തിരുവനന്തപുരം: ഇന്ന് പുതിയ അഞ്ച് കൊവിഡ് കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കേരളം അതീവ ജാഗ്രതയിലേക്ക്. അധികവും കാസര്‍കോട് ജില്ലയിലാണ്. കാസര്‍കോട്ടെ അതീവ ഗുരുതര സാഹചര്യം പരിഗണിച്ച് ജില്ലയിൽ ലോക് ഡൗൺ നടപ്പാക്കി. സംസ്ഥാനത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോട് അടക്കം ഒമ്പത് ജില്ലകളിൽ കര്‍ശന നിയന്ത്രണം നടപ്പാക്കേണ്ടിവരുമെന്ന് ചീഫ് സെക്രട്ടറി വിശദീകരിച്ചു. ഇവിടങ്ങളിലെല്ലാം സാഹചര്യത്തിന് അനുസരിച്ച് ഉചിതമായ തീരുമാനം എടുക്കാൻ ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 

 നിലവിൽ സംസ്ഥാനത്ത് ഇതുവരെ 54 പേർക്ക് രോഗം സ്ഥിരീകരിച്ചുവെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു. ഇന്ന് സംസ്ഥാനത്ത് അഞ്ച് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ലോക് ഡൗൺ നടപ്പാക്കണമെന്നാണ് കേന്ദ്ര നിര്‍ദ്ദേശം. സംസ്ഥാനത്തിന്‍റെ വിലയിരുത്തലനുസരിച്ച് ഒമ്പത് ജില്ലകളിലാണ് നിയന്ത്രണം വേണ്ടതെന്നും ചീഫ് സെക്രട്ടറി വിശദീകരിച്ചു. 

പരമാവധി ആളുകൾ പുറത്തിറങ്ങാതിരിക്കണം എന്ന് മാത്രമാണ് നിയന്ത്രണം കൊണ്ട് ഉദ്ദേശിക്കുന്നത്. . വൈറസ് വ്യാപനം പരമാവധി തടയാനാണിത്.ഭക്ഷ്യ വസ്തുക്കൾക്ക് ക്ഷാമമുണ്ടാകില്ല, വെള്ളവും വൈദ്യതിയും ആരോഗ്യ സേവനങ്ങളും അടക്കം ഒന്നിനും ജനം ബുദ്ധിമുട്ടില്ല .

ജില്ലകളിൽ എര്‍പ്പെടുത്തേണ്ട നിയന്ത്രണങ്ങൾ  സംബന്ധിച്ച നിർദ്ദേശം ഇന്നലെ രാത്രി തന്നെ നൽകിയിരുന്നു. അനുയോജ്യമായ തീരുമാനം ജില്ലാ കളക്ടർമാർക്ക് എടുക്കാം. മുഖ്യമന്ത്രി വ്യാപാരികളുമായി നാളെ ചർച്ച നടത്തും. അതിന്റെ മാർഗ നിർദ്ദേശങ്ങൾ നൽകും. ഇന്ന് രാത്രി ഒൻപത് മണിക്ക് ശേഷം ആളുകളോട് പുറത്തിറങ്ങരുതെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. അന്തർ സംസ്ഥാന ബസുകൾ നിർത്തി. ചരക്കു ഗതാഗതത്തിന് തടസമില്ല. ജില്ലകളിൽ നിന്ന് ജില്ലകളിലേക്കുള്ള യാത്ര തടഞ്ഞിട്ടില്ലെന്നും ചീഫ് സെക്രട്ടറി പറഞ്ഞു