കെപിസിസി സെക്രട്ടറിമാരായ ജോൺ ഡാനിയേൽ, എ പ്രസാദ് എന്നിവർ പട്ടികയിലുണ്ട്. തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ കോട്ടപ്പുറം ഡിവിഷനിൽ കോൺഗ്രസിനായി മത്സരിക്കും. 4 ജനറൽ സീറ്റിൽ വനിതകൾ മത്സരിക്കും.

തൃശൂർ: തൃശൂര്‍ കോര്‍പ്പറേഷനിലും ജില്ലാ പഞ്ചായത്തിലേക്കുമുള്ള ഒന്നാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്. തൃശൂര്‍ കോര്‍പ്പറേഷനില്‍ 24 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. കെപിസിസി സെക്രട്ടറിമാരായ ജോണ്‍ ഡാനിയേല്‍ പാട്ടുരായ്ക്കലിലും സിവില്‍ സ്റ്റേഷനില്‍ എ പ്രസാദും മത്സരിക്കും. തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാര്‍ കോട്ടപ്പുറത്ത് മത്സരിക്കും. നാല് സിറ്റിങ് കൗണ്‍സിലര്‍മാര്‍ മത്സര രംഗത്തുണ്ട്. നാല് ജനറല്‍ സീറ്റുകളില്‍ കോണ്‍ഗ്രസ് വനിതകളെ മത്സരിപ്പിക്കുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ ഹരീഷ് ഹോമന്‍ കുട്ടനെല്ലൂരില്‍ മത്സരിക്കും. മുന്‍ എംഎല്‍എ പിആര്‍ ഫ്രാന്‍സിസിന്‍റെ മകള്‍ മോളി ഫ്രാന്‍സിസ് തെക്കാട്ടുശേരിയില്‍ നിന്ന് ജനവിധി തേടും. മേയർ സ്ഥാനാര്‍ഥിയെ മുന്‍കൂട്ടി പ്രഖ്യാപിക്കുന്നില്ലെന്ന് ഡിസിസി അധ്യക്ഷൻ അറിയിച്ചു. ജില്ലാ പ‌ഞ്ചായത്തിലേക്ക് പതിമൂന്ന് സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. രണ്ടു ഘട്ടങ്ങളിലായിട്ടായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബർ ഒമ്പതിനും രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബർ 11നും നടക്കും. ഡിസംബർ 13നായിരിക്കും വോട്ടെണ്ണൽ. നവംബർ 14ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കും. നാമനിർദേശ പത്രിക നവംബർ 21 വരെ നൽകാം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴു ജില്ലകളിലായിരിക്കും ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക. രണ്ടാം ഘട്ടത്തിൽ തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോ‍ട് എന്നീ ഏഴു ജില്ലകളിലും വോട്ടെടുപ്പ് നടക്കും. വോട്ടെടുപ്പ് വിജ്ഞാപന തീയതി മുതൽ നാമനിർദേശ പത്രിക നൽകാം.

തെരഞ്ഞെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം ഇന്ന് മുതൽ നിലവിൽ വന്നു. മട്ടന്നൂർ നഗരസഭ ഒഴികെയുള്ള 1199 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 23576 വാർഡുകളിലേക്കായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മട്ടന്നൂരിൽ തെരഞ്ഞെടുപ്പ് പിന്നീട് നടക്കും. സംസ്ഥാനത്ത് ആകെ 33746 പോളിങ് സ്റ്റേഷനുകളായിരിക്കും ഉണ്ടാകുക. 1,37,922 ബാലറ്റ് യൂണിറ്റുകളാണ് തെരഞ്ഞെടുപ്പിനായി സജ്ജമാക്കിയിട്ടുള്ളത്. 50691 കൺട്രോൾ യൂണിറ്റുകളുമുണ്ടാകും. 1249 റിട്ടേണിങ് ഓഫീസർമാരായിക്കും വോട്ടെടുപ്പിനായി ഉണ്ടാകുക. ആകെ 1.80 ലക്ഷം ഉദ്യോഗസ്ഥരെയായിരിക്കും വോട്ടെടുപ്പിനായി നിയോഗിക്കുക. സുരക്ഷക്കായി 70,000 പൊലീസുകാരെയും നിയോഗിക്കും. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിച്ചുള്ള ദുരുപയോഗം തടയാനുള്ള നടപടിയുണ്ടാകും. ആകെ 2.50 ലക്ഷം ഉദ്യോഗസ്ഥരായിരിക്കും തെരഞ്ഞെടുപ്പ് നടത്തുന്നതിനായി ഉണ്ടാകുക. തെരഞ്ഞെടുപ്പ് ഇപ്പോൾ നടക്കുന്നില്ലെങ്കിലും മട്ടന്നൂരിലും പെരുമാറ്റച്ചട്ടം ബാധകമായിരിക്കും.

ഹരിതച്ചട്ടം പാലിക്കണം, വോട്ടെടുപ്പ് രാവിലെ 7 മുതൽ വൈകിട്ട് ആറുവരെ

മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നുവെന്നും ജാതി മതത്തിൻറെ പേരിൽ വോട്ട് ചോദിക്കരുതെന്നും ഔദ്യോഗിക സ്ഥാനം പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതി പരിഗണിക്കാൻ ജില്ലാ തല സമിതിയെ നിയോഗിക്കും. മാധ്യമങ്ങൾക്കും പെരുമാറ്റച്ചട്ടം ബാധകമാണ്. പ്രശ്നബാധിത ബൂത്തുകളിൽ അധിക സുരക്ഷ ഏർപ്പെടുത്തും. വോട്ടെടുപ്പിന് വെബ് കാസ്റ്റിങ് നടത്തും. പ്രചാരണ സമയത്ത് രാത്രി പത്തിനും രാവിലെ ആറിനും ഇടയിൽ ഉച്ചഭാഷിണി ഉപയോഗിക്കാൻ പാടില്ല. ഒരോ ജില്ലകളിലു നിരീക്ഷകരെ വെക്കും. തെരഞ്ഞെടുപ്പ് പ്രചാരണ ചെലവുകൾ നിരീക്ഷിക്കും. ഹരിത ചട്ടം പാലിച്ചായിരിക്കണം പ്രചാരണം നടത്തേണ്ടത്. രാവിലെ ഏഴു മുതൽ വൈകിട്ട് ആറുവരെയായിരിക്കും വോട്ടെടുപ്പെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. 

YouTube video player