തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില ഉയര്‍ത്തിക്കൊണ്ടുള്ള പ്രഖ്യാപനം ഉടനുണ്ടായേക്കും. ബജറ്റില്‍ മദ്യവില ഉയര്‍ത്തിയുള്ള പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. കൊവിഡ് സാമ്പത്തിക പ്രസിസന്ധി രൂക്ഷമായുപ്പോഴും മദ്യവില കൂട്ടിയിരുന്നു. ഇതിന് പിന്നാലെ മറ്റൊരു വര്‍ധന കൂടി വരുന്നതോടെ 'കുടി' തുടര്‍ന്നാല്‍ പോക്കറ്റ് കാലിയാകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തുക.

ഇപ്പോള്‍ എന്തിനാണ് മദ്യവില വര്‍ധിപ്പിക്കുന്നത്?

സര്‍ക്കാര്‍ സാമ്പത്തിക പ്രതിന്ധിയിലാകുമ്പോഴെല്ലാം മദ്യവിലയിലാണ് അതിന്‍റെ പ്രതിഫലനമുണ്ടാവുക. സംസ്ഥാന സര്‍ക്കാരിന് നേരിട്ട് ഏറ്റവും അധികം വരുമാനം ലഭിക്കുന്ന മേഖലകളിലൊന്നാണ് മദ്യവില്‍പ്പന. എന്നാല്‍, ഇപ്പോള്‍ സര്‍ക്കാരിന്‍റെ പ്രതിസന്ധികളല്ല, മദ്യവില ഉയര്‍ത്താനുള്ള കാരണം.

സര്‍ക്കാര്‍ പലപ്പോഴായി വില വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും അതിന്‍റെ ഗുണം മദ്യക്കമ്പനികള്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ല. 2013–14ലെ ടെൻഡര്‍ പ്രകാരമുള്ള ഇടപാടാണ് മദ്യക്കമ്പനികളും സര്‍ക്കാരും തമ്മില്‍ ഇപ്പോഴും നില്‍ക്കുന്നത്. മദ്യം ഉത്പാദിപ്പിക്കുന്നതിനുള്ള എക്സട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്‍റെ (സ്പിരിറ്റ്) വില കണക്കിലെടുത്താണ് ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യം വാങ്ങുന്നതിനുള്ള കരാര്‍ ഉറപ്പിക്കുന്നത്.

സ്പിരിറ്റിന് ലിറ്ററിന് 35 രൂപ വിലയുണ്ടായിരുന്നപ്പോള്‍ ഉറപ്പിച്ച ടെന്‍ഡര്‍ അനുസരിച്ചാണ് ഇപ്പോഴും ബെവ്കോക്ക് മദ്യം ലഭിക്കുന്നത്. എന്നാല്‍ സ്പിരിറ്റിന് ലിറ്ററിന് 60 രൂപ കടന്നിട്ടും കമ്പനികളില്‍ നിന്നും വാങ്ങുന്ന മദ്യത്തിന് വില കൂട്ടിയിരുന്നില്ല.

ഇതോടെ മദ്യ നിര്‍മ്മിക്കുന്നതിന് കൂടുതല്‍ ചെലവാണ് മദ്യക്കമ്പനികള്‍ക്ക് ഉണ്ടാവുന്നത്. ഏറെ നാളായി വില വര്‍ധിപ്പിക്കണമെന്ന് കമ്പനികള്‍ ആവശ്യപ്പെട്ടു വരികയായിരുന്നു. കൊവിഡ് പ്രതിസന്ധി കമ്പനികളെയും ബാധിച്ചതോടെ ഈ ആവശ്യം കൂടുതല്‍ ശക്തമാവുകയും ചെയ്തു.

മന്ത്രി പറഞ്ഞത്

സംസ്ഥാനത്ത് മദ്യത്തിന് വില കൂട്ടേണ്ടി വരുമെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അടിസ്ഥാന വിലയില്‍ ഏഴ് ശതമാനം വില വര്‍ധനയെന്ന നിര്‍ദേശമാണിപ്പോൾ കിട്ടിയിട്ടുള്ളത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ബിവറേജസ് കോര്‍പറേഷനെടുക്കും. അസംസ്കൃത വസ്തുക്കളുടെ വില കൂടിയ സാഹചര്യത്തിലാണ് പുതിയ നീക്കമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

എത്ര കൂടും?

മദ്യ വിലയ്ക്കൊപ്പം ആനുപാതികമായി നികുതിയും കൂടുന്നതോടെ മദ്യത്തിന് ലിറ്ററിന് കുറഞ്ഞത് നൂറു രൂപയെങ്കിലും വില വര്‍ദ്ധന ഉറപ്പായി. ബെവ്കോ ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് വിതരണക്കാരില്‍ നിന്ന് മദ്യം വാങ്ങുന്നതിനുള്ള അടിസ്ഥാന വിലയില്‍ ഏഴ് ശതമാനം വര്‍ദ്ധനക്ക് തീരുമാനമെടുത്തത്.