Asianet News MalayalamAsianet News Malayalam

വാര്‍ഡ് വിഭജന പ്രതിസന്ധി: ഗവർണറെ മറികടക്കാൻ സര്‍ക്കാര്‍, ബില്ല് കൊണ്ടുവരാമെന്ന് എജി

ഓര്‍ഡിനൻസിൽ ഗവര്‍ണര്‍ ഒപ്പുവച്ചില്ലെങ്കിലും നിയമസഭയിൽ ബില്ല് കൊണ്ടുവരാൻ തടസമില്ലെന്നാണ് അഡ്വക്കേറ്റ് ജനറലിന്‍റെ നിയമോപദേശം. 

local ward ordinance  kerala government to overtake governor
Author
Trivandrum, First Published Jan 16, 2020, 1:37 PM IST

തിരുവനന്തപുരം: തദ്ദേശ ഭരണ വാർഡ് വിഭജനത്തിനുള്ള ഓർഡിനൻസിൽ ഒപ്പുവക്കാത്ത ഗവര്‍ണറുടെ നടപടിയെ നിയമസഭയിൽ ബിൽ കൊണ്ടു വന്ന്  മറികടക്കാൻ സർക്കാർ. ഓർഡിനൻസിൽ ഒപ്പിട്ടില്ലെങ്കിലും ബിൽ കൊണ്ടുവരാമെന്നാണ് അഡ്വക്കേറ്റ് ജനറൽ സർക്കാറിന് നിയമോപദേശം നൽകിയത്. ഓർഡിനൻസ് തിരിച്ചയക്കാത്ത സാഹചര്യത്തിൽ സഭയിൽ ബിൽ കൊണ്ടുവരാനാകുമോ എന്നതായിരുന്നു സർക്കാറിന് മുന്നിലെ പ്രധാന പ്രശനം. പക്ഷെ അതിൽ നിയമപരമായ തടസം ഒന്നും ഇല്ലെന്നാണ് എജിയുടെ ഉപദേശം . നിയമസഭയിലെ ഭൂരിപക്ഷം അൻുസരിച്ച് സർക്കാറിന് ബിൽ പാസാക്കി എടുക്കുകയും ചെയ്യാം.

തദ്ദേശമന്ത്രി നേരിട്ടും രണ്ട് തവണ രേഖാമൂലവും നൽകിയ വിശദീകരണം തള്ളിയാണ് വാർഡ് വിഭജന ഓർഡിനൻസിനെ ഗവർണര്‍ എതിര്‍ക്കുന്നത്. എതിര്‍പ്പ് പരസ്യമാക്കി ഗവര്‍ണര്‍ മാധ്യമങ്ങൾക്ക് മുന്നിലെത്തുക കൂടി ചെയ്തതോടെ  അസാധാരണമായ പ്രതിസന്ധിയാണ് സര്‍ക്കാരിന് മുന്നിൽ ഉടലെടുത്തത്. ഇതിനെ മറികടക്കാനായിരുന്നു സര്‍ക്കാര്‍ നിയമോപദേശം തേടിയത്. 

അതേ സമയം ബില്ലിന്മേലും ഗവർണ്ണർ സ്വീകരിക്കുന്ന നിലപാട് നിർണ്ണായകമാണ്. ബിൽ സഭ പാസാക്കിയാലും നിയമമാകണമെങ്കിൽ ഗവര്‍ണര്‍ ഒപ്പിട്ടേ മതിയാകു. ബിൽ വീണ്ടും വേണമെങ്കിൽ തിരിച്ചയക്കുകയോ  നിയമപ്രശ്നം ചൂണ്ടിക്കാട്ടി രാഷ്ട്രപത്രിയുടെ പരിഗണനക്ക് അയക്കുകയോ ചെയ്യാനും ഗവര്‍ണര്‍ക്ക് കഴിയും. തിരിച്ചയക്കുന്ന ബിൽ നിയമസഭ വീണ്ടും പാസാക്കി അനുമതിക്കായി നൽകിയാൽ ഗവർണ്ണർക്ക് ഒപ്പിട്ടേ പറ്റൂ. പക്ഷെ കടുത്ത നിലപാട് സ്വീകരിക്കുന്ന ഗവർണറുടെ തുടർനടപടിയിൽ സർക്കാറിന് ആശങ്കയുമുണ്ട്. അതേസമയം വാർഡ് വിഭജനത്തിനെതിരെ ഗവർണറെ സമീപിച്ച പ്രതിപക്ഷനേതാവ് പ്രശ്നത്തിൽ ഗവർണ്ണറുടെ നടപടിയെ പൂർണമായും പിന്തുണക്കുകയാണ്. 

വാർഡ് വിഭജന തീരുമാനം നടപ്പാക്കാൻ സർക്കാർ വൈകിച്ചതാണ് പ്രതിസന്ധിയുടെ യഥാർത്ഥകാരണം. പുതിയ സെൻസസ് നടപടിക്ക് ഒരു വർഷം മാത്രം ബാക്കിയിരിക്കെ വാർഡുകൾ വിഭജിക്കരുതെന്ന് കാണിച്ച് കേന്ദ്ര സെൻസസ് കമ്മീഷണർ നവംബറിൽ സർക്കാറിന് കത്തയച്ചിരുന്നു. 1948 ലെ സെൻസസ് ചട്ടവും അത് തന്നെയാണ് പറയുന്നത്. പക്ഷെ ഇത് പരിഗണിക്കാതെ വാർഡ് വിഭജനത്തിനായി വൈകിയ വേളയിൽ സർക്കാർ നി‍ർബന്ധം പിടിച്ചതാണ് പ്രശ്നമായതെന്നാണ് വിലയിരുത്തൽ.സെൻസസ് ചട്ടം അടക്കം ഉന്നയിച്ചായിരുന്നു രമേശ് ചെന്നിത്തല ഗവർണര്‍ക്ക് പരാതി നൽകിയത്.

 

Follow Us:
Download App:
  • android
  • ios