പത്തനംതിട്ട എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐക്ക് വിട്ട സർക്കാർ തീരുമാനത്തെ അദ്ദേഹത്തിന്റെ കുടുംബം സ്വാഗതം ചെയ്തു. ഇത്ര വേഗത്തിൽ ഒരു തീരുമാനം പ്രതീക്ഷിച്ചിരുന്നില്ലെന്നും സിബിഐ അന്വേഷണത്തിൽ പൂർണ പ്രതീക്ഷയുണ്ടെന്നും ഭാര്യ മഞ്ജുഷ പറഞ്ഞു.

പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്റെ മരണം അന്വേഷണത്തിനായി സിബിഐക്ക് വിട്ട സംസ്ഥാന സർക്കാർ നടപടിയെ സ്വാ​ഗതം ചെയ്ത് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ. തീരുമാനം വളരെയധികം ആശ്വാസകരമാണെന്നും മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും നേരിൽകണ്ട് സംസാരിച്ചിരുന്നുവെന്നും അവരുടെ ഭാഗത്തുനിന്ന് പോസിറ്റീവ് ആയിട്ടുള്ള മറുപടി ലഭിച്ചെങ്കിലും ഇത്ര വേഗം സിബിഐ അന്വേഷണത്തിലേക്ക് പോകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും മഞ്ജുഷ പറഞ്ഞു. കേസന്വേഷണം സിബിഐക്ക് വിട്ടതിൽ പ്രതീക്ഷയുണ്ട്. സിബിഐ അന്വേഷണം നല്ല രീതിയിൽ പോകുമെന്ന് മനസ്സിലാക്കുന്നുവെന്നും അവർ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബുവും പ്രതികരണവുമായി രം​ഗത്തെത്തി. നവീൻ ബാബുവിന്റെ മരണശേഷം ആദ്യഘട്ടത്തിൽ നടത്തിയ അന്വേഷണം ശരിയായ രീതിയിൽ പോകും എന്നായിരുന്നു കരുതിയിരുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കണ്ടതിനുശേഷം അന്വേഷണം ശരിയായ രീതിയിൽ അല്ല പോകുന്നത് എന്ന് മനസ്സിലായി. കഴിഞ്ഞ സർക്കാര് സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്. അന്വേഷണം നല്ല രീതിയിൽ പോകുന്നുണ്ട് എന്നായിരുന്നു സർക്കാർ കോടതിയെ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. പമ്പിന്റെ ഉടമ ആരാണെന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല. 

കുടുംബം കണ്ടെത്തിയ 30ലധികം പോയിന്റുകൾ സിബിഐ അന്വേഷിക്കണം. എല്ലാം പോരായ്മകളും കണ്ടെത്തി സിബിഐ നല്ല രീതിയിൽ അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തണമെന്നും നിഷ്പക്ഷമായ അന്വേഷണ ഉദ്യോഗസ്ഥർ വരണമെന്നും ശരിയായ റിസൾട്ട് ഞങ്ങൾക്ക് വേണമെന്നും ഇവർ പറഞ്ഞു.