വയനാട് ജില്ലാ പഞ്ചായത്തിലും സുൽത്താൻ ബത്തേരി നഗരസഭയിലും മാനന്തവാടി നഗരസഭയിലും യുഡിഎഫ് മുന്നേറ്റം. കല്‍പ്പറ്റ നഗരസഭയിൽ മാത്രമായി എൽഡിഫിന്‍റെ മുന്നേറ്റം ഒതുങ്ങി.വയനാട് ജില്ലാ പഞ്ചായത്തിൽ യുഡിഎഫ് 14 സീറ്റുകളിലാണ് മുന്നേറുന്നത്.

കല്‍പ്പറ്റ: വയനാട് ജില്ലാ പഞ്ചായത്തിലും സുൽത്താൻ ബത്തേരി നഗരസഭയിലും മാനന്തവാടി നഗരസഭയിലും യുഡിഎഫ് മുന്നേറ്റം. വയനാട്ടിൽ കല്‍പ്പറ്റ നഗരസഭയിൽ മാത്രമായി എൽഡിഫിന്‍റെ മുന്നറ്റമൊതുങ്ങി. വയനാട് ജില്ലാ പഞ്ചായത്തിൽ യുഡിഎഫ് 14 സീറ്റുകളിലാണ് മുന്നേറുന്നത്. എൽഡിഎഫ് മൂന്ന് സീറ്റുകളിലാണ് മുന്നേറുന്നത്. കഴിഞ്ഞ തവണ എട്ടു സീറ്റുകളിലാണ് യുഡിഎഫ് വിജയിച്ചിരുന്നത്. അതേസമയം, നിലവിലെ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരയ്ക്കാൽ പനമരം ബ്ലോക്ക് പഞ്ചായത്ത് പൂതാടി ഡിവിഷനിൽ ഇത്തവണ പിന്നിലാണ്. ഇവിടെ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി ബിനു ജേക്കബ് ആണ് ലീഡ് ചെയ്യുന്നത്. വയനാട് ജില്ലാ പഞ്ചായത്തിൽ യുഡിഎഫ് വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്. അതുപോലെ മാനന്തവാടി നഗരസഭയിലും സുൽത്താൻ ബത്തേരി നഗരസഭയിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയത്. സുൽത്താൻ ബത്തേരി നഗരസഭയിൽ എൽഡിഎഫിനെ പിന്നിലാക്കി 20 ഡിവിഷനുകളിലും യുഡിഎഫ് അട്ടിമറി വിജയം നേടി. എൽഡിഎഫിന് 9 സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്. ബത്തേരി നഗരസഭ ഭരണം എൽഡിഎഫിൽ നിന്ന് തിരിച്ചുപിടിക്കുകയാണ് യുഡിഎഫ്. ബത്തേരി നഗരസഭ ചെയര്‍മാൻ ടികെ രമേഷ് ഉള്‍പ്പെടെ തോറ്റു. ബ്രഹ്മഗിരി സൊസൈറ്റി ക്രമക്കേട് അടക്കം എൽഡിഎഫിന് തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.

വയനാട്ടിലെ കല്‍പ്പറ്റ നഗരസഭയിൽ 15 സീറ്റുകളിലാണ് എൽഡിഎഫ് വിജയിച്ചത്. യുഡിഎഫ് എട്ടു സീറ്റുകളിലും എൻഡിഎ രണ്ടു സീറ്റുകളിലും വിജയിച്ചു. കല്‍പ്പറ്റ നഗരസഭ ഭരണം യുഡിഎഫിൽ നിന്ന് എൽഡിഎഫ് തിരിച്ചുപിടിച്ചു. അതേസമയം, മാനന്തവാടി നഗരസഭയിൽ 21 സീറ്റുകളിൽ യു.ഡി.എഫ് വിജയിച്ചു. 14 സീറ്റുകളിലാണ് എൽഡിഎഫ് വിജയിച്ചത്. ഇവിടെയും യു.ഡി.എഫ് ഭരണം ഉറപ്പിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ഭരണം നിലനിര്‍ത്തിയതും ബത്തേരി നഗരസഭ ഭരണം പിടിച്ചെടുത്തതും കോണ്‍ഗ്രസിന് വയനാട്ടിൽ നേട്ടമായി. വയനാട്ടിലെ നാല് ബ്ലോക്ക് പഞ്ചായത്തുകളിൽ നാലിടത്തും യു.ഡി.എഫ് ആണ് മുന്നേറുന്നത്. ഗ്രാമപഞ്ചായത്തുകളിലും യു.ഡി.എഫ് മുന്നേറ്റമാണ്. 18 പഞ്ചായത്തുകളിൽ യു.ഡി.എഫും നാലു പഞ്ചായത്തുകൾ എൽഡിഎഫുമാണ് മുന്നേറുന്നത്.