നെടുമങ്ങാട് ഒന്നര വയസ്സുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ തെളിവെടുപ്പ്. മുഖ്യപ്രതി അഷ്കറിന് നേരെ നാട്ടുകാരുടെ രോഷം
തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസ്സുകാരൻ മർദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതി അഷ്കറിന് നേരെ നാട്ടുകാരുടെ രോഷം. പ്രതിയെ തെളിവെടുപ്പിനായി ഇവർ താമസിച്ചിരുന്ന കരിക്കുഴിയിലെ വാടക വീട്ടിൽ എത്തിച്ചതിനിടെയാണ് ജനരോഷം ഉണ്ടായത്. പ്രതിക്ക് നേരെ അസഭ്യ വാക്കുകളുമായി പൊട്ടിത്തെറിച്ച നാട്ടുകാർ കൈയേറ്റം ചെയ്യാനും ശ്രമം നടത്തി. നാട്ടുകാരുടെ ഇടയിൽനിന്ന് ഏറെ പണിപ്പെട്ടാണ് പൊലീസ് സംഘം പ്രതിയുമായി തെളിവെടുപ്പ് നടത്തി മടങ്ങിയത്.
രാവിലെ 11:15 ഓടെ ആണ് പൊലീസ് സംഘം അഷ്കറുമായി കരിക്കുഴിയിലെ വാടക വീട്ടിൽ എത്തിയത്. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് വലിയ തോതിൽ പൊലീസുകാരെ വിന്യസിച്ചിരുന്നു. വീടിനകത്തും പരിസരത്തുമാണ് തെളിവെടുപ്പ് നടത്തിയത്. പ്രകോപിതരായ നാട്ടുകാരും പൊലീസും തമ്മിൽ വാക്കേറ്റം ഉണ്ടായി. കേസിലെ മറ്റൊരു പ്രതിയായ കുട്ടിയുടെ അമ്മ അഖിലയെ തെളിവെടുപ്പിന് എത്തിച്ചിട്ടില്ല.
നാട്ടിൽ ഇത്തരമൊരു സംഭവം ആദ്യമായാണ് നടക്കുന്നതെന്ന് രോഷാകുലരായ നാട്ടുകാർ പറഞ്ഞു. നിയമത്തെയോ കാക്കിയെയോ ചോദ്യംചെയ്തതല്ല, നാട്ടുകാരുടെ പ്രതിഷേധമാണ് അറിയിച്ചത്. ഒന്നര വയസ്സുകാരനായ കുഞ്ഞിനെതിരെ കാട്ടിയ മനുഷ്യത്വരഹിതമായ ക്രൂരതയ്ക്കെതിരായ സ്വാഭാവിക പ്രതിഷേധമാണ് നടത്തിയതെന്ന് നാട്ടുകാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
"ആ കുഞ്ഞിനെ കുട്ടികളില്ലാത്തവർക്ക് കൊടുത്തുകൂടായിരുന്നോ? 90 ദിവസം കഴിയുമ്പോൾ അവൻ ജാമ്യമെടുത്ത് പുറത്തിറങ്ങും. ഞങ്ങൾക്കും ഉണ്ട് മക്കൾ"- നാട്ടുകാർ തുടർന്നു. ഇക്കഴിഞ്ഞ ദിവസമാണ് തൊണ്ടയിൽ ഭക്ഷണം കുരുങ്ങി ഛർദിച്ചുവെന്ന് പറഞ്ഞ് കുട്ടിയെ അഷ്കർ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിക്കെ കുട്ടി മരണപ്പെട്ടതിനെ തുടർന്ന് നടത്തിയ പോസ്റ്റ് മോർട്ടത്തിലാണ് മനസാക്ഷിയെ നടുക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. കുട്ടി അതിക്രൂരമായ മർദനമേറ്റുവെന്നാണ് പോസ്റ്റ് മോർട്ടത്തിലെ കണ്ടെത്തൽ. സംഭവത്തിൽ കുട്ടിയുടെ അമ്മ അഖില, അമ്മയുടെ പങ്കാളി അഷ്കർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം നെടുമങ്ങാട് കുഞ്ഞിൻ്റെ കൊലപാതം സർക്കാർ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. നിയമപരമായ കാര്യങ്ങൾ നടക്കുന്നുണ്ട്. പ്രതികൾ ശിക്ഷിക്കപ്പെടണം. പഴുതുകൾ ഇല്ലാത്ത നിയമ നടപടികൾ സ്വീകരിക്കും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉള്ള നടപടികൾ വകുപ്പ് സ്വീകരിക്കും. ആരുടെ കയ്യിലാണോ കുഞ്ഞുങ്ങൾ സുരക്ഷിതർ എന്ന് കരുതുന്നത് അവിടെയാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.


