ഓരോ മാസവും ഫോൺ മാറ്റുന്ന പ്രതികൾ അന്വേഷണ സംഘത്തെ വട്ടം കറക്കി. വാട്സാപ് സന്ദേശങ്ങൾക്കും ലോൺ ആപ്പിലും പിന്നാലെ കൂടിയ പൊലീസ് ഐപി അഡ്രസ് തെരഞ്ഞ് തെരഞ്ഞാണ് ഗുജറാത്തിലേക്കും പിന്നാലെ പ്രതികളിലേക്കുമെത്തിയത്.
വയനാട്: ലോൺ ആപ്പ് ഭീഷണിയെ തുടർന്ന് വയനാട് അരിമുള സ്വദേശി അജയ് രാജ് ആത്മഹത്യ ചെയ്ത കേസിൽ പ്രതിളെ കുടുക്കിയത് അന്വേഷണ സംഘത്തിൻ്റെ റിവേഴസ് എഞ്ചിനീയറിംഗ്. ഓരോ മാസവും ഫോൺ മാറ്റുന്ന പ്രതികൾ അന്വേഷണ സംഘത്തെ വട്ടം കറക്കി. വാട്സാപ് സന്ദേശങ്ങൾക്കും ലോൺ ആപ്പിലും പിന്നാലെ കൂടിയ പൊലീസ് ഐപി അഡ്രസ് തെരഞ്ഞ് തെരഞ്ഞാണ് ഗുജറാത്തിലേക്കും പിന്നാലെ പ്രതികളിലേക്കുമെത്തിയത്.
പാകിസ്ഥാനും സിങ്കപ്പൂരുമടക്കം വിവിധ രാജ്യങ്ങളിലെ പത്തിലധികം ഐപി അഡ്രസുകൾ പ്രതികൾ ഉപയോഗിച്ചു. ഇൻ്റർനെറ്റ് കണക്ഷനുവേണ്ടിയുള്ള വിപിഎന്നുകളിൽ ഐപി അഡ്രസ് പ്രതികൾ മാസ്ക് ചെയ്തതത് തടസ്സമായി. ക്യാൻഡി ക്യാഷ് എന്ന ലോൺ ആപ്പ് അജയ് രാജ് ഇൻസ്റ്റാൾ ചെയ്തതാകട്ടെ പ്രതികൾ അയച്ചു നൽകിയ ലിങ്ക് വഴിയും. ഇതും അന്വേഷണ സംഘത്തെ കുഴക്കി. പല രാജ്യങ്ങളുട മൊബൈൽ നമ്പർ കിട്ടുന്ന വെർച്വൽ സിം കാർഡുകളാണ് പ്രതികൾ തെരഞ്ഞെടുത്തത്. മൊബൈൽ ഫോണുകളും സിം കാർഡുകളും മാസം തോറും മാറ്റിക്കൊണ്ടിരുന്നു. അറസ്റ്റിലാകുമ്പോൾ പിടിച്ചെടുത്ത നാല് മൊബൈൽ ഫോണുകളും പുതിയതായിരുന്നു. അജയ് രാജുമായി ആശയ വിനിമയം നടത്തിയ ഫോൺ പിടിച്ചെടുക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. എന്നാൽ പ്രതികൾ ഉപയോഗിച്ചിരുന്ന ഇൻ്റർനെറ്റ് മോഡം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രായപൂർത്തിയാകാത്ത പ്രതിയുടെ സിം കാർഡാണ് മീനങ്ങാടി പൊലീസിനെ തുണച്ചത്. ഈ സിംകാർഡാണ് ക്യാൻ ക്യാഷ് വെബ്സൈറ്റുമായി ലിങ്ക് ചെയ്തിരുന്നത്. ഇത് പ്രതി കൈവശം വച്ചിരുന്നു. പ്രധാന പ്രതിയായ സമീറിൻ്റെ ഒരു ബാങ്ക് അക്കൗണ്ട് നമ്പർ ആപ്പുമായി ബന്ധപ്പെടുത്തിയിരുന്നു. രണ്ട് ബാങ്ക് അക്കൌണ്ടുകൾ പരാതി മൂലം മരവിപ്പിച്ചതും പൊലീസിനെ തുണച്ചു. അങ്ങനെ ഏഴ് പേരെ വട്ടമിട്ട് ഗുജറാത്തിലെ ബക്സാറിൽ മീനങ്ങാടി പൊലീസെത്തി. പ്രതികളായ നാല് പേരുമായി കേരളത്തിലെത്തി. കഴിഞ്ഞ വർഷം സെപ്തംബർ 15 നായിരുന്നു അജയ് രാജിൻ്റെ ആത്മഹത്യ.
