ബസിന്‍റെ എമർജൻസി വാതിൽ വഴി വിദ്യാർത്ഥി പുറത്തേക്ക് വീഴുകയായിരുന്നു. പിന്നാലെ വന്ന ബസ് ബ്രേക്കിട്ടതിനാൽ അപകടം ഒഴിവായി.
കൊച്ചി: ആലുവയിൽ ഓടിക്കൊണ്ടിരുന്നസ്കൂൾ ബസിൽ നിന്ന് എൽകെജി വിദ്യാർത്ഥിനി തെറിച്ചു വീണു. റോഡിൽ വീണ കുട്ടി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ബസിന്‍റെ എമർജൻസി വാതിലിലൂടെയാണ് കുട്ടി പുറത്തേക്ക് വീണത്. നാട്ടുകാർ സമയോചിതമായി ഇടപെട്ട് പിന്നാലെ വന്ന ബസ് നിർത്തിച്ചതിനാലാണ് ദുരന്തം ഒഴിവായത്. പരിക്കേറ്റ കുട്ടിയെ സ്കൂൾ അധികൃതർ ആശുപത്രിയിൽ കൊണ്ടുപോയില്ലെന്ന് കുടുംബം ആരോപിച്ചു. കുട്ടിയുടെ പിതാവിന്‍റെ പരാതിയിൽ സ്കൂൾ ബസ് ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു.
ആലുവ സ്വദേശി യൂസഫിന്റെ മകൾ ഫൈസയാണ് അപകടത്തിൽപ്പെട്ടത്. ആലുവ പെങ്ങാട്ടുശ്ശേരിയിലെ അൽഹിദ് പബ്ലിക് സ്കൂളിലെ എൽകെജി വിദ്യാർത്ഥിനിയാണ് ഫൈസ. ഇന്നലെ വൈകീട്ട് സ്കൂൾ വിട്ട് വീട്ടിലേക്ക് പോകും വഴിയായിരുന്നു അപകടം. ഓടിക്കൊണ്ടിരിക്ക ബസിന്‍റെ എമർജെൻസി വാതിൽ പൊടുന്നനെ തുറന്ന് കുട്ടി റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. കുട്ടി ബസില്‍ നിന്ന് വീണത് ആദ്യം ആരും അറിഞ്ഞിരുന്നില്ല, നാട്ടുകാര്‍ ഇടപെട്ട് പിന്നാലെ വന്ന വാഹനം നിറുത്തിയത് കൊണ്ടാണ് കുട്ടി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. റോഡില്‍ വീണ കുട്ടിയുടെ നടുവിന് പരിക്കേറ്റു, ശരീരമാസകലം ചതവുമുണ്ട്. എന്നാൽ, പരിക്കേറ്റ കുട്ടിയെ സ്കൂൾ അധികൃതർ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയില്ല, പകരം ബസിലെ കുട്ടികളെ വീടുകളിൽ ഇറക്കുന്ന മുറയ്ക്ക് പരിക്കേറ്റ കുട്ടിയെയും വീട്ടിലെത്തിക്കുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾ കുട്ടിയെ ആശുപത്രിയിലെത്തിച്ചു.
ഇതിനെതിരെ നിയമ നടപടിയിലേക്ക് പോകാനാണ് കുട്ടിയുടെ കുടുംബത്തിന്‍റെ തീരുമാനം. കുട്ടിയുടെ പിതാവിന്‍റെ പരാതിയിൽ സ്കൂൾ ബസ് ഡ്രൈവർക്ക് എതിരെ ആലുവ എടത്തല പൊലീസ് കേസെടുത്തു. വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് സ്കൂൾ അധികൃതർ. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

