കോഴിക്കോട്: ജനതാദൾ സെക്യുലർ പാർട്ടിയുമായി ലയിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയെന്ന് എൽജെഡി നേതാവ് എംവി ശ്രേയാംസ് കുമാർ. അന്തിമധാരണയിലേക്ക് എത്തിയിട്ടില്ലെന്നും എന്നാൽ ലയനമുണ്ടാകില്ലെന്നല്ല അതിനർത്ഥമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് വികസനം തടസപ്പെടുത്തുന്ന സമീപനമാണ് പ്രതിപക്ഷത്തിന്റേതെന്നും, വെൽഫെയർ പാർട്ടിയുമായി ചേർന്ന് പ്രവർത്തിക്കുന്നത് മുസ്ലിം ലീഗിന്റെ അഡ്‌ജസ്റ്റ്മെന്റ് രാഷ്ട്രീയമാണെന്നും ശ്രേയാംസ് പറഞ്ഞു.

ലയനവുമായി ബന്ധപ്പെട്ട് എല്ലാ തലത്തിലും ചർച്ച നടത്തി അന്തിമ തീരുമാനത്തിലെത്തും. ലയിക്കുന്ന കാര്യത്തിൽ മുന്നണി നിർബന്ധം പറഞ്ഞിട്ടില്ല. വിഷയത്തിൽ മാരത്തോൺ ചർച്ച നടന്നിട്ടില്ല. രണ്ട് പാർട്ടികൾ ലയിക്കുമ്പോഴുള്ള നടപടികളാണ് ബാക്കിയുള്ളത്. ലയനക്കാര്യത്തിൽ എൽജെഡിയിൽ യോജിപ്പ് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

ജോസ് കെ മാണി മുന്നണിയിൽ വരുന്നത് തങ്ങളെ ബാധിക്കുന്ന കാര്യമല്ല. ഇക്കാര്യത്തിൽ എൽഡിഎഫിൽ ചർച്ച നടന്നിട്ടില്ല. എൽഡിഎഫ് കൺവീനർ കാര്യങ്ങൾ വിശദീകരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് തകർന്നിരിക്കുകയാണ്. സർക്കാരിന് ജനപ്രീതിയുള്ളത് കൊണ്ടാണ് ആരോപണങ്ങൾ ഉന്നയിക്കുന്നത്.

ഇ ബസുമായി ബന്ധപ്പെട്ട് ഒരു കരാറും ഒപ്പിട്ടിട്ടില്ല. വലിയ പദ്ധതി നടക്കുമ്പോ കൺസൽട്ടൻസി വേണം. അതിൽ എന്താണ് തെറ്റ്? ഇല്ലാത്ത കഥകളാണ് യുഡിഎഫ് ആരോപണമായി ഉന്നയിക്കുന്നത്. രാഷ്ട്രീയം കളിച്ച് കേരളത്തിന്റെ സാധ്യത പ്രതിപക്ഷം ഇല്ലാതാക്കുകയാണ്. പിഡബ്ല്യുസിയുടെ ഓഡിറ്റിങ് സംവിധാനത്തിന് എതിരെയാണ് നടപടിയെടുത്തത്. വലിയൊരു പദ്ധതിക്ക് ഉപദേശം നൽകാനാവുന്ന ഏജൻസി കേരളത്തിലില്ല. 

കേരളത്തിൽ ഇലക്ട്രോണിക്-ഹാർഡ്‌വെയർ, സേവന രംഗങ്ങളിൽ വ്യവസായത്തിന് സാധ്യതയുണ്ട്. എല്ലായിടത്തും സ്കൂളും ആശുപത്രികളും ഉള്ള സംസ്ഥാനത്ത് ആവശ്യത്തിന് വ്യവസായങ്ങളും വേണം. തൊഴിലില്ലായ്മ പരിഹരിക്കാൻ സർക്കാരിന് മാത്രമായി സാധിക്കില്ല. സ്വകാര്യമേഖലയിൽ കൂടുതൽ അവസരം വേണം. ഇവിടെ നിന്ന് വ്യവസായങ്ങൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുമ്പോൾ പ്രതിപക്ഷത്തിന് പ്രശ്നമില്ല. രാഷ്ട്രീയം കളിച്ച് കേരളത്തിലെ അവസരങ്ങൾ ഇല്ലാതാക്കുന്ന രീതി ശരിയല്ല.

അന്താരാഷ്ട്ര ഏജൻസികൾ കൈക്കൂലി കൊടുക്കുമെന്ന് പറയുന്നത് തെറ്റാണ്. അങ്ങനെ കൈക്കൂലി വാങ്ങുന്ന സർക്കാരുമല്ല കേരളത്തിലുള്ളത്. ജനക്ഷേമത്തിനാണ് അധികാരം. അല്ലാതെ പോരടിക്കാനല്ല. ഇവിടെ സംരംഭങ്ങൾ വരണം. രാഷ്ട്രീയം പറയുമ്പോൾ സംസ്ഥാനത്തിന്റെ വളർച്ചയെ തടയുന്ന രീതിയിലാകരുത്.

തദ്ദേശ തെരഞ്ഞെടുപ്പിൽ വേണ്ടത്ര മുന്നേറ്റം ഉണ്ടാക്കാനാവില്ലെന്ന് അറിയുന്നത് കൊണ്ടാണ് ലീഗ് ആരുമായും കൂട്ടുകൂടാൻ തയ്യാറാവുന്നത്. 92 ന് ശേഷം ലീഗിനെതിരെ രൂപം കൊണ്ട പാർട്ടികളാണ് ഇവയെല്ലാം. ഇവരോട് കൂട്ടുകൂടുന്നത് ലീഗിന് ഗുണം ചെയ്യില്ല. വെറും അഡ്ജസ്റ്റ്മെന്റ് മാത്രമാണത്. സർക്കാരിന്റെ പിആർ പ്രവർത്തനം നടത്തുന്ന ഏജൻസി ഏതാണെന്ന് പ്രതിപക്ഷം പറയണം. നിപയെ പ്രതിരോധിച്ചത് പോലെ കൊറോണയിലും മികച്ച ഇടപെടലാണ് സർക്കാർ നടത്തുന്നത്. അഭിനന്ദിച്ചില്ലെങ്കിലും പ്രതിപക്ഷ നേതാക്കൾ സർക്കാരിനെ അവഹേളിക്കരുതെന്നും അദ്ദേഹം പറഞ്ഞു.