കൊച്ചി: മരടില്‍ ഇന്ന് പൊളിക്കുന്ന ആൽഫാ സെറീൻ ഫ്ലാറ്റിന് മുന്നിൽ പ്രതിഷേധവുമായി നാട്ടുകാർ. ഒഴിപ്പിക്കലും നിരോധനാജ്ഞയും സംബന്ധിച്ച് നിരവധി ആശയക്കുഴപ്പങ്ങൾ ഉണ്ടെന്നും ഇതിന് പരിഹാരം കാണണം എന്നുമാണ്  നാട്ടുകാരുടെ ആവശ്യം. നിരോധനാജ്ഞ വൈകിട്ട് 4 മണിവരെ നീട്ടിയ സാഹചര്യത്തിൽ താൽക്കാലിക ക്യാമ്പുകളിൽ ഭക്ഷണം നൽകണമെന്നും ഇവർ ആവശ്യപ്പെടുന്നു. പ്രദേശത്ത് നിന്നും രാവിലെ ഒമ്പതുമണിക്ക് ഒഴിഞ്ഞുപോകണമെന്ന് നോട്ടീസില്‍ വ്യക്തമാക്കുന്നത്. ഇവര്‍ക്കായി രണ്ട് ക്യാമ്പുകള്‍ ഒരുക്കിയിട്ടുണ്ട്. 

എന്നാല്‍ അങ്ങോട്ട് എങ്ങനെ പോകണമെന്നതില്‍ വ്യക്തതയില്ല. ചെറിയ കുട്ടികളടക്കം ഇവര്‍ക്ക് ഒപ്പമുണ്ട്. എന്നാല്‍, ഭക്ഷണം മറ്റ് സൗകര്യങ്ങള്‍ ഒന്നിലും  വ്യക്തത വന്നിട്ടില്ല. '50 മീറ്റര്‍ ചുറ്റളവിലെ വീടുകള്‍ക്ക് സുരക്ഷ നല്‍കുന്നതിനെക്കുറിച്ച് സബ്കലക്ടര്‍ എല്ലാ യോഗങ്ങളിലും പറഞ്ഞിട്ടുണ്ട്. പക്ഷേ ഇതുവരേയും അതൊന്നും നടപ്പാക്കിയിട്ടില്ല. വീടുകള്‍ മൂടുമെന്നും ഭിത്തിക്ക് വിള്ളല്‍ വീഴാതിരിക്കാന്‍ മണല്‍ചാക്കുകളിട്ട് മൂടുമെന്നുമായിരുന്നു പറഞ്ഞത്. എന്നാല്‍ ഇതൊന്നും ചെയ്തിട്ടില്ല'- പ്രദേശവാസികള്‍ വ്യക്തമാക്കി. മുനിസിപ്പാലിറ്റിയും സബ്ലക്ടറും ഗവണ്‍മെന്‍റും പറഞ്ഞ കാര്യങ്ങളൊന്നും നടപ്പാക്കാതെ കയ്യഴിഞ്ഞുവെന്നും പ്രദേശവാസികള്‍ കൂട്ടിച്ചേര്‍ത്തു.