ഇടുക്കിയിലെ പ്രത്യേക നിരീക്ഷണത്തിന് നിയോഗിച്ച ദക്ഷിണ മേഖല ഐജി ഹര്‍ഷത അട്ടല്ലൂരി അതിര്‍ത്തി മേഖലകളില്‍ നേരിട്ടെത്തി കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്. 

തൊടുപുഴ: ഇടുക്കിയില്‍ കൊവിഡ് കേസുകള്‍ കുറയുന്നുണ്ടെങ്കിലും നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ലഭരണകൂടം. അതിര്‍ത്തി മേഖലകളില്‍ പൊലീസിന്റെയും വനംവകുപ്പിന്റെയും നേതൃത്വത്തില്‍ പരിശോധന ശക്തമാക്കി. കടവരിയില്‍ വനത്തിലൂടെ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച അഞ്ച് പേരെ വനംവകുപ്പ് പിടികൂടി തിരിച്ചയച്ചു. 

ഗ്രീന്‍ സോണില്‍ നിന്ന് പൊടുന്നനെ റെഡ് സോണിലേക്ക് മാറിയ അനുഭവം മുന്‍നിര്‍ത്തിയാണ് ഇടുക്കിയില്‍ പരിശോധനകള്‍ കടുപ്പിക്കുന്നത്. തേനിയില്‍ കൊവിഡ് രോഗികള്‍ കൂടുന്നതും ആശങ്ക സൃഷ്ടിക്കുന്നു. അതിര്‍ത്തി മേഖലയില്‍ നിരീക്ഷണം ശക്തമാക്കാന്‍ വനംവകുപ്പ് മുപ്പതോളം വാച്ചര്‍മാരെ നിയോഗിച്ചു. വനത്തില്‍ പൊലീസിന് എത്തിപ്പെടാന്‍ പറ്റാത്ത മേഖലകളില്‍ ടെന്റ് കെട്ടി താമസിച്ചാണ് ഇവരുടെ നിരീക്ഷണം.

തമിഴ്‌നാട്ടിലേക്കുള്ള പ്രധാന പാതകള്‍ അടച്ചതിനാല്‍ വനപാതയിലൂടെ ഇപ്പോഴും തമിഴ്‌നാട്ടിലേക്കും തിരിച്ചും കടക്കാന്‍ ആളുകള്‍ ശ്രമിക്കുന്നുണ്ട്. ഇത്തരത്തില്‍ വട്ടവടയില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ചവരെയാണ് വനംവകുപ്പ് തിരിച്ചയച്ചത്. അതിര്‍ത്തി മേഖലകളിലും വനപാതകളിലും പൊലീസ് പരിശോധന തുടരുന്നു. ഡ്രോണ്‍ ഉപയോഗിച്ചും നിരീക്ഷണം നടത്തുന്നു.

ഇടുക്കിയിലെ പ്രത്യേക നിരീക്ഷണത്തിന് നിയോഗിച്ച ദക്ഷിണ മേഖല ഐജി ഹര്‍ഷത അട്ടല്ലൂരി അതിര്‍ത്തി മേഖലകളില്‍ നേരിട്ടെത്തി കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്. ജില്ലയില്‍ കൊവിഡ് ബാധിച്ച് 13 പേരാണ് ചികിത്സയില്‍ ഉള്ളത്. ഇവരില്‍ പത്ത് പേരുടെയും പുതുതായി വന്ന പരിശോധന ഫലങ്ങള്‍ നെഗറ്റീവാണ്. അടുത്ത ഫലം കൂടി നെഗറ്റീവായാല്‍ ഇവര്‍ക്ക് ആശുപത്രി വിടാം.