രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് വിലയിരുത്തേണ്ടിവരുമെന്ന കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്‍റെ പ്രസ്താവന തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാഹുലിനെതിരായ രണ്ടാമത്തെ പരാതി രാഷ്ട്രീയപ്രേരിതമല്ലെന്ന് വിഡി സതീശൻ

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് വിലയിരുത്തേണ്ടിവരുമെന്ന കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്‍റെ പ്രസ്താവന തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാഹുലിനെതിരായ രണ്ടാമത്തെ പരാതി വെൽ ഡ്രാഫ്റ്റഡ് പരാതി തന്നെയാണെന്നും അത് അങ്ങനെ തന്നെയാണ് നൽകേണ്ടതെന്നും അതിൽ ഒരു തെറ്റില്ലെന്നും വിഡി സതീശൻ പറഞ്ഞു. പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് കരുതുന്നില്ലെന്നും വിഡി സതീശൻ പറഞ്ഞു. രാഹുലിനെതിരായ പരാതിക്ക് പിന്നിൽ ഒരു ലീഗൽ ബ്രെയിനുണ്ടെന്നും വെൽ ഡ്രാഫ്റ്റാണെന്നും അത് ആസൂത്രിതമാണെന്നുമായിരുന്നു സണ്ണി ജോസഫിന്‍റെ പ്രസ്താവന. പരാതി രാഷ്ട്രീയപ്രേരിതമാണെന്ന് വിലയിരുത്തേണ്ടിവരുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കിയിരുന്നു. 

സണ്ണി ജോസഫിന്‍റെ ഈ നിലപാട് തള്ളിയാണ് പരാതി അങ്ങനെ തന്നെയാണ് നൽകേണ്ടതെന്ന് വ്യക്തമാക്കി വിഡി സതീശൻ രംഗത്തെത്തിയത്. രാഹുലിനെതിരായ രണ്ടാം പരാതിയിൽ കോണ്‍ഗ്രസ് നേതൃത്വത്തിലെ രണ്ടു നേതാക്കളുടെ ഭിന്നാഭിപ്രായമാണിപ്പോള്‍ മറനീക്കി പുറത്തുവന്നത്. അതേസമയം, നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സണ്ണി ജോസഫ്. പരാതിക്ക് പിന്നിൽ ലീഗൽ ബ്രെയ്നുണ്ടെന്നും ആസൂത്രിതമാണെന്നും സണ്ണി ജോസഫ് രാവിലെ ആവര്‍ത്തിച്ചു. പുറത്താക്കിയിട്ടും രാഹുലിനെ കൈവിടാൻ കെപിസിസി നേതൃത്വത്തിന് മടിയാണെന്നതിന്‍റെ തെളിവായി അധ്യക്ഷൻറെ പരാമർശം. അതേസമയം, കോണ്‍ഗ്രസുകാരെ സ്ത്രീലമ്പടന്മാരെന്ന് പറഞ്ഞ് രൂക്ഷവിമര്‍ശനം നടത്തിയ മുഖ്യമന്ത്രിക്കെതിരെയും വിഡി സതീശൻ തുറന്നടിച്ചു. 

മുഖ്യമന്ത്രി കാലഹരണപ്പെട്ട ഭരണാധികാരി

മുഖ്യമന്ത്രിയുടെ മറുപടികള്‍ക്ക് നിലവാര തകർച്ചയാണെന്നും പഴയ കമ്യൂണിസ്റ്റിൽ നിന്ന് ബൂർഷയിലേക്കുള്ള മുഖ്യമന്ത്രിയുടെ മാറ്റമാണ് കാണുന്നതെന്നും സമരം ചെയ്യുന്നവരോട് മുഖ്യമന്ത്രിക്ക് പുച്ഛമാണെന്നും വിഡി സതീശൻ പറഞ്ഞു. പിണറായി പാർട്ടി സെക്രട്ടറിയായിരിക്കുമ്പോൾ നടത്തിയ സമരം സെക്രട്ടറിയേറ്റ് പരിസരം ദുർഗന്ധപൂരിതമാക്കിയ സമരം മാത്രമായിരുന്നു. മുഖ്യമന്ത്രി കാലഹരണപ്പെട്ട ഭരണാധികാരിയാണ്. ഇത് തെളിയിക്കുന്നതാണ് അദ്ദേഹത്തിന്‍റെ മറുപടികള്‍. സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ പരാതി എന്തിന് 13 ദിവസം പൂഴ്ത്തിവച്ചുവെന്നും വിഡി സതീശൻ ചോദിച്ചു. എന്ത് ഇരട്ട നീതിയാണിത്? മുഖ്യമന്ത്രിയുടെ മന്ത്രിസഭയിൽ ലൈംഗിക അപവാദ കേസുകളിൽ ഉൾപ്പെട്ടവർ എത്രപേര്‍ ഉണ്ടെന്ന് എണ്ണി നോക്കണം. അദ്ദേഹത്തിന്‍റെ ഓഫിസിലും ഇടത് എംഎൽഎമാർക്കിടയിലും എത്ര പേരുണ്ട്? എന്തിനാണ് കുഞ്ഞുമുഹമ്മദിനെതിരായ പരാതി കൈമാറാൻ വൈകി. എന്തുകൊണ്ട് പൊലീസ് കേസെടുക്കാൻ വൈകി? പിടി കുഞ്ഞുമുഹുമ്മദിനെ രക്ഷപ്പെടുത്താൻ ശ്രമം നടന്നു.സ്വന്തക്കാരുടെ കേസ് വരുമ്പോള്‍ മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പാണ്. ഈ അന്യായം കേരളം അറിയണം.

42 വർഷം ജമാഅത്തെ ഇസ്ലാമി പിന്തുണയോട് കൂടി മത്സരിച്ചവരാണ് സിപിഎം. വെൽഫയർ പാർട്ടി ഞങ്ങളെ പിന്തുണച്ചിട്ടുണ്ട്. ഞങ്ങളത് സ്വീകരിച്ചിട്ടുണ്ട്. അതിലെന്താണ് തെറ്റ്? എത്രയോ തവണ ജമാ അത്തെ ഇസ്ലാമി ആസ്ഥാനത്ത് പോയി ചർച്ച നടത്തിയ ആളാണ് പിണറായി. എംവി ഗോവിന്ദൻ എല്ലാ തെരഞ്ഞെടുപ്പും ജയിച്ചത് ജമാ അത്തെ ഇസ്ലാമി പിന്തുണയോടെയാണ്. സി പി എം ഇങ്ങനെ പരിഹാസ്യരാകരുത്. അയ്യപ്പന്‍റെ സ്വർണം കവർന്നവൻ ഇന്നും പാർട്ടിക്കാരനാണ്. വേറെ പാർട്ടിക്കാരുടെ പേരു പറയുമെന്ന് ഭയന്നാണ് പാർട്ടി നടപടി എടുക്കാത്തത്. ഗവര്‍ണര്‍ -സര്‍ക്കാര്‍ പോരിനെ തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസ മേഖല തകര്‍ന്ന് തരിപ്പണമായി. ഇവർ തമ്മിലുള്ള ഈഗോ ക്ലാഷാണ് നടക്കുന്നത്. അക്കമിട്ട മറുപടി നൽകിയിട്ടും മറുപടി നൽകിയില്ല എന്നു പറയുന്ന മുഖ്യമന്ത്രിയോട് എന്തു പറയാനാണെന്നും വിഡി സതീശൻ ചോദിച്ചു.

YouTube video player