കൊച്ചി: എറണാകുളം കാലടിയിൽ സാമൂഹിക അകലം പാലിക്കാതെ കുട്ടികൾക്ക് മാസ്കുകൾ വിതരണം ചെയ്ത സംഭവത്തിൽ റോജി എം ജോൺ എംഎൽഎ ഉൾപ്പെടെയുളളവരെ പ്രതിയാക്കി പൊലീസ് കേസെടുത്തു. ബ്ലോക്ക് പഞ്ചായത്തംഗം ടിപി ജോർജിനെതിരെയും കേസെടുത്തിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നാണ് നടപടി.

കാലടി ബ്ലോക്ക് ‍ഡിവിഷനിൽപ്പെട്ട അഞ്ച് മുതൽ 12 വരെ വാർഡുകളിലെ കുട്ടികൾക്കാണ് സാമൂഹിക അകലം പാലിക്കാതെ ജനപ്രതിനിധികൾ അടക്കമുളള പ്രാദേശിക കോൺഗ്രസ് നേതൃത്വം മാസ്ക് വിതരണം നടത്തിയത്. ബ്ലോക് പ‌ഞ്ചായത്ത് വികസന സ്റ്റാൻഡിം​ഗ് കമ്മിറ്റി ചെയർമാൻ ടി പി ജോർജ് സംഘടിപ്പിച്ച പരിപാടിയിൽ റോജി എം ജോൺ എം എൽ എ ആയിരുന്നു മുഖ്യാതിഥി. കൈക്കുഞ്ഞുങ്ങളുമായെത്തിയ അമ്മമാരടക്കം നൂറോളം പേരാണ് പങ്കെടുത്തത്. 

Also Read: കൊവിഡ് കാലത്തെ സാമൂഹിക അകലം കടലാസിൽ; കാലടിയിൽ മാസ്ക് വിതരണം സംഘടിപ്പിച്ച് എംഎൽഎയും സംഘവും

ഏഷ്യാനെറ്റ് ന്യൂസ് വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് എറണാകുളം റൂറൽ എസ് പിയാണ് നടപടിയ്ക്ക് നിർദേശിച്ചത്. ഇതനുസരിച്ച് പരിപാടി സംഘടിപ്പിച്ച ടി പി ജോർജിനെ ഒന്നാം പ്രതിയും റോജി എം ജോൺ എംഎൽഎയെ രണ്ടാം പ്രതിയുമാക്കിയാണ് കേസെടുത്തത്. കണ്ടാലറിയാവുന്ന ബാക്കിയുളളവർക്കെതിരെയും നിയമനടപടിയുണ്ട്. കൊവിഡ് കാലത്ത് ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ച് കുട്ടികളെ അപകടത്തിലാക്കും വിധം മാസ്ക് വിതരണം നടത്തിയെന്നാണ് കേസ്.