവുന്ന തുക ഉയര്‍ത്തിക്കൊണ്ടുള്ള ഉത്തരവും പുറത്തുവരുന്നത്. സിഎജി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് രണ്ട് ആഴ്ച മുമ്പാണ് തുക ഉയര്‍ത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്.