കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോൺഗ്രസും കേരള കോൺഗ്രസും തമ്മിലുള്ള ഉഭയകക്ഷി ചർച്ച കോട്ടയത്ത് തുടങ്ങി. തിരുവഞ്ചൂർ രാധാകൃഷ്ണൻ, കോട്ടയം ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്, കേരള കോൺഗ്രസ് നേതാക്കളായ പിജെ ജോസഫ്, മോൻസ് ജോസഫ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുന്നു. 

തദ്ദേശ തെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണ മത്സരിച്ച മുഴുവൻ സീറ്റും വേണമെന്ന് പിജെ ജോസഫ് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് കോൺഗ്രസിന്റെ നേതൃത്വത്തിൽ ചർച്ച നടക്കുന്നത്. കേരള കോൺഗ്രസ് എം ജോസ് കെ മാണി വിഭാഗം മുന്നണി വിട്ട സാഹചര്യത്തിലാണ് ജില്ലയിൽ തദ്ദേശ-നിയമസഭാ സീറ്റുകളുടെ കാര്യത്തിൽ ഒഴിവ് വന്നത്. എല്ലാ സീറ്റും തങ്ങൾക്ക് നൽകണമെന്ന പിജെ ജോസഫ് വിഭാഗത്തിന്റെ ആവശ്യത്തിന് നേരെ എതിർ നിലപാടാണ് ജില്ലയിലെ കോൺഗ്രസ് നേതൃത്വം സ്വീകരിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും കൂടുതൽ സീറ്റ് വേണമെന്നാണ് ജില്ലയിലെ കോൺഗ്രസ് നേതാക്കളുടെ ആവശ്യം. തദ്ദേശ സീറ്റ് തർക്കം രമ്യമായി പരിഹരിക്കുമെന്ന് പിജെ ജോസഫ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. കേരള കോൺഗ്രസ് മത്സരിച്ച സീറ്റുകൾ തന്നെ വേണമെന്നാണ് നിലപാട്. നിയമസഭാ സീറ്റിനെക്കുറിച്ച് ഇപ്പോൾ ചർച്ച ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.