കോഴിക്കോട്: തദ്ദേശതെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് രണ്ട് മണിക്കൂർ പിന്നിടുമ്പോൾ പോളിം​ഗ് ശതമാനം 15 കടന്നു. കാസർകോട് 14.93 ശതമാനവും കണ്ണൂർ 15.18 ശതമാനവും പോളിം​ഗ് രേഖപ്പെടുത്തിയെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. കോഴിക്കോട് 14.61 ശതമാനം പോളിം​ഗ് രേഖപ്പെടുത്തി. മലപ്പുറത്ത് 15.45 ആണ് ഇതുവരെയുള്ള പോളിം​ഗ് ശതമാനം. 

കണ്ണൂരിലെ  ഗ്രാമീണ മേഖലയിൽ കനത്ത പോളിംഗാണ്. മിക്ക ബൂത്തുകളിലും നീണ്ട ക്യൂ ദൃശ്യമാണ് .കണ്ണൂർ പടിയൂർ പഞ്ഞായത്ത് പത്താം വാർഡിലെ വോട്ടിംഗ് മെഷീൻ തകരാറിലായി. രണ്ടാമത് കൊണ്ടുവന്ന വോട്ടിംഗ് മെഷീനും തകരാറിലായതിനെത്തുടർന്ന് വോട്ടെടുപ്പ് വൈകുന്നു. രാജ്മോഹൻ ഉണ്ണിത്താൻ എംപി കാസർകോട്ട് വോട്ട് രേഖപ്പെടുത്തി. കാസർകോട്ടെ അദ്ദേഹത്തിന്റെ ആദ്യ വോട്ടാണ് ഇത്. 

മുഖ്യമന്ത്രി പിണറായി വിജയനും രാവിലെ വോട്ട് രേഖപ്പെടുത്തി. ചരിത്ര വിജയം സമ്മാനിക്കുന്ന തെരഞ്ഞെടുപ്പായിരിക്കും ഇതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. എല്ലാ പ്രതിലോമശക്തികളും ഒന്നിച്ച് എൽഡിഎഫിനെ നേരിട്ടു. അവർക്ക് വേണ്ട സൗകര്യം കേന്ദ്ര ഏജൻസികളും ഒരുക്കിക്കൊടുത്തു. 16ന് വോട്ടെണ്ണുമ്പോഴറിയാം ആരാണ് ഉലഞ്ഞതെന്ന്. എൽഡിഎഫ് ഐതിഹാസിക വിജയം നേടിയതിന് പിന്നാലെ കൂടുതൽ നടപടികളിലേക്ക് കടക്കണമെങ്കിൽ അവർക്ക് കടക്കാം. കേരളത്തിൽ മാത്രമാണ് കൊവിഡ് ചികിത്സ പൂർണമായി സൗജന്യമായി നൽകുന്നത്. വാക്സിൻ സൗജന്യമെന്നത് കൊവിഡ് പ്രതിരോധ നടപടിയാണ്. അതിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ഇല്ല. വെൽഫെയർ ബന്ധത്തോടെ ലീഗിൻ്റെ അടിത്തറ തകരും. ലീഗിനെ പിന്തുണയ്ക്കുന്ന പ്രമുഖ സംഘടന തന്നെ ഈ ബന്ധത്തെ എതിർത്തു. സർക്കാരിനെതിരായ ദുഷ്പ്രചരണങ്ങൾക്കെതിരായ വിധിയെഴുത്താകും തെരഞ്ഞെടുപ്പെന്നും മുഖ്യമന്ത്രി പറഞ്ഞു.