കേന്ദ്രത്തിന്റെ പണം ലഭിക്കണമെങ്കിൽ എൻഡിഎയുടെ ഭാഗമാകണം എന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവന ഭരണഘടന വിരുദ്ധമാണെന്നും എം വി ​ഗോവിന്ദൻ വ്യക്തമാക്കി.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്ത കേന്ദ്രമന്ത്രി രാംദാസ് അത്താവലെയ്ക്ക് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. കേരളം എന്താണെന്ന് അത്താവലെയ്ക്ക് അറിയില്ലെന്നാണ് എം വി ​ഗോവിന്ദന്റെ മറുപടി. കേന്ദ്രത്തിന്റെ പണം ലഭിക്കണമെങ്കിൽ എൻഡിഎയുടെ ഭാഗമാകണം എന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവന ഭരണഘടന വിരുദ്ധമാണെന്നും എം വി ​ഗോവിന്ദൻ വ്യക്തമാക്കി. ജനാധിപത്യ മൂല്യങ്ങൾക്ക് എതിരാണെന്നും ഫെഡറൽ സംവിധാനങ്ങൾക്ക് മുകളിലുള്ള കടന്നുകയറ്റമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു.

പിണറായി വിജയൻ എൻഡിഎയിൽ ചേരുകയാണെങ്കിൽ അതൊരു വിപ്ലവകരമായ തീരുമാനമാകുമെന്നും ഭരണത്തുടർച്ച ഉണ്ടാകണമെങ്കിൽ പിണറായി വിജയൻ എൻ ഡിഎയിലേക്ക് വരണമെന്നും ആയിരുന്നു കേന്ദ്രമന്ത്രി രാംദാസ് അത്താവലെയുടെ പരാമര്‍ശം. കേന്ദ്രത്തിൽ നിന്ന് കൂടുതൽ പണം കേരളത്തിന്‌ ലഭിക്കുമെന്നും അത്താവലെ ചൂണ്ടിക്കാട്ടിയിരുന്നു. കമ്മ്യൂണിസ്റ്റ്‌ പാർട്ടി ബിജെപിയെ എതിർത്തോളൂ, പക്ഷേ വികസനത്തെ എതിർക്കരുതെന്നും അത്താവലെ കണ്ണൂരിൽ പറഞ്ഞു.