കോഴിക്കോട്: ലോക്ക്ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിന് പഞ്ചായത്ത് അംഗങ്ങള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കാരശ്ശേരി പഞ്ചായത്ത് അംഗങ്ങളും കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളുമായ രണ്ടു പേര്‍ക്കെതിരെയാണ് കേസ്.

എം.ടി. അഷ്‌റഫ്, എന്‍ കെ അന്‍വര്‍ എന്നിവരാണ് കേസിലുള്‍പ്പെട്ട പഞ്ചായത്തംഗങ്ങള്‍. പ്രവാസി വിഷയത്തില്‍ കരിപ്പൂരില്‍ കോണ്‍ഗ്രസ് ഇന്നലെ സംഘടിപ്പിച്ച സത്യഗ്രഹസമരത്തിന് അഭിവാദ്യമര്‍പ്പിക്കാന്‍ ഇവര്‍ നിരത്തിലിറങ്ങിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് നടപടി.

പകര്‍ച്ചവ്യാധി നിരോധന ഓര്‍ഡിനന്‍സ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തത്. ഇവര്‍ക്കു പുറമേ അഞ്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കേസില്‍ഉള്‍പ്പെട്ടിട്ടുണ്ട്. മുക്കം പൊലീസാണ് കേസെടുത്തത്. പഞ്ചായത്ത് അംഗങ്ങള്‍ക്കെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കുമെന്ന് മുക്കം പൊലീസ് അറിയിച്ചു.