ജൂൺ 30നാണ് നിലവിലെ പോലീസ് മേധാവി വിരമിക്കുന്നത്. പൊലീസ് മേധാവി ആകാൻ സീനിയോറിറ്റി അനുസരിച്ച് സംസ്ഥാന സർക്കാർ തയ്യാറാക്കിയ പട്ടികയിൽ ഉള്ളത് 6 പേരാണ്. 

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ എം.ആർ. അജിത്കുമാറിന് സർക്കാർ ക്ളീൻ ചിറ്റ് നൽകിയതോടെ അടുത്ത സംസ്ഥാന പോലീസ് മേധാവി ആരാകും എന്ന ആകാംക്ഷ കൂടി. സംസ്ഥാനം തയ്യാറാക്കിയ ആറ് പേരുടെ പട്ടികയിൽ ആറാമൻ ആണ് അജിത്കുമാർ. ജൂൺ 30നാണ് നിലവിലെ പോലീസ് മേധാവി വിരമിക്കുന്നത്. പൊലീസ് മേധാവി ആകാൻ സീനിയോറിറ്റി അനുസരിച്ച് സംസ്ഥാന സർക്കാർ തയ്യാറാക്കിയ പട്ടികയിൽ ഉള്ളത് 6 പേരാണ്. 

ഒന്നാമൻ റോഡ് സേഫ്റ്റി കമ്മീഷണർ നിധിൻ അഗർവാൾ. 90 ബാച്ച് ഉദ്യോഗസ്ഥൻ. 2026ൽ വിരമിക്കും. ബിഎസ്എഫ് മേധാവി സ്ഥാനത്തു നിന്നു കാലാവധി പൂര്‍ത്തിയാകും മുൻപേ കേന്ദ്രം പെട്ടെന്ന് സംസ്ഥാന കേഡറിലേക്ക് തിരിച്ചയക്കുകയായിരുന്നു. സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഡിജിപിയും ഇദ്ദേഹം തന്നെ. രണ്ടാമൻ റവാഡ ചന്ദ്ര ശേഖർ. 91 ബാച്ചുകാരനാണ്. 2026 ഇൽ വിരമിക്കും. നിലവിൽ കേന്ദ്ര ഇന്‍റലിജൻസ് ബ്യൂറോയിൽ സ്പെഷ്യൽ ഡയറക്ടർ. 2026 ൽ വിരമിക്കും. 

പട്ടികയിൽ മൂന്നാം പേരുകാരനായ യോഗേഷ് ഗുപ്ത വിജിലൻസ് ഡയറക്ടറാണ്. 93 ബാച്ചുകാരനായ യോഗേഷിന് 2030 വരെ സർവീസുണ്ട്. നാലാമത് മനോജ് എബ്രഹാം, 94 ആം ബാച്ച്, 2031 വരെ സർവീസ്. മെയ് 30 ന് ഡിജിപി കെ പത്മകുമാർ വിരമിക്കുമ്പോൾ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായ മനോജ് എബ്രഹാം ഡിജിപി പദവിയിൽ എത്തും. 2031 വരെ സർവീസ്. അഞ്ചാമൻ സുരേഷ് രാജ് പുരോഹിത്, 95 ബാച്ച്, നിലവിൽ എസ്പിജിയിൽ പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള അഡീഷണൽ ഡയറക്ടറാണ്. 2027 വരെയാണ് കാലാവധി.

ആറാമൻ എം ആർ അജിത് കുമാർ, 95 ബാച്ച്, 2028 വരെ കാലാവധി. ജൂണ്‍ 30 ന് ഷേഖ് ദര്‍വേസ് സാഹിബ് വിരമിക്കുമ്പോൾ അജിത് കുമാറിന് ഡിജിപി പദവി ലഭിക്കും. വിരമിക്കാൻ ആറ് മാസമെങ്കിലും ബാക്കി ഉള്ളവരെയാണ് പോലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. നിയമനം ലഭിച്ചാൽ സുപ്രീം കോടതി നിർദേശം പ്രകാരം 2 വർഷം വരെ പദവിയിൽ നിന്ന് മാറ്റാൻ പാടില്ല. പട്ടികയിലുള്ള ആറ് പേരും സംസ്ഥാന പൊലീസ് മേധാവിയാകാൻ താല്‍പ്പര്യമുണ്ടെന്ന് സർക്കാരിനെ അറിയിച്ചതായാണ് വിവരം.

മെയ് ആദ്യ വാരം പട്ടിക കേന്ദ്രത്തിനു കൈമാറും. കോണ്‍ഫിഡന്‍ഷ്യൽ റെക്കോര്‍ഡും മറ്റ് അച്ചടക്കനടപടികളും പരിശോധിച്ച് 3 പേരെ ഉൾപെടുത്തി യുപിഎസ്‍സി പട്ടിക തിരിച്ച് അയക്കും. അതിൽ നിന്നു സംസ്ഥാനത്തിന് നിയമിക്കാം. ആര്‍ക്കുമെതിരെയും കാര്യമായ ആരോപണങ്ങള്‍ ഇല്ലാത്ത സാഹചര്യത്തിൽ പട്ടികയിലെ ആദ്യ സ്ഥാനക്കാരായ നിധിൻ അഗർ വാള്‍, രവാഡ, സുരേഷ് രാജ് എന്നിവരടങ്ങിയ പട്ടിക സംസ്ഥാനത്തിന് കൈമാറാനാണ് സാധ്യത.

രവാഡയേയും സുരേഷ് രാജിനെയും സംസ്ഥാനത്തേക്ക് മടങ്ങാൻ കേന്ദ്രം അനുമതി നൽകിയില്ലെങ്കിൽ മൂന്നംഗ പട്ടിക യിൽ നിധിൻ അഗര്‍വാളിനൊപ്പം യോഗേഷ് ഗുപ്തയും മനോജ് എബ്രഹാമും സ്ഥാനം പിടിക്കും. സീനിയോറിറ്റി മറികടന്നാണ് കഴിഞ്ഞ രണ്ട് തവണയും സംസ്ഥാന പൊലീസ് മേധാവിയെ നിയമിച്ചത്. ഇത്തവണയും അതാവര്‍ത്തിക്കുമോ എന്നതാണ് പ്രധാന ചോദ്യം. 

അടുത്ത സംസ്ഥാന പൊലീസ് മേധാവി ആര്? മെയ് ആദ്യവാരം ആറംഗ പട്ടിക കേന്ദ്രത്തിന് കൈമാറാൻ സർക്കാർ