മറ്റ് 19 ലോക്‌സഭ മണ്ഡലങ്ങളും യുഡിഎഫിലേക്ക് ചാഞ്ഞപ്പോള്‍ ഇടതുപക്ഷ മുന്നണിക്ക് 2019 ഇലക്ഷനില്‍ കേരളത്തില്‍ ആലപ്പുഴ സീറ്റ് മാത്രമേ പിടിക്കാനായുള്ളൂ

ആലപ്പുഴ: 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കേരളത്തില്‍ ഇടതുപക്ഷ മുന്നണിയുടെ 'കനല്‍ ഒരു തരി' എന്ന വിശേഷണമായിരുന്നു ആലപ്പുഴ മണ്ഡലത്തിന്. ആകെയുള്ള 20ല്‍ 19 മണ്ഡലങ്ങളും യുഡിഎഫ് തൂത്തുവാരിയ 2019ല്‍ സംസ്ഥാനത്ത് ആലപ്പുഴയില്‍ എ എം ആരിഫ് മാത്രമാണ് ഇടതുപക്ഷ സ്ഥാനാര്‍ഥിയായി വിജയിച്ചത്. കഷ്‌ടിച്ച് പതിനായിരം കടന്ന ഭൂരിപക്ഷത്തില്‍ എ എം ആരിഫ് വിജയിച്ച ആലപ്പുഴയുടെ ഒഴുക്ക് ഇത്തവണ എങ്ങോട്ടാകും? 

മറ്റ് 19 ലോക്‌സഭ മണ്ഡലങ്ങളും യുഡിഎഫിലേക്ക് ചാഞ്ഞപ്പോള്‍ ഇടതുപക്ഷ മുന്നണിക്ക് 2019 ഇലക്ഷനില്‍ കേരളത്തില്‍ ആലപ്പുഴ മാത്രമേ പിടിക്കാനായുള്ളൂ. അതില്‍തന്നെ സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം ആലപ്പുഴയിലായിരുന്നു. സിപിഎമ്മിന്‍റെ എം എം ആരിഫും കോണ്‍ഗ്രസിന്‍റെ ഷാനിമോള്‍ ഉസ്‌മാനും ബിജെപിയുടെ ഡോ. കെ എസ് രാധാകൃഷ്‌ണനുമാണ് ആലപ്പുഴയില്‍ മുഖാമുഖം വന്നത്. 10,90,112 പേര്‍ പോളിംഗ് ബൂത്തിലെത്തിയപ്പോള്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച പോളിംഗ് ശതമാനങ്ങളിലൊന്ന് ആലപ്പുഴ ലോക്‌സഭ മണ്ഡലത്തില്‍ രേഖപ്പെടുത്തി. എ എം ആരിഫ് 445,981 ഉം, ഷാനിമോള്‍ ഉസ്‌മാന്‍ 4,35,496 ഉം, ഡോ. കെ എസ് രാധാകൃഷ്‌ണന്‍ 1,87,729 ഉം വോട്ടുകള്‍ നേടിയപ്പോള്‍ ആരിഫിന്‍റെ ഭൂരിപക്ഷം 10,474ത്തില്‍ ഒതുങ്ങി. 

Read more: ആവേശക്കരയായി മാവേലിക്കര; നാലാം ഊഴത്തിന് കൊടിക്കുന്നില്‍, അരുണ്‍കുമാര്‍ ശക്തം, 2019ലെ കണക്കുകള്‍

2019ല്‍ സംസ്ഥാനത്ത് വിജയിച്ച ഏക സീറ്റ് എന്ന നിലയില്‍ സിപിഎമ്മിന്‍റെയും ഇടതുപക്ഷ മുന്നണിയുടെയും അഭിമാന പോരാട്ടമാണ് ആലപ്പുഴയില്‍ 2024ല്‍ നടക്കുന്നത്. സിപിഎം സ്ഥാനാര്‍ഥിയായി എ എം ആരിഫ് ഇക്കുറിയും ഇറങ്ങുമ്പോള്‍ കോണ്‍ഗ്രസിനായി ഷാനിമോള്‍ ഉസ്‌മാന് പകരം മണ്ഡലത്തിലെ മുന്‍ എംപി കൂടിയായ കെ സി വേണുഗോപാലാണ് പോരാട്ടത്തിന് സജ്ജമായിരിക്കുന്നത്. 2014ല്‍ സിപിഎമ്മിലെ സി ബി ചന്ദ്രബാബുവിനെ 19,407 വോട്ടുകള്‍ക്ക് കെ സി വേണുഗോപാല്‍ പരാജയപ്പെടുത്തി. ഇതിന് മുമ്പ് 2009ലും കെ സി ആലപ്പുഴ ലോക്‌സഭ മണ്ഡലം സ്വന്തമാക്കി. അന്ന് 57,635 ആയിരുന്നു കെ സി വേണുഗോപാലിന്‍റെ ഭൂരിപക്ഷം. 

Read more: സാക്ഷാല്‍ സമ്പത്തിന് അടിതെറ്റിയ ആറ്റിങ്ങല്‍; 2019ലെ ട്വിസ്റ്റും 2024ലെ സസ്‌പെന്‍സും, പോളിംഗ് കുതിക്കും?

ബിജെപിയാവട്ടെ കഴിഞ്ഞവട്ടം ആറ്റിങ്ങലില്‍ പരാജയപ്പെട്ട ശോഭ സുരേന്ദ്രനെയാണ് ഇത്തവണ സ്ഥാനാര്‍ഥിയായി ആലപ്പുഴയില്‍ എത്തിച്ചിരിക്കുന്നത്. അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, കരുനാഗപ്പള്ളി എന്നിവയാണ് ആലപ്പുഴ ലോക്‌സഭ മണ്ഡലത്തില്‍ വരുന്ന നിയമസഭ മണ്ഡലങ്ങള്‍. 

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം