Asianet News MalayalamAsianet News Malayalam

മദ്യവില കൂട്ടാന്‍ ബെവ്കോ; 'അടിസ്ഥാന വില ഏഴ് ശതമാനം ഉയര്‍ത്തണം', സര്‍ക്കാരിന്‍റെ അനുമതി തേടി

മദ്യം ഉത്പാദിപ്പിക്കുന്നതിനുള്ള എക്സട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്‍റെ (സ്പിരിറ്റ്) വില കണക്കിലെടുത്താണ് ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യം വാങ്ങുന്നതിനുള്ള കരാര്‍ ഉറപ്പിക്കുന്നത്.

liquor price may increase
Author
trivandrum, First Published Jan 5, 2021, 3:51 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില കൂട്ടാന്‍ വഴിയൊരുങ്ങുന്നു. നിര്‍മ്മാതാക്കളില്‍ നിന്നും വാങ്ങുന്ന മദ്യത്തിന് അടിസ്ഥാന വിലയില്‍ 7 ശതമാനം വര്‍ദ്ധനയുണ്ടാകും. ബെവ്കോയുടെ തീരുമാനം സര്‍ക്കാര്‍ ഉടന്‍ അംഗീകരിക്കുമെന്നാണ് സൂചന. ആനുപാതികമായി നികുതിയും കൂടുന്നതോടെ മദ്യത്തിന് ലിറ്ററിന് കുറഞ്ഞത് നൂറു രൂപയെങ്കിലും  വില വര്‍ദ്ധന ഉറപ്പായി.

മദ്യം ഉത്പാദിപ്പിക്കുന്നതിനുള്ള എക്സട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്‍റെ (സ്പിരിറ്റ്) വില കണക്കിലെടുത്താണ് ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യം വാങ്ങുന്നതിനുള്ള കരാര്‍ ഉറപ്പിക്കുന്നത്. സ്പിരിറ്റിന് ലിറ്ററിന് 35 രൂപ വിലയുണ്ടായിരുന്നപ്പോള്‍ ഉറപ്പിച്ച ടെണ്ടറനുസരിച്ചാണ് ഇപ്പോഴും ബെവ്കോക്ക് മദ്യം ലഭിക്കുന്നത്. എന്നാല്‍ സ്പിരിറ്റിന് ലിറ്ററിന് 60 രൂപ കടന്നിട്ടും കമ്പനികളില്‍ നിന്നും വാങ്ങുന്ന മദ്യത്തിന് വില കൂട്ടിയിരുന്നില്ല. 

വിതരണക്കാരുടെ തുടര്‍ച്ചയായ നിവേദനങ്ങളുടെ പശ്ചാത്തലത്തില്‍ പോയവര്‍ഷം രണ്ട് തവണ ടെണ്ടര്‍ പുതുക്കാന്‍ നടപടി തുടങ്ങിയെങ്കിലും കൊവിഡ് കണക്കിലെടുത്ത് നീട്ടിവെയ്ക്കുകയായിരുന്നു. അതിനിടെ കൊവിഡ് കാലത്തെ വരുമാന നഷ്ടം കണക്കിലെടുത്ത് മദ്യത്തിന്‍റെ എക്സൈസ് നികുതി 35 ശതമാനം ഉയര്‍ത്തുകയും ചെയ്തു. 

കഴിഞ്ഞ ദിവസം ചേര്‍ന്ന ബെവ്കോ ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് വിതരണക്കാരില്‍ നിന്നും മദ്യം വാങ്ങുന്നതിനുള്ള അടിസ്ഥാന വിലയില്‍ 7 ശതമാനം വര്‍ദ്ധനക്ക് തീരുമാനമെടുത്തത്. നയപരമായ കാര്യമായതിനാല്‍ അന്തിമ തീരുമാനം സര്‍ക്കാരിന് വിട്ടിരിക്കുകയാണ്. ആനുപാതിക നികുതി വര്‍ദ്ധന കണക്കിലെടുക്കുമ്പോള്‍ ലിറ്ററിന് കുറഞ്ഞത് 100 രൂയുടെ വര്‍ദ്ധന ഉണ്ടാകും. ഇതും ഉപഭാക്താവ് വഹിക്കേണ്ടി വരും.

Follow Us:
Download App:
  • android
  • ios