Asianet News MalayalamAsianet News Malayalam

ലോക്ക് ഡൗൺ ഇളവ്: ജനം കൂട്ടത്തോടെ നിരത്തിൽ, സർക്കാർ വെട്ടിൽ, ഒപ്പം ആശയക്കുഴപ്പവും

ഇളവുകൾ നിലവിൽ വരുന്ന ഓറഞ്ച് ബിയിലാണ് തിരുവനന്തപുരം ജില്ല. പക്ഷെ കോർപ്പറേഷൻ പരിധി ഹോട്ട് സ്പോട്ട് ആയിരുന്നു. സർക്കാർ നിയന്ത്രണങ്ങൾ മറികടന്ന് നഗരത്തിലേക്ക് സ്വന്തം കാറുകളിലെത്തിയ ജനങ്ങളെ കൊണ്ട് തിക്കും തിരക്കുമായി

Lock down relaxation Kerala government agencies fails to control people on road
Author
Thiruvananthapuram, First Published Apr 20, 2020, 1:49 PM IST

തിരുവനന്തപുരം: കൊവിഡിനെ ഫലവത്തായി പ്രതിരോധിച്ചതിന് ലോകമാകെ നിന്ന് പ്രശംസ നേടിയ സംസ്ഥാന സർക്കാർ ഇളവനുവദിച്ചതോടെ വെട്ടിലായി. ലോക്ക് ഡൗണിൽ ജനങ്ങൾ സംസ്ഥാനത്ത് പലയിടത്തും കൂട്ടത്തോടെ റോഡിലിറങ്ങി. നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിൽ വിവിധ സർക്കാർ വകുപ്പുകൾക്കിടയിലെ ആശയക്കുഴപ്പവും ആദ്യ ദിവസം പ്രകടമായിരുന്നു.

ഇളവുകൾ നിലവിൽ വരുന്ന ഓറഞ്ച് ബിയിലാണ് തിരുവനന്തപുരം ജില്ല. പക്ഷെ കോർപ്പറേഷൻ പരിധി ഹോട്ട് സ്പോട്ട് ആയിരുന്നു. സർക്കാർ നിയന്ത്രണങ്ങൾ മറികടന്ന് നഗരത്തിലേക്ക് സ്വന്തം കാറുകളിലെത്തിയ ജനങ്ങളെ കൊണ്ട് തിക്കും തിരക്കുമായി.

എംസി റോഡിലടക്കം വാഹനങ്ങളുടെ നീണ്ട നിരയാണ് ഉണ്ടായിരുന്നത്. പൊലീസ് തിരിച്ചറിയിൽ പരിശോധന ശക്തമാക്കിയതോടെ എല്ലായിടത്തും മണിക്കൂറുകൾ നീണ്ട ക്യൂവായി. ചിലയിടങ്ങളിൽ പൊലീസിന് പോലും നിയന്ത്രിക്കാനാകാത്ത സ്ഥിതിയായിരുന്നു. കാട്ടാക്കടയിൽ തുണക്കടകളും ചെരിപ്പുകടകളും വരെ തുറന്നു. നെടുമങ്ങാട് വിലക്ക് ലംഘിച്ച് ഓട്ടോകൾ നിരത്തിലിറങ്ങി. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളല്ലാത്തവ പൊലീസെത്തി അടപ്പിച്ചു. തൃശൂർ പാലിയേക്കരയൽ രാവിലെ ടോൾ പിരിവ് തുടങ്ങി. യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി എത്തിയതോടെ പിരിവ് നിർത്തിവെച്ചു.

ഗ്രീൻ സോണിൽ പെട്ട കോട്ടയത്തും ഇടുക്കിയിലും നാളെ മുതലാണ് ഇളവുകൾ പ്രാബല്യത്തിലെന്നാണ് കലക്ടർമാർ അറിയിച്ചത്. എന്നാൽ കോട്ടയത്ത് സ്വകാര്യ കാറുകളും ഓട്ടോകളും റോഡിലിറങ്ങി. ഇടുക്കിയിൽ ശുചീകരണ പ്രവർത്തനങ്ങൾക്കാണ് ജില്ലാ ഭരണകൂടും ഇന്ന് മുൻതൂക്കം നൽകിയത്. 

പാലക്കാട് സ്വകാര്യ വാഹനങ്ങൾ കൂടുതൽ റോഡിലെത്തിയതോടെ പൊലീസ് കുറെ പേരെ തിരിച്ചയച്ചു. വയനാട്ടിൽ ജ്വല്ലറികളും തുണിക്കടകളും തുറക്കാൻ അനുമതി നൽകിയിരുന്നു. ഇളവുകൾ വന്ന ഗ്രീൻ സോണിലെയും ഓറഞ്ച് ബിയിലെയുടം ഹോട്ട് സ്പോട്ടുകളിൽ നിയന്ത്രണങ്ങൾ ശക്തമായി തുടരുകയാണ്. ഇളവിൽ ആളുകൾ കൂട്ടത്തോടെ ഇറങ്ങുന്നതിൽ ആരോഗ്യവകുപ്പ് കടുത്ത ആശങ്ക രേഖപ്പെടുത്തുന്നുണ്ട്. ഇന്നത്തെ പൊതുസ്ഥിതി സർക്കാർ വിലയിരുത്തി തുടർനടപടികൾ സ്വീകരിക്കും

ഓറഞ്ച് എ വിഭാഗത്തിൽ പെട്ട എറണാകുളം ജില്ലയ്ക്ക് ലോക്ക് ഡൗൺ ഇളുവകൾ ഒന്നുമില്ലെങ്കിലും , നിരത്തിലിറങ്ങിയ വാഹനങ്ങളുടെ എണ്ണം കഴി‍ഞ്ഞ ദിവസങ്ങളിലേതിനേക്കാൾ കൂടി. ഇതേ തുടർന്ന് പരിശോധന കർശനമാക്കാൻ മന്ത്രി വി.എസ്. സുനിൽ കുമാർ പൊലീസിന് നിർദ്ദേശം നൽകി.

എല്ലാവരുടെയും കൈയ്യിലുള്ള സത്യവാങ്മൂലവും തിരിച്ചറിയൽ കാർഡും പരിശോധിച്ചാണ് പൊലീസ് കൊച്ചിയിൽ യാത്രക്കാരെ കടത്തി വിട്ടത്. 24 മുതൽ ഇളവുകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കടകൾ തുറന്നു പരിശോധിക്കാൻ പോകുന്ന ആളുകളും ഇക്കൂട്ടത്തിലുണ്ടായിരുന്നു.

കൊച്ചി കോർപ്പറേഷനും മുളവുകാട് പഞ്ചായത്തുമാണ് എറണാകുളം ജില്ലയിൽ ഹോട്ട് സ്പോട്ടുകളായി നിശ്ചയിച്ചയിരിക്കുന്നത്. 24 നു ശേഷം കൊച്ചി നഗരത്തിൽ ഇളവുകൾ അനുവദിക്കുമോയെന്ന കാര്യത്തിൽ വരും ദിവസങ്ങളിലേ തീരുമാനം ഉണ്ടാവുകയുള്ളൂ. പരിശോധന കർശനമാക്കിയില്ലെങ്കിൽ വരും ദിവസങ്ങളിൽ വിലക്കുകൾ ലംഘിച്ച് നഗരത്തിൽ ഇറങ്ങുന്ന വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കും.

Follow Us:
Download App:
  • android
  • ios