മെസ്സിയെ കേരളത്തിൽ കൊണ്ടുവരാനെന്ന പേരിൽ നടന്ന തട്ടിപ്പിൽ മുൻ മന്ത്രി വി അബ്ദുറഹ്മാൻ ഉൾപ്പെടെയുള്ളവർക്കെതിരെ അഴിമതി നിരോധന വകുപ്പ് ചുമത്താൻ സാധ്യത. അഴിമതി കേസെടുക്കുന്നതിൽ ഡിജിപിയുമായും എസ്ഐടി തലവൻ പി വിജയനുമായും ആഭ്യന്തര ചർച്ചകള്‍ നടത്തി.
തിരുവനന്തപുരം: ഫുട്ബോൾ താരം ലയണൽ മെസ്സിയെയും അർജൻ്റീന ടീമിനെയും കേരളത്തിൽ കൊണ്ടുവരാനെന്ന പേരിൽ സംസ്ഥാനത്ത് നടന്ന തട്ടിപ്പിൽ അഴിമതി തടയൽ വകുപ്പ് ചുമത്തുന്ന കാര്യത്തിൽ സർക്കാർ തീരുമാനം ഉടൻ. മുൻ മന്ത്രി അബ്ദുറഹ്മാനെതിരെ ഉള്‍പ്പെടെ വിജിലൻസ് കേസെടുക്കണമെന്ന എസ്ഐടി റിപ്പോർട്ട് ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് നൽകിയിരുന്നു. ഈ റിപ്പോർട്ട് ആഭ്യന്തരവകുപ്പ് മന്ത്രിയുടെ ഓഫീസിന് കൈമാറിയിട്ടുണ്ട്. അഴിമതി കേസെടുക്കുന്നതിൽ ഡിജിപിയുമായും എസ്ഐടി തലവൻ പി വിജയനുമായും ആഭ്യന്തര ചർച്ചകള്‍ ഇതിനകം നടത്തിയിട്ടുണ്ട്. വി അബ്ദുറഹ്മാൻ, പ്രൈവറ്റ് സെക്രട്ടറി സത്യപാലൻ, സ്പോർട്സ് കൗണ്‍സിൽ മുൻ പ്രസിഡൻ്റ് യു ഷറഫലി എന്നിവരെ പ്രതിയാക്കി എസ്ഐടി മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ റിപ്പോർട്ട് നൽകും.
തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക സംഘം കഴിഞ്ഞ ദിവസം ഡിജിപിക്ക് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. അഴിമതി നിരോധന വകുപ്പ് കൂടി ചുമത്തി അന്വേഷണം വേണമെന്നാണ് അന്വേഷണ സംഘത്തിന്‍റെ ശുപാർശ. മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരാനെന്ന പേരിൽ നടന്നത് ചട്ടലംഘനങ്ങൾ ആണെന്നും വിദേശ യാത്ര വഴി സർക്കാരിന് നേട്ടമുണ്ടായില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. പേഴ്സൺ സറ്റാഫ് അംഗങ്ങളുടെ കത്തിടപാടുകൾ സെക്രട്ടറിയേറ്റ് മാനുവലിന് വിരുദ്ധമാണെന്നും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റ് കമ്പനിക്ക് വഴിവിട്ട സഹായം നൽകിയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അഴിമതി നിരോധന വകുപ്പ് പ്രകാരം അന്വേഷണം വേണമെന്നാണ് എസ്ഐടിയുടെ ആവശ്യം. പ്രത്യേകം കേസെടുക്കണോ എന്നത് ഡിജിപി പരിശോധിക്കും.
