തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കിൽ മദ്യം നൽകാമെന്ന നിര്‍ദ്ദേശവുമായി എക്സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ട്. മദ്യാസക്തിയുള്ളവർക്ക് സർക്കാർ ഡോക്ടർമാർ കുറിപ്പടി നൽകിയാൽ മദ്യം നൽകാമെന്നാണ് എക്സൈസ് കമ്മീഷണര്‍ പറയുന്നത്. ഡോക്ടറുടെ കുറിപ്പടി അടുത്തുള്ള എക്സൈസ് ഓഫീസിൽ നൽകണം. എക്സൈസ് ഉദ്യോഗസ്ഥർ ബിററേജസിൽ നിന്നും മദ്യം വാങ്ങാൻ അനുമതി നൽകും.

എക്സൈസ് കമ്മീഷണര്‍ കരട് നിർദ്ദേശം സർക്കാരിന് നൽകും. ശുപാർശക്ക് ആരോഗ്യ- നിയമവകുപ്പുകളുടെ അംഗീകാരം വേണം. മദ്യം കിട്ടാത്തതിന്‍റെ മനോ വിഭ്രാന്തി ഉള്ളവര്‍ക്ക് ഡോക്ടറുടെ കുറിപ്പടിയോടെ മദ്യം നൽകുന്ന കാര്യം ആലോചിക്കാമെന്ന് കഴിഞ്ഞ ദിവസം  മുഖ്യമന്ത്രി പറഞ്ഞിരുന്നു. 

മദ്യം പെട്ടെന്ന് കിട്ടാതായതോടെ മനോ വിഭ്രാന്തിയിൽ അകപ്പെടുകയും ആത്മഹത്യക്ക് ശ്രമിക്കുകയും എല്ലാം ചെയ്യുന്നവരെ കുറിച്ചുള്ള വാര്‍ത്തകൾ നിരന്തരം പുറത്ത് വരുന്നുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് കൂടിയാണ് മുഖ്യമന്ത്രി ഇത്തരമൊരു നിര്‍ദ്ദേശം നൽകിയത്. 

തീരുമാനത്തിനെതിരെ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ അടക്കം നിരവധിപേര്‍ രംഗത്തെത്തി. ഡോക്ടറുടെ കുറിപ്പടിയോടെ മദ്യം നൽകാൻ സർക്കാർ ഉത്തരവിറക്കിയാൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് ടി.എൻ.പ്രതാപൻ എം എൽ എ മുന്നറിയിപ്പ് നൽകി