10:33 AM (IST) Jul 25

വയോധിക ദമ്പതികളുടെ കൊലപാതകം

വടക്കേക്കാട്ടെ ദമ്പതികളുടെ കൊലപാതകത്തിൽ ചെറുമകൻ അക്മൽ കുറ്റം സമ്മതിച്ചതായി പൊലീസ് വെളിപ്പെടുത്തൽ. കഴുത്തു മുറിച്ചെന്നും കുറ്റസമ്മത മൊഴിയിലുണ്ട്. കൊല്ലപ്പെട്ട ജമീലയുടേതെന്ന് കരുതുന്ന ആഭരണങ്ങൾ പ്രതിയുടെ കൈയ്യിൽ നിന്നും കണ്ടെത്തി. അതേ സമയം, കൊലപാതകം നടത്തിയ സമയത്തെക്കുറിച്ച് പ്രതി നൽകുന്നത് പരസ്പരവിരുദ്ധമായ മൊഴിയാണ്. പ്രതി അക്മലിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. 

10:32 AM (IST) Jul 25

യുവതിയും കുഞ്ഞും പുഴയിൽ ചാടി മരിച്ച സംഭവം

വയനാട് വെണ്ണിയോട് യുവതിയും കുഞ്ഞും പുഴയില്‍ ചാടി മരിച്ച സംഭവത്തിൽ ഭര്‍തൃ കുടുംബത്തിനെതിരെ ഗാര്‍ഹികപീഡനം, ആത്മഹത്യാപ്രേരണ, മര്‍ദനം കുറ്റങ്ങള്‍ ചുമത്തി. ദര്‍ശനയുടെ ഭര്‍ത്താവ് ഓംപ്രകാശ്, അച്ഛൻ ഋഷഭരാജന്‍, അമ്മ ബ്രാഹ്മിലി എന്നിവര്‍ക്ക് എതിരെയാണ് കേസ് എടുത്തിട്ടുള്ളത്. കല്‍പ്പറ്റ ഡിവൈഎസ്പി ടിഎന്‍ സജീവന്‍ അന്വേഷണം ഏറ്റടുത്തതിന് പിന്നാലെയാണ് നടപടി. 

10:32 AM (IST) Jul 25

ബെം​ഗളൂരുവിൽ ബൈക്ക് ടാക്സിയിൽ മലയാളി യുവതിക്ക് നേരെ ലൈംഗികാതിക്രമം

ബെംഗളുരുവിൽ ബൈക്ക് ടാക്സിയിൽ യാത്ര ചെയ്ത മലയാളി യുവതിക്ക് നേരെ ലൈംഗികാതിക്രമം. ജീവനും കൊണ്ടാണ് അക്രമിയിൽ നിന്ന് താൻ രക്ഷപ്പെട്ടതെന്നും ബൈക്കിൽ നിന്ന് ഇറങ്ങിയ ശേഷവും പ്രതി ഫോണിലൂടെയും വാട്സാപ്പിലൂടെയും അശ്ലീലസന്ദേശങ്ങളയച്ചെന്നും അതിക്രമത്തിനിരയായ യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇത്തരമൊരു ഗുരുതരമായ അതിക്രമമുണ്ടായിട്ടും ഒരു നടപടിയുമെടുക്കാത്ത റാപ്പിഡോയ്ക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് യുവതി.

10:31 AM (IST) Jul 25

മുട്ടിൽ മരംമുറി കേസ്

മുട്ടില്‍ മരംമുറിക്കേസിലെ പ്രതികളുടെ തട്ടിപ്പ് കഥകൾ ശരിയെന്ന് ഭൂവുടമകളുടെ വെളിപ്പെടുത്തൽ. അനുമതിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മരംമുറിക്കാൻ സമീപിച്ചത്. എന്നാൽ, മരംമുറിക്കാനായി ഒരിടത്തും അപേക്ഷ നൽകിയിരുന്നില്ലെന്നും ആദിവാസികളായ ഭൂവുടമകൾ വ്യക്തമാക്കി. പ്രതികളുടെ തട്ടിപ്പുകഥകൾ ശരിവച്ച് ഭൂവുടമകൾ. 'മരംമുറിക്കാൻ സ്വമേധയാ അപേക്ഷ നൽകിയിരുന്നില്ല. പേപ്പറുകൾ എല്ലാം ശരിയാക്കാമെന്ന് റോജി പറഞ്ഞു. അപേക്ഷയിൽ കാണിച്ച ഒപ്പുകൾ ഞങ്ങളുടേത് അല്ല. അനുമതിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മരംമുറിച്ചത്. പേപ്പറുകൾ ശരിയാക്കാൻ കൂടുതൽ പണം വേണം. അതിനാൽ കുറഞ്ഞ വിലയെ നൽകാനാകൂ എന്നും പറഞ്ഞു.' ഭൂവുമകൾ വ്യക്തമാക്കുന്നു. 

10:31 AM (IST) Jul 25

മണിപ്പൂരിൽ സ്ത്രീകളെ ന​ഗ്നരാക്കി നടത്തി പീഡിപ്പിച്ച സംഭവം

മണിപ്പൂരിൽ സ്ത്രീകളെ ന​ഗ്നരാക്കി നടത്തി കൂട്ടബലാത്സം​ഗം ചെയ്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. പിടിയിലായവരിൽ പ്രായപൂർത്തിയാകാത്ത ഒരാളും കൂടി ഉൾപ്പെടുന്നു. വീഡിയോയിലുള്ള 14 പേരെ തിരിച്ചറിഞ്ഞു എന്ന് പൊലീസ് വ്യക്തമാക്കി. 

10:30 AM (IST) Jul 25

മണിപ്പൂർ വിഷയത്തിൽ ഇന്നും പാർലമെന്റ് പ്രക്ഷുബ്ധമാകും

മണിപ്പൂര്‍ വിഷയം ഉയര്‍ത്തി ഇന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ പാർലമെന്‍റിൽ പ്രതിഷേധിക്കും. മണിപ്പൂരിനെ കുറിച്ച് ചർച്ചയും പ്രധാനമന്ത്രി നരേന്ദ്രമോദി സഭയെ അഭിസംബോധന ചെയ്യണമെന്നതുമാണ് ഇന്ത്യ സഖ്യത്തിന്‍റെ ആവശ്യം. വിഷയത്തില്‍ ചർച്ച നടത്താമെന്ന് വ്യക്തമാക്കിയ ബിജെപി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഭയില്‍ സംസാരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇത് ഇന്ത്യ സഖ്യം അംഗീകരിച്ചിട്ടില്ല.