Asianet News MalayalamAsianet News Malayalam

Byelection: 32 വാർഡുകളിലെ തദ്ദേശ ഉപതെരഞ്ഞെടുപ്പ്: കൊച്ചിയിലും പിറവത്തും നിർണായക ജയം നേടി എൽഡിഎഫ്

നിർണായകമായ പിറവം നഗരസഭയിലെ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയം. ഇടമലക്കുടിയിൽ എൽഡിഎഫിൻ്റെ സിറ്റിംഗ് സീറ്റ് ബിജെപി പിടിച്ചു. 

Local body By election results
Author
Thiruvananthapuram, First Published Dec 8, 2021, 11:50 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ 32 വാർഡുകളിലെ തദ്ദേശഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ പ്രഖ്യാപിച്ചു തുടങ്ങി. ആദ്യഫലസൂചനകളിൽ യുഡിഎഫും എൽഡിഎഫും ഒപ്പത്തിനൊപ്പം നിൽക്കുന്ന കാഴ്ചയാണ് കാണുന്നത്. നിർണായകമായ പിറവം നഗരസഭയിലെ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയം. ഇടമലക്കുടിയിൽ എൽഡിഎഫിൻ്റെ സിറ്റിംഗ് സീറ്റ് ബിജെപി പിടിച്ചു. മലപ്പുറത്ത് അഞ്ച് പഞ്ചായത്തുകളിൽ അഞ്ച് വാർഡുകളിലേക്ക് നടന്ന ഉപതെരെഞ്ഞെടുപ്പുകളിൽ മുഴുവൻ സീറ്റുകളിലും യു.ഡി.എഫ് വിജയിച്ചു

അ൦ഗബല൦ ഒപ്പത്തിനൊപ്പമെത്തിയ പിറവ൦ നഗരസഭയിൽ ഭരണ൦ നിലനിർത്താൻ എൽഡിഎഫിന് വിജയം ആവശ്യമായിരുന്നു. 14-ാം ഡിവിഷനിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥി ഡോ.അജേഷ് മനോഹർ വിജയിച്ചു. 27 അ൦ഗ കൌൺസിൽ എൽഡിഎഫിനും യുഡിഎഫിനും അംഗബല൦ 13 വീതമാണ്. ഒരു കൗൺസില‍ർ മരണപ്പെടുകയും, മറ്റൊരു കൗൺസില‍ർ സർക്കാർ ജോലി കിട്ടി രാജി വയ്ക്കുകയും ചെയ്തതോടെയാണ് എൽഡിഎഫ് അ൦ഗബല൦ 15 ൽ നിന്ന് 13 ലെത്തി. 

ഒഴിവ് വന്ന രണ്ട് സീറ്റിൽ ഒന്ന് യുഡിഎഫ് ഉപതെരഞ്ഞെടുപ്പിലൂടെ ജയിച്ചതോടെ കക്ഷിനില 13-13 ആയിരുന്നു. ഇതോടെയാണ് 14-ാം വാ‍ർഡിലെ ഉപതെരഞ്ഞെടുപ്പ് നിർണായകമായത്. എന്നാൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ യുഡിഎഫ് സ്ഥാനാ‍ർത്ഥി അരുൺ കല്ലറയ്ക്കൽ 26 വോട്ടിന് പരാജയപ്പെടുകയായിരുന്നു. ജയിച്ചാൽ പിറവം ന​ഗരസഭാ പിടിക്കാമെന്ന യുഡിഎഫ് പ്രതീക്ഷ ഇതോടെ ഇല്ലാതെയായി. 

സ്വതന്ത്രരുടെ പിന്തുണയോടെ ഭരണ൦ തുടരുന്ന കൊച്ചി കോ൪പ്പറേഷനിൽ ഗാന്ധിനഗർ ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇടത് മുന്നണിക്ക് അഭിമാന പോരാട്ടമാണ്. കൌൺസില൪ കെ കെ ശിവന്റെ മരണത്തെ തുടർന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന ഗാന്ധിനഗറിൽ കെ കെ ശിവന്റെ ഭാര്യ ബിന്ദു ശിവനാണ് എൽ ഡി എഫ് സ്ഥാനാ൪ത്ഥി.ഡിസിസി സെക്രട്ടറി പി ഡി മാ൪ട്ടിനിലൂടെ അട്ടിമറി വിജയമാണ് യു ഡി എഫ് ലക്ഷ്യമിടുന്നത്. രാവിലെ പത്ത് മണിക്ക് മഹാരാജാസ് കോളേജിൽ വെച്ചാണ് വോട്ടെണ്ണൽ. 

കൊച്ചി കോ‍ർപ്പറേഷനിലെ 63-ാം ഡിവിഷൻ എൽഡിഎഫിൻ്റെ ബിന്ദു ശിവൻ 687 വോട്ടിന് വിജയിച്ചു. നാല് സീറ്റുകളുടെ മാത്രം ഭൂരിപക്ഷത്തിൽ മാത്രം കൊച്ചി ഭരിക്കുന്ന എൽഡിഎഫിന് ഈ തെരഞ്ഞെടുപ്പ് നി‍ർണായകമായിരുന്നു. കഴിഞ്ഞ തവണ 106 വോട്ടിനാണ് ഇവിടെ എൽഡിഎഫ് ജയിച്ചത്. ഇവിടെ യുഡിഎഫ് ജയിക്കുന്ന പക്ഷം സ്വതന്ത്രരെ മുൻനി‍ർത്തിയുള്ള അട്ടിമറിക്ക് യുഡിഎഫ് ശ്രമിച്ചേക്കുമെന്ന ആശങ്ക എൽഡിഎഫിനുണ്ടായിരുന്നു. 

ഫലങ്ങൾ ജില്ല തിരിച്ച് - 

തിരുവനന്തപുരം

  • വിതുര ഗ്രാമപഞ്ചായത്ത് - വാർഡ് 3 പൊന്നാംചുണ്ട് 45 വോട്ടിന് എൽഡിഎഫ് സ്ഥാനാർത്ഥി എസ്.രവികുമാർ ജയിച്ചു. യുഡിഎഫ് സിറ്റിംഗ് സീറ്റായിരുന്നു ഇത്.  പോത്തൻകോട് ബ്ലോക്ക് ഡിവിഷൻ എൽഡിഎഫ്  സ്ഥാനാർത്ഥി മലയിൽകോണം സുനിൽ വിജയിച്ചു .നേരത്തെ എൽഡിഎഫ് വിജയിച്ച സീറ്റാണ് നിലനിർത്തിയത്. ബ്ലോക്ക് മെമ്പറായിരുന്ന ശ്രീകണ്ഠൻ കോവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്.
  • വെട്ടുകാട് വാർഡ് 1490 വോട്ടിന് എൽഡിഎഫിലെ ക്ലൈനസ് റൊസാരിയോ വിജയിച്ചു
  • പോത്തൻകോട് ബ്ലോക്ക് 495 വോട്ടുകൾക്ക് എൽഡിഎഫ് ലീഡ് ചെയ്യുന്നു

കൊല്ലം

  • ചിതറ ഗ്രാമപഞ്ചായത്തിലെ സത്യമംഗലം വാർഡ്  യുഡിഎഫ് നിലനിർത്തി. യുഡിഎഫ് സ്ഥാനാർഥി എസ്.ആശയാണ് വിജയിച്ചത്. വിജയം 16 വോട്ടിന്
  • കൊല്ലം തേവലക്കര പഞ്ചായത്ത് മൂന്നാം വാർഡ് യുഡിഎഫ് പിടിച്ചെടുത്തു. ആർ.എസ്.പിയിലെ ജി പ്രദീപ്കുമാർ 317 വോട്ടുകൾക്ക് വിജയിച്ചു.  ബി.ജെ.പിയുടെ സിറ്റിങ് വാർഡാണ് യുഡിഎഫ് പിടിച്ചെടുത്തത്

ഇടുക്കി

  • ഇടമലക്കുടി പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മിൻ്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് ബിജെപി. താമര ചിഹ്നത്തിൽ മത്സരിച്ച ചിന്താമണി കാമരാജിന്റെ ജയം ഒരു വോട്ടിന്.
  • രാജാക്കാട് പഞ്ചായത്തിലെ ഒൻപതാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ  വാർഡ് യുഡിഎഫ് നിലനിർത്തി. പ്രിൻസ് തോമസ് ജയിച്ചത് 678 വോട്ടുകൾക്ക് വിജയിച്ചു.

വോട്ടുനില
പ്രിൻസ് തോമസ് (യുഡിഎഫ്) - 678
കെ.പി അനിൽ (എൽഡിഎഫ്) -  249
ലീഡ് - 429

കോട്ടയം

  • കാണക്കാരി പഞ്ചായത്ത് ഒൻപതാം വാർഡിൽ  എൽഡിഎഫിന് ജയം. കോൺഗ്രസിൻ്റെ സിറ്റിങ് സീറ്റ് സിപിഎം പിടിച്ചെടുത്തു. സിപിഎമ്മിൻ്റെ വി.ജി. അനിൽകുമാർ ജയിച്ചത് 338 വോട്ടിന്
  • മാഞ്ഞൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് യുഡിഎഫ്  നിലനിർത്തി. കോൺഗ്രസിലെ സുനു ജോർജ് 252 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കഴിഞ്ഞ തവണ കോൺഗ്രസിന് 112 വോട്ടുകളുടെ ഭൂരിപക്ഷം ആയിരുന്നു ഇവിടെ ഉണ്ടായിരുന്നു

എറണാകുളം

  • കൊച്ചി കോ‍ർപ്പറേഷനിലെ 63-ാം ഡിവിഷൻ എൽഡിഎഫിൻ്റെ ബിന്ദു ശിവൻ 687 വോട്ടിന് വിജയിച്ചു. എൽഡിഎഫ് സിറ്റിംഗ് സീറ്റാണിത്.
  • പിറവം നഗരസഭ - 14-ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി അജേഷ് മനോഹർ 20 വോട്ടിന് ജയിച്ചു. എൽഡിഎഫ് സിറ്റിംഗ് സീറ്റാണിത്.

തൃശ്ശൂർ

  • ഇരിങ്ങാലക്കുട നഗരസഭയിലെ ചാലാംപാടം ഡിവിഷൻ UDF നിലനിർത്തി. മിനി ജോസ് ചാക്കോളയുടെ ഭൂരിപക്ഷം 149
  • കടപ്പുറം പഞ്ചായത്തിലെ 16-ാം വാർഡിൽ  LDF ന് തോൽവി. യു ഡിഎഫ് വാർഡ് തിരിച്ചു പിടിച്ചു

പാലക്കാട്

  • തരൂർ പഞ്ചായത്തിലെ ഒന്നാം വാർഡ് എൽ. ഡി. എഫ്. നിലനിർത്തി.  എം.സന്ധ്യ യാണ്153 വോട്ടിന് ജയിച്ചത്
  • സി.പി. എം. വിമതന് വിജയം. പാലക്കാട് എരിമയൂർ എരിമയൂർ പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് CPM വിമതൻ അട്ടിമറി വിജയം നേടിയത്. ജെ. അമീർ വിജയിച്ചത് 377 വോട്ടിന്.  സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു അമീർ. യു ഡി. എഫിന്റെ സിറ്റിങ് വാർഡിൽ സി.പിഎം സ്ഥാനാർത്ഥി മൂന്നാമതായി.
  • ഓങ്ങല്ലൂർ പഞ്ചായത്ത് എട്ടാം വാർഡ് എൽ ഡി എഫ് നിലനിർത്തി. 380 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സിപിഐ എമ്മിലെ കെ അശോകൻ വിജയിച്ചു

മലപ്പുറം

  • മലപ്പുറം തിരുവാലി ഏഴാം വാർഡ് യു.ഡി.എഫ് വിജയിച്ചു. അല്ലേക്കാട് അജീസ് 106 വോട്ടുകൾക്കാണ് വിജയിച്ചത്
  • മലപ്പുറം ഊർങ്ങാട്ടിരി  വാർഡ് അഞ്ചിൽ സത്യൻ കോൺഗ്രസ് 354 വോട്ടുകൾക്ക് വിജയിച്ചു
  • മലപ്പുറം മക്കരപറമ്പിൽ ഒന്നാം വാർഡിൽ  സി.ഗഫൂർ മുസ്ലീം ലീഗ് 90 വോട്ടുകൾക്ക് വിജയിച്ചു.
  • മലപ്പുറം  പൂക്കോട്ടൂർ വാർഡ് 14 ൽ സത്താർ മുസ്ലീം ലീഗ് 221 വോട്ടുകൾക്ക് വിജയിച്ചു
  • മലപ്പുറം കാലടി പഞ്ചായത്ത് ആറാം വാർഡിൽ 278 വോട്ടിന് രജിത (യുഡിഎഫ്) വിജയിച്ചു.

കോഴിക്കോട്

  • കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ വാർഡ് എൽഡിഎഫ് നിലനിർത്തി. ആദർശ് ജോസഫിൻ്റെ വിജയം ഏഴ് വോട്ടിന്. ലിൻ്റോ ജോസഫ് എംഎൽഎയായതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വന്നത്. 
  • ഉണ്ണിക്കുളം പഞ്ചായത്തിലെ 15 ആം വാർഡായ വള്ളിയോത്ത് UDF നിലനിർത്തി. OM ശശീന്ദ്രൻ 530 വോട്ടിന് വിജയിച്ചു. വള്ളിയോത്ത് വാർഡിലെ സിറ്റിംഗ് മെമ്പറുടെ മരണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ്

കാസർഗോഡ് 

  • കാഞ്ഞങ്ങാട് നഗരസഭ 30-ാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ.കെ ബാബു വിജയിച്ചു. 116 വോട്ടുകളുടെ ഭൂരി പക്ഷത്തിനാണ് വിജയം. ഇതോടെ വാർഡ് യുഡിഎഫ് നിലനിർത്തി

 

 

Follow Us:
Download App:
  • android
  • ios