കണ്ണൂര്‍: രാമന്തളിയില്‍ രാഷ്ട്രീയ കൊലപാതകത്തിനിരയായ സിവി ധനരാജിന്‍റെ ഭാര്യയ്ക്ക് തെരഞ്ഞെടുപ്പില്‍ വിജയം. രാമന്തളി പഞ്ചായത്തിലെ ആറാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു ധനരാജിന്‍റെ ഭാര്യ എന്‍വി സജിനി. 296 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് സജിനി വിജയിച്ചിരിക്കുന്നത്. 

കണ്ണൂരിലെ രാമന്തളിയില്‍ 2016 -ലാണ് ആര്‍എസ്എസ് പ്രവര്‍ത്തകരടങ്ങിയ മുഖംമൂടി സംഘം ഡിവൈഎഫ്ഐ മുന്‍ വില്ലേജ് സെക്രട്ടറിയും സിപിഎം പ്രവര്‍ത്തകനുമായ കുന്നരു കാരന്താട്ടെ സിവി ധനരാജിനെ കൊലപ്പെടുത്തിയത്. സ്വന്തം വീട്ടുമുറ്റത്തുവച്ചായിരുന്നു ധനരാജ് അക്രമിസംഘത്താല്‍ കൊല ചെയ്യപ്പെട്ടത്. 

എന്‍. വി സജിനിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചപ്പോള്‍ തന്നെ മാധ്യമശ്രദ്ധ നേടിയിരുന്നു. ടിപി ചന്ദ്രശേഖരന്‍റെ ഭാര്യ കെ കെ രമ, സജിനിക്ക് ഹൃദയാഭിവാദ്യം അര്‍പ്പിച്ചതും ശ്രദ്ധേയമായിരുന്നു. സ്ഥാനാര്‍ത്ഥിക്ക് വിജയാശംസകള്‍ നേര്‍ന്ന് മെഹറാബ് ബച്ചന്‍ എന്നയാള്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിന് താഴെയാണ് ഈ സ്ഥാനാര്‍ത്ഥിയെ നെഞ്ചോട് ചേര്‍ക്കുന്നു, ഹൃദയാഭിവാദ്യങ്ങള്‍ എന്ന് കെ കെ രമ കുറിച്ചിരുന്നത്.