വടകര ഗസ്റ്റ് ഹൗസില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയ മന്ത്രി പി എ മുഹമ്മദ് റിയാസ് ഗസ്റ്റ് ഹൗസ് വളപ്പില്‍ നിന്ന് മദ്യക്കുപ്പി കണ്ടെത്തുകയായിരുന്നു. 

വടകര: പൊതുമരാമത്ത് വകുപ്പിന്റെ ഗസ്റ്റ് ഹൗസ് (PWD Guest house) പരിസരത്ത് ഒഴിഞ്ഞ മദ്യക്കുപ്പി (Liquor bottle) കണ്ടെത്തിയ സംഭവത്തില്‍ പുറത്താക്കിയ വാച്ചര്‍മാരെ തിരിച്ചെടുത്തു. കഴിഞ്ഞ നവംബര്‍ 27നാണ് സംഭവം. വടകര ഗസ്റ്റ് ഹൗസില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയ മന്ത്രി പി എ മുഹമ്മദ് റിയാസ് ഗസ്റ്റ് ഹൗസ് വളപ്പില്‍ നിന്ന് മദ്യക്കുപ്പി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നൈറ്റ് വാച്ചര്‍മാരെ പുറത്താക്കി. നൈറ്റ് വാച്ചര്‍മാരുടെ മേല്‍ കുറ്റമാരോപിച്ച് പിരിച്ചുവിട്ടതില്‍ വ്യാപക വിമര്‍ശനമുണ്ടായിരുന്നു. തുടര്‍ന്നാണ് ഇവരെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്.

20 വര്‍ഷമായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന പി.കെ. പ്രകാശന്‍, സി.എം. ബാബു എന്നിവരെയാണ് മന്ത്രിയുടെ സന്ദര്‍ശനത്തിന് പിന്നാലെ പുറത്താക്കിയത്. കെട്ടിടത്തിന് പിറകില്‍ കൂട്ടിയിട്ട മാലിന്യത്തിലാണ് മന്ത്രി ഒഴിഞ്ഞ മദ്യക്കുപ്പികള്‍ കണ്ടെത്തിയത്. ഇതേ വളപ്പില്‍ ആര്‍ഡിഒ ഓഫിസും പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഗസ്റ്റ് ഹൗസിലെ ജീവനക്കാര്‍ക്കെതിരെ മാത്രം നടപടിയെടുത്തതിനെതിരെയും ചോദ്യമുയര്‍ന്നിരുന്നു.