കൊച്ചി: ലോക് ഡൗണിനെത്തുടർന്ന് ചെന്നൈയിലായിരുന്ന കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാർ കൊച്ചിയിലെ തന്‍റെ ഔദ്യോഗിക വസതിയിൽ തിരിച്ചെത്തി. വാളയാറിൽ ആരോഗ്യ പരിശോധന നടത്തിയശേഷമാണ് അതിർത്തി കടക്കാൻ അനുവദിച്ചത്. ഇതരസംസ്ഥാനത്തുനിന്നെത്തുന്നവർ നിർബന്ധമായും 14 ദിവസം നിരീക്ഷണത്തിൽ പോകണമെന്നാണ് വ്യവസ്ഥ എങ്കിലും ചീഫ് ജസ്റ്റിസ് ക്വാറന്‍റീനിലാണോയെന്ന് വ്യക്തമല്ല.

രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചതോടെയാണ് ആഴ്ചകൾക്കുമുമ്പ് ചീഫ് ജസ്റ്റിസ് എസ് മണികുമാർ സ്വദേശമായ ചെന്നെയിലേക്ക് പോയത്. ലോക്ഡൗൺ നീണ്ടതോടെ അവടെത്തുടരുകയായിരുന്നു. കഴി‍ഞ്ഞ ദിവസമാണ് കേരളത്തിലേക്ക് മടങ്ങിവരാൻ അനുമതി തേടി സർക്കാരിന് കത്ത് നൽകിയത്. അനുമതി കിട്ടിയതോടെ അദ്ദേഹം  കോയമ്പത്തൂരെത്തി. കൊച്ചിയിൽ നിന്നെത്തിയ ഔദ്യോഗിക വാഹനത്തിൽ അവിടെനിന്ന് കേരളാ–തമിഴ്നാട് അതിർത്തിയായ വാളയാറിലേക്ക് തിരിച്ചു. 

കൊവിഡ് രോ​ഗികളുടെ വിവരങ്ങൾ ചോരുന്നു? തുട‍ർ ചികിത്സ വാ​ഗ്ദാനം ചെയ്ത് സ്വകാര്യ ആശുപത്രികളുടെ കോളുകൾ

വാളയാറിൽ വെച്ച് പൊലീസും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി. പനിയടക്കമുളള ആരോഗ്യ പ്രശ്നങ്ങൾ നിലവിൽ ഇല്ലെന്ന് വ്യക്തമായതോടെ അതിർത്തി കടക്കാൻ അനുവദിച്ചു. രാത്രിയോടെ കൊച്ചിയിലെ ഔദ്യോഗിക വസതിയിൽ എത്തി. ലോക്ഡൗൺ കാലത്ത് ഇതരസംസ്ഥാനത്തുനിന്നെത്തുന്നവർ നിർബന്ധമായും വീടുകളിൽ നിരീക്ഷണത്തിൽ തുടരണമെന്നാണ് നിലവിലെ വ്യവസ്ഥ. മറ്റൊരു  മുതിർന്ന ജഡ്ജിയുടെ വിരമിക്കൽ ചടങ്ങടക്കം അടുത്തയാഴ്ച ഹൈക്കോടതിയിൽ നടക്കാനുണ്ട്. എന്നാൽ ഇതര സംസ്ഥാനത്തുനിന്ന് എത്തിയ ചീഫ് ജസ്റ്റിസ് ഔദ്യോഗിക ചടങ്ങുകളിൽ പങ്കെടുക്കുമോ അതോ നടപടികൾ ഓൺ ലൈൻ വഴിയാക്കുമോ എന്ന് വ്യക്തമല്ല.