Asianet News MalayalamAsianet News Malayalam

കർഷക സമരത്തെ ചൊല്ലി വീണ്ടും പ്രതിപക്ഷ ബഹളം; ലോക്സഭ നാളേക്ക് പിരിഞ്ഞു

കർഷക സമരവുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യണമെന്നും, മാധ്യമപ്രവർത്തകർക്ക് എതിരെ അടക്കം ചുമത്തിയ കേസുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് ലോക്സഭയിൽ പ്രതിപക്ഷം പ്രതിഷേധിച്ചത്

Lok Sabha adjourned till tomorrow following Opposition uproar against 3 farm laws
Author
Delhi, First Published Feb 2, 2021, 7:22 PM IST

ദില്ലി: പ്രതിപക്ഷ ബഹളം കാരണം ലോക്സഭ നാളേക്ക് പിരിഞ്ഞു. ഇന്ന് രണ്ട് വട്ടം നിർത്തിവച്ച ശേഷം വൈകീട്ട് ഏഴ് മണിയോടെയാണ് സഭാ നടപടികൾ ആരംഭിച്ചത്. എന്നാൽ പ്രതിപക്ഷാംഗങ്ങൾ വീണ്ടും ശക്തമായ പ്രതിഷേധമുയർത്തി. ബഹളത്തിനിടെ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ച തുടങ്ങി. പശ്ചിമ ബംഗാളിലെ ബിജെപി എംപി ലോക്കറ്റ് ചാറ്റർജി ചർച്ചയിൽ സംസാരിച്ചുവെങ്കിലും പ്രതിപക്ഷ ബഹളം കാരണം സ്പീക്കർ സഭ ഇന്നത്തേക്ക് പിരിയുന്നതായി അറിയിക്കുകയായിരുന്നു.

ദില്ലി അതിർത്തികളിൽ തുടരുന്ന കർഷക സമരവുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യണമെന്നും, മാധ്യമപ്രവർത്തകർക്ക് എതിരെ അടക്കം ചുമത്തിയ കേസുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് ലോക്സഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങളടക്കം ശക്തമായ പ്രതിഷേധം ഉയർത്തിയത്. സർക്കാരിനെതിരെ മുദ്രാവാക്യം മുഴക്കി പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി. കർഷകർ വേണ്ടി പ്രതിജ്ഞാബദ്ധമാണ് സർക്കാരെന്ന് കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ പറഞ്ഞെങ്കിലും പ്രതിപക്ഷത്തെ തണുപ്പിക്കാനായില്ല.

കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ലോക്സഭയിലും ചര്‍ച്ചയാവശ്യപ്പെട്ട് എഎം ആരിഫും എൻ കെ പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, ഡീൻ കുര്യാക്കോസ്, എന്നീ അംഗങ്ങളും നോട്ടീസ് നൽകിയിരുന്നു. കര്‍ഷക സമരം മാത്രം വിഷയമാക്കി ബജറ്റ് സമ്മേളനത്തിൽ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുകയാണ് പ്രതിപക്ഷം. പ്രതിപക്ഷം സഭാ നടപടികളുമായി സഹകരിക്കണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അംഗങ്ങൾ തയ്യാറായിരുന്നില്ല. തുടർന്ന് അഞ്ച് മണി വരെ സഭാ നടപടികൾ നിർത്തിവച്ചിരുന്നു. പിന്നീട് സഭ സമ്മേളിച്ചെങ്കിലും പ്രതിപക്ഷം നിലപാട് മാറ്റിയില്ല. അവർ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇതോടെ സഭ വീണ്ടും നിർത്തിവെക്കുകയായിരുന്നു.

കേന്ദ്രസർക്കാരുമായി തത്കാലം ചർച്ചയ്ക്ക് ഇല്ലെന്ന് സംയുക്ത കിസാൻ മോർച്ച ഇന്ന് വ്യക്തമാക്കിയിട്ടുണ്ട്. പോലീസിന്റെ കർഷകവിരുദ്ധ നടപടികൾ അവസാനിപ്പിക്കാതെ ചർച്ചയ്ക്കില്ലെന്നതാണ് നിലപാട്. കസ്റ്റഡിയിൽ ഉള്ള 122 പേരെ വിട്ടയക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു. റോഡിൽ ബാരിക്കേഡ് സ്ഥാപിച്ച് പോലീസ് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. ഇന്റർനെറ്റ് വിച്ഛേദിച്ചതിലൂടെ അറിയാനുള്ള അവകാശം ഇല്ലാതാക്കാൻ ശ്രമിക്കുന്നതായും കിസാൻ മോർച്ച നേതാക്കൾ കുറ്റപ്പെടുത്തി.

കര്‍ഷക സമരം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തിൽ രാജ്യസഭ ഇന്ന് പ്രക്ഷുബ്ധമായിരുന്നു. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ സഭാനടപടികൾ പലതവണ നിര്‍ത്തിവെച്ചു. നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയിൽ പ്രതിപക്ഷത്തിന് എതിര്‍പ്പുകൾ ഉന്നയിക്കാമെന്ന് രാജ്യസഭ അദ്ധ്യക്ഷൻ വെങ്കയ്യ നായിഡു വ്യക്തമാക്കി. പ്രതിപക്ഷ ബഹളത്തിനിടെയാണ് ഇന്ന് രാജ്യസഭാ നടപടികൾ തുടങ്ങിയത്. ചട്ടം 267 പ്രകാരം സഭാ നടപടികൾ നിര്‍ത്തിവെച്ച് കര്‍ഷക സമരം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെസി വേണുഗോപാൽ, എളമരം കരീം, ബിനോയ് വിശ്വം തുടങ്ങിയ അംഗങ്ങൾ നൽകിയ നോട്ടീസ് രാജ്യസഭ അദ്ധ്യക്ഷൻ തള്ളി. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയി. സഭ വീണ്ടും സമ്മേളിച്ചതോടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം മുദ്രാവാക്യം മുഴക്കുകയായിരുന്നു.

Follow Us:
Download App:
  • android
  • ios