വൻ ദുരന്തങ്ങളുണ്ടായ രണ്ടിടങ്ങളിലും രക്ഷാ ദൗത്യം ദുഷ്കരം. കവളപ്പാറയിൽ രക്ഷാപ്രവർത്തനം ദുഷ്കരമെന്ന് പി.വി അൻവർ എംഎല്‍എ. രക്ഷാപ്രവർത്തകർക്കും അപകടമുണ്ടാകുന്ന അവസ്ഥയാണുള്ളത്. പുത്തുമലയിലും രക്ഷാപ്രവർത്തനം ദുഷ്കരം. കനത്ത മഴ രക്ഷാദൗത്യത്തിന് തടസ്സമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ.
- Home
- News
- Kerala News
- മിന്നൽ പ്രളയം: ഇന്ന് മാത്രം മരണം 26, അതീവ ജാഗ്രത, ബാണാസുര സാഗർ ഡാം തുറക്കും - Live
മിന്നൽ പ്രളയം: ഇന്ന് മാത്രം മരണം 26, അതീവ ജാഗ്രത, ബാണാസുര സാഗർ ഡാം തുറക്കും - Live

ഇന്ന് 26 പേർ മരിച്ചതോടെ മഴക്കെടുതികളിൽ മരിച്ചവരുടെ ആകെ എണ്ണം 33 ആയി. തിങ്കളാഴ്ച മുതൽ മഴ വീണ്ടും കനക്കും. നാളെ മഴ അൽപം കുറഞ്ഞേക്കും. തത്സമയ വിവരങ്ങൾ ...
രക്ഷാദൗത്യം ദുഷ്കരം
മരണം 26 ആയി
മിന്നല്‍പ്രളയത്തില്‍ സംസ്ഥാനത്ത് ഇന്ന് 26 പേർ മരിച്ചു . തൃശ്ശൂർ പുതുക്കാട് നെടുമ്പാടിൽ ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു . തെക്കുമുറി രാമകൃഷ്ണൻ (70) ആണ് മരിച്ചത് . ഇതോടെ മഴക്കെടുതികളില്‍ മരിച്ചവരുടെ എണ്ണം 33 ആയി .
വടക്കൻ കേരളത്തിലെ സൈനികവിന്യാസം (4 pm വരെയുള്ള കണക്ക്)
കണ്ണൂരിൽ നിന്ന് അറുപത് പേരടങ്ങുന്ന ഓരോ കോളം സൈന്യത്തെ വയനാട്, കണ്ണൂർ, ഇരിട്ടി, കോഴിക്കോട്, താമരശ്ശേരി എന്നിവിടങ്ങളിലേക്കും, കുടകിലെ വിരാജ് പേട്ടിലേക്കും വിന്യാസിച്ചു.
പാങ്ങോട് മിലിട്ടറി ക്യാമ്പിൽ നിന്ന് 3 കോളം സൈന്യത്തെ (ഒരു സംഘത്തിൽ 62 പേർ) ആലപ്പുഴ, പത്തനംതിട്ട, എറണാകുളം എന്നിവിടങ്ങളിലേക്ക് നിയോഗിച്ചു. ആകെ മൊത്തം 9 കോളം സൈന്യമാണ് കേരളത്തിൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നത്.
വ്യോമസേനയ്ക്ക് അതീവ ജാഗ്രതാ നിർദേശം നൽകി. മിഗ് 17 വിമാനങ്ങളും ഹെലികോപ്ടറുകളും തയ്യാറാക്കി നിർത്തിയിട്ടുണ്ട്.
തീരദേശ സംരക്ഷണ സേനയുടെ 16 ടീമുകൾ രക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കെടുക്കുന്നു. 3 ടീമുകൾ ബേപ്പൂരിലുണ്ട്. ഇവർ ഇതുവരെ 500 പേരെ രക്ഷിച്ചു. കൊച്ചിയിൽ 10 ടീമുകളെ തയ്യാറാക്കി നിർത്തിയിട്ടുണ്ട്. വിഴിഞ്ഞത്ത്, 3 ടീമുകളെ തയ്യാറാക്കി നിർത്തി.

ചാലക്കുടി സുരക്ഷിതമെന്ന് മന്ത്രി വി എസ് സുനിൽ കുമാർ
ചാലക്കുടി സുരക്ഷിതമെന്ന് മന്ത്രി വി എസ് സുനിൽ കുമാർ. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. പെരിങ്ങൽക്കുത്ത് ഡാമിന്‍റെ ജലനിരപ്പ് താഴ്ന്നു. മറ്റ് ഡാമുകളിൽ നിന്ന് വെള്ളം വരുമെന്ന ആശങ്ക വേണ്ടെന്നും മന്ത്രി.
കാറ്റിന് സാധ്യത; മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിര്‍ദ്ദേശം
കേരള തീരത്ത് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റ് വീശാൻ സാധ്യത. മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിര്‍ദ്ദേശം.
ആലപ്പുഴയില്‍ മഴക്കെടുതി രൂക്ഷം: സേഫ് ക്യാമ്പുകൾ തുടങ്ങാൻ നിർദ്ദേശം നൽകി
ജില്ലയിൽ മഴക്കെടുതി ശക്തമായ പശ്ചാത്തലത്തിൽ സേഫ് ക്യാമ്പുകൾ തുടങ്ങാൻ നിർദ്ദേശം നൽകി. ഇതിന്‍റെ അടിസ്ഥാനത്തിൽ ചെങ്ങന്നൂർ, എടനാട്, തലവടി, കൊരട്ടിശ്ശേരി, മുട്ടാർ, എടത്വ, പാണ്ടനാട് എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ ആരംഭിച്ചിട്ടുള്ളത്. മുതിർന്ന പൗരൻമാർ, ഭിന്നശേഷിക്കാർ, കിടപ്പുരോഗികൾ, സ്ത്രീകൾ, കുട്ടികൾ എന്നിവർക്ക് താമസസ്ഥലത്ത് വെള്ളപ്പൊക്ക ഭീഷണിയുണ്ടെങ്കിൽ നേരത്തെ തന്നെ സേഫ് ക്യാമ്പുകളിലേക്ക് മാറാൻ അവസരം ഒരുക്കും. മഴക്കെടുതിയെത്തുടർന്ന് ചെങ്ങന്നൂരിൽ ഒരു ദുരിതാശ്വസ ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്.12 കുടുംബങ്ങളാണ് ഇവിടെയുള്ളത്
മലപ്പുറത്ത് മണ്ണിടിഞ്ഞുവീണ് മൂന്നുപേര്‍ കുടുങ്ങി
മലപ്പുറം കോട്ടക്കുന്നിൽ വീടിനുമുകളിലേക്ക് മണ്ണിടിഞ്ഞുവീണു. മൂന്ന് പേര്‍ അകത്ത് കുടുങ്ങി.
കോട്ടയത്ത് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുന്നു
കോട്ടയം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളിലേക്ക് വെള്ളം കയറുന്നു. ആർപ്പുക്കര, കുമരകം എന്നിവിടങ്ങളിൽ നിന്ന് ആളുകളെ മാറ്റി.
പുതുക്കാട് ഒഴുക്കില്‍പ്പെട്ട് ഒരാള്‍ മരിച്ചു
തൃശൂര്‍ പുതുക്കാട് നെടുമ്പാളിൽ ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു. തെക്കുമുറി രാമകൃഷ്ണൻ (70) ആണ് മരിച്ചത്.
മഴ കുറഞ്ഞിട്ടും ഉയർന്ന ജലനിരപ്പ് താഴാതെ കാസര്‍കോട്ടെ നീലേശ്വരം
മഴ കുറഞ്ഞിട്ടും ഉയർന്ന ജലനിരപ്പ് താഴാത്തതാണ് കാസര്‍കോട് നീലേശ്വരത്തെ ജനങ്ങളെ ആശങ്കയിലാക്കുന്നത്. ഇന്നലെ രാത്രിയാണ് അച്ചാംതുരുത്തി , കോട്ടപ്പുറം, മയിച്ച പ്രദേശങ്ങളിൽ വെള്ളം കയറിയത്. ഇരുനൂറോളം വീട്ടുകാരെ പ്രദേശത്ത് നിന്ന് മാറ്റി താമസിപ്പിച്ചു കഴിഞ്ഞു. കാര്യങ്കോട് പുഴ കര കവിഞ്ഞതാണ് വെള്ളം ഉയരാൻ കാരണം.
പാലക്കാട് കനത്തമഴ; നാളെ മലമ്പുഴ ഡാം തുറക്കും
പാലക്കാട് ജില്ലയിൽ കനത്ത മഴ തുടരുകയും മലമ്പുഴ അണക്കെട്ടിലേക്കുള്ള ജലനിരപ്പ് 112 .95 മീറ്ററിലെത്തുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ നാളെ മലമ്പുഴ ഡാം തുറക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. മലമ്പുഴ അണക്കെട്ടിലെ വെള്ളം എത്തുന്ന മുക്കൈപുഴ, കൽപ്പാത്തിപ്പുഴ, ഭാരതപ്പുഴ പ്രദേശത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശമുണ്ട്. അണക്കെട്ടിൽ ഇന്ന് രാവിലെ 10 വരെ 109. 23 മീറ്റർ ജലനിരപ്പാണുള്ളത്.
കനത്തമഴയില്‍ പുത്തുമലയിലെ രക്ഷാപ്രവർത്തനം തടസ്സമാകുന്നു
വയനാട് പുത്തുമലയിലെ രക്ഷാപ്രവർത്തനത്തിന് കനത്ത മഴ തടസമാകുന്നതായി മന്ത്രി എ.കെ ശശീന്ദ്രൻ. ദുരന്ത സാധ്യത നിലനിൽക്കുന്നതിനാൽ പരമാവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. മൃതദേഹങ്ങൾ സൂക്ഷിക്കാനായി വിവിധ ആശുപത്രികളിൽ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും പുത്തുമല സന്ദർശിച്ചശേഷം എ.കെ ശശീന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
കവളപ്പാറ ഉരുള്‍പൊട്ടല്‍: രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയെന്ന് പിവി അന്‍വര്‍ എംഎല്‍എ
ഉരുള്‍പൊട്ടലുണ്ടായ നിലമ്പൂരിലെ കവളപ്പാറയില്‍ നിന്ന് രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയെന്ന് പി വി അന്‍വര്‍ എംഎല്‍എ. തെരച്ചിൽ ഏറെ ദുഷ്ക്കരമാണ്. സൈന്യത്തിന്റെ സേവനം ഉണ്ടെങ്കിൽ മാത്രമേ മണ്ണിനിടയിൽ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടെങ്കിൽ,അവരെ രക്ഷിക്കാനാകൂ എന്ന് എംഎല്‍എ ഫേസ്ബുക്കിലൂടെ അറിയിച്ചു.
സൈന്യത്തിന്റെ സേവനം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.സർക്കാർ തീരുമാനപ്രകാരം പാലക്കാട് നിന്ന് ദേശീയ ദുരന്ത നിവാരണ സേന ഉടൻ കവളപ്പാറയിൽ എത്തുമെന്നും എംഎല്‍എ
അസുരൻകുണ്ട് ഡാം നിശ്ചിത അളവിൽ തുറക്കുന്നു
തൃശ്ശൂര്‍ തലപ്പിള്ളി താലൂക്കിലെ അസുരൻകുണ്ട് ഡാം നിശ്ചിത അളവിൽ തുറക്കുന്നു .ചേലക്കര ,പാഞ്ഞാൾ ,മുള്ളൂർക്കര പഞ്ചായത്തുകളിലെ പരിസരവാസികൾ ജാഗ്രത പാലിക്കണം .ചേലക്കര തോട് വഴി വെള്ളം ഭാരതപ്പുഴയിൽ എത്തി ചേരുന്നതിനാൽ അതിന്‍റെ തീരത്തുള്ളവർ വെള്ളത്തിലിറങ്ങുകയോ മത്സ്യബന്ധനത്തിന് പോവുകയോ ചെയ്യരുതെന്ന് നിർദേശം .ജനങ്ങളുടെ സുരക്ഷയും ഡാമിന്റെ സുരക്ഷയും മുൻ നിർത്തിക്കൊണ്ട് നിശ്ചിത അളവിൽ ഡാം തുറന്നു വിടാനുള്ള അനുവാദം ജില്ലാ കലക്ടർ നൽകിയിട്ടുണ്ട്
അടിയന്തിര ധനസഹായമായി 22.5 കോടി രൂപ അനുവദിച്ചു
കനത്ത മഴ ദുരന്തം വിതച്ച സാഹചര്യത്തില്‍ ജില്ലകള്‍ക്ക് അടിയന്തിര ധനസഹായമായി സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടില്‍ നിന്നും
22.5 കോടി രൂപ അനുവദിച്ചതായി മന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയിച്ചു. വയനാടിന് രണ്ടരക്കോടി രൂപയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകള്‍ക്ക് രണ്ടു കോടി രൂപയും നല്‍കും.
ഭാരതപുഴ കവിഞ്ഞൊഴുകുന്നതിനാൽ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു
ചെറുതുരുത്തിയില്‍ ഭാരതപുഴ കവിഞ്ഞൊഴുകുന്നതിനാൽ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. പുഴയിൽ റെയില്‍വെ മേൽപ്പാലത്തിനോട് ചേർന്ന് വെള്ളം ഒഴുകുന്നുണ്ട്.
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനങ്ങള്‍ വേണം; സഹാമഭ്യര്‍ത്ഥിച്ച് കണ്ണൂര്‍ ജില്ലാകലക്ടര്‍
ദുരിതാശ്വാസ ക്യാമ്പുകളിലേക്കുളള അവശ്യവസ്തുക്കള്‍ക്കായി സുമനസ്സുകളുടെ സഹായം അഭ്യര്‍ത്ഥിച്ച് കണ്ണൂര്‍ ജില്ലാ കലക്ടര്‍. . 44 റിലീഫ് ക്യാമ്പുകളിലായി നിലവില്‍ 3000 ത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുവാനുള്ള നമ്പറുകൾ
1077 (കണ്ണൂരിനുള്ളിൽ നിന്നും വിളിക്കുമ്പോൾ )
04972700645(കണ്ണൂരിനു പുറത്തു നിന്ന് വിളിക്കുമ്പോൾ )
സജി കുമാർ, ഡെപ്യൂട്ടി കളക്ടർ (LA) 8547616030
റിംന, സീനിയർ ക്ലാർക്ക് 9400051410, 7012776976
ജയഫർ സാദിഖ്, സീനിയർ ക്ലാർക്ക് 9744111954
മരം മുറിച്ചു നീക്കുന്നതിനിടെ ഫയർ ഫോഴ്സ് ജീവനക്കാരന്‍ താഴെ വീണു - വീഡിയോ
തലയോലപ്പറമ്പ് യു പി സ്കൂൾ കെട്ടിടത്തിനു മുകളിൽ വീണ മരം മുറിച്ചു നീക്കുന്നതിനിടെ കടുത്തുരുത്തി ഫയർ ഫോഴ്സ് ജീവനക്കാരൻ താഴെ വീഴു. അഭിജിത്താണ് താഴെ വീണത്. അപകടത്തില്‍ അഭിജിത്തിന് ഗുരുതര പരിക്കേറ്റു. ഇയാളെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പത്തനംതിട്ടയിൽ സൈന്യം എത്തി
ആർമ്മി സംഘം പത്തനംതിട്ടയിൽ എത്തി. തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാംപിൽ നിന്നുള്ള രണ്ട് ടീം ആണ് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് എത്തിയത്. ജില്ലയിൽ നാളെയും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ് ദുരിതാശ്വാസ ക്യാംപുകളിലായി 204 പേരെയാണ് ജില്ലയിൽ മാറ്റി പാർപ്പിച്ചത്.
ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം
കനത്ത മഴയും ഉരുള്‍പ്പൊട്ടലും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ ഉന്നതതല യോഗം. ഓരോ ജില്ലയിലേയും നിലവിലെ സ്ഥിതി വിലയിരുത്തുകയും സ്വീകരിക്കേണ്ട നടപടികള്‍ക്ക് അന്തിമരൂപം നല്‍കുകയും ചെയ്തു. ദുരന്തത്തില്‍പ്പെടുന്നവര്‍ക്കുള്ള വൈദ്യസഹായം ദുരന്തസ്ഥലങ്ങളിലും ആശുപത്രികളിലും ലഭ്യമാക്കാന്‍ കൂടുതല്‍ സൗകര്യങ്ങളേര്‍പ്പെടുത്തും.
ഓരോ ജില്ലയിലേയും ക്യാമ്പുകള്‍, അവരുടെ ആരോഗ്യ പരിരക്ഷ, ആവശ്യമായ ഡോക്ടര്‍മാരെ ലഭ്യമാക്കല്‍, മരുന്നുകള്‍, മറ്റ് സാധനസാമഗ്രികള്‍, ബ്ലീച്ചിംഗ് പൗഡര്‍, ക്ലോറിന്‍ ടാബ്ലറ്റ് തുടങ്ങിയവ എല്ലാം ഉറപ്പ് വരുത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി. അതിര്‍ത്തി ജില്ലകളിലെ പ്രദേശങ്ങളിലെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ആവശ്യമെങ്കില്‍ അതിര്‍ത്തി സംസ്ഥാനങ്ങളുടെ സഹായം ഉറപ്പ് വരുത്തുന്നതാണ്.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം (0471 2302160) ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ സജ്ജമാക്കിയിട്ടുണ്ട്. ജില്ലകള്‍ തോറും കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുകൂടാതെ ആരോഗ്യ വകുപ്പിന്‍റെ സംഘത്തെ എല്ലായിടത്തും സജ്ജമാക്കിവരുന്നു.