തിരുവനന്തപുരം: മലയണ്ണാനെ പകരം നൽകി നെയ്യാർ സഫാരി പാർക്കിലേക്ക് ഗുജറാത്തിൽ നിന്ന് കൊണ്ടുവന്ന രണ്ട് സിംഹങ്ങളിലൊന്ന് ചത്തു. ആറരവയസ്സുള്ള ഏഷ്യൻ പെൺ സിംഹമാണ് ചത്തത്. അണുബാധയാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.

ഗുജറാത്തിലെ സക്കർബർഗ് മൃഗശാലയിൽ നിന്നുള്ള രണ്ട് ഏഷ്യൻ സിംഹങ്ങളെ ഓഗസ്റ്റ് 18 നാണ് കേരളത്തിലെത്തിച്ചത്. സൂ അതോററ്റി ഓഫ് ഇന്ത്യയുടെ അനുമതിയോടെ രണ്ട് മലയണ്ണാനുകളെ പകരം നൽകിയാണ് കേരളം രണ്ട് സിംഹങ്ങളെ സ്വന്തമാക്കിയത്. നെയ്യാർ സഫാരി പാർക്കിൽ കൂടുകൾ തയ്യാറായിട്ടില്ലാത്തിനാൽ തിരുവനന്തപുരം മൃഗശാലയിലാണ് ഇവയെ പാർപ്പിച്ചിരുന്നത്. പെൺസിംഹമായ രാധ ആദ്യം മുതലേ ക്ഷിണിതയായിരുന്നുവെന്നാണ് മൃഗശാല അധികൃതർ പറയുന്നത്. ആഹാരം കഴിച്ചിരുന്നില്ല.

രാധയ്ക്കൊപ്പം കൊണ്ടുവന്ന പത്ത് വയസ്സുള്ള ആൺസിംഹം നാഗരാജൻ പൂർണ ആരോഗ്യവാനാണ്. കൂട് നിർമാണം കഴിഞ്ഞാൽ നാഗരാജനെ ഉടൻ നെയ്യാർ സഫാരി പാർക്കിലേക്ക് മാറ്റും. നിലവിൽ 17 വയസ്സുള്ള ഒരു പെൺസിംഹം മാത്രമാണ് സഫാരി പാർക്കിലുള്ളത്. സിംഹങ്ങളുടെ എണ്ണം കുറഞ്ഞോതോടെ സഫാരി പാർക്കിലേക്ക് വിനോദ സഞ്ചാരികൾ വരുന്നതും കാര്യമായി കുറഞ്ഞിരുന്നു.