പാര്‍ട്ടി ഏറെ പ്രതീക്ഷ വെച്ച പൊന്നാനി നിയമസഭാ മണ്ഡലത്തിലും മന്ത്രി മണ്ഡലങ്ങളായ താനൂരിലും തൃത്താലയിലുമെല്ലാം യുഡിഎഫിന് മികച്ച ലീഡാണുള്ളത്. 

മലപ്പുറം: പൊന്നാനി മണ്ഡലത്തില്‍ പാര്‍ട്ടി ശക്തി കേന്ദ്രങ്ങളിലുണ്ടായ വോട്ട് ചോര്‍ച്ചയില്‍ അമ്പരന്ന് സിപിഎം. പാര്‍ട്ടി ഏറെ പ്രതീക്ഷ വെച്ച പൊന്നാനി നിയമസഭാ മണ്ഡലത്തിലും മന്ത്രി മണ്ഡലങ്ങളായ താനൂരിലും തൃത്താലയിലുമെല്ലാം യുഡിഎഫിന് മികച്ച ലീഡാണുള്ളത്. യുഡിഎഫിനും എന്‍ഡിഎക്കും വോട്ട് കൂടിയപ്പോള്‍ ഇടത് മുന്നണിക്ക് വോട്ട് കുറഞ്ഞത് ഗൗരവമായി കാണുമെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഇ കെ വിഭാഗം സമസ്തയും ലീഗും തമ്മിലുള്ള പോര് നേട്ടം കൊയ്യുമെന്ന പ്രതീക്ഷയില്‍ മുന്‍ ലീഗ് നേതാവ് കെ എസ് ഹംസയെ പൊന്നാനിയില്‍ ഇറക്കി സിപിഎം ഇക്കുറി നടത്തിയ പരീക്ഷണവും നിലം തൊട്ടില്ല. 2.35 ലക്ഷത്തിന്‍റെ ചരിത്ര ഭൂരിപക്ഷം യുഡിഎഫിന് സമ്മാനിച്ചെന്ന് മാത്രമല്ല, പാര്‍ട്ടി കേന്ദ്രങ്ങളിലും വോട്ട് കുറഞ്ഞു. വോട്ടര്‍മാരുടെ എണ്ണം കൂടിയെങ്കിലും മണ്ഡലത്തില്‍ വോട്ട് കുറഞ്ഞത് ഇടത് മുന്നണിക്ക് മാത്രമാണ്. കഴിഞ്ഞ തവണത്തേതിനെക്കാള്‍ 1795 വോട്ടാണ് കുറഞ്ഞത്. 40692 വോട്ട് യുഡിഎഫ് അധികം പിടിച്ചപ്പോള്‍ എന്‍ഡിഎക്കുണ്ടായത് 14195 വോട്ടിന്‍റെ വര്‍ധന. ഇതെല്ലാം ഗൗരവമായി പരിശോധിക്കുമെന്ന മറുപടിയാണ് സിപിഎം നേതൃത്വം നല്‍കുന്നത്.

സമസ്തയിലെ ഒരു വിഭാഗം സോഷ്യല്‍ മീഡിയ വഴി നടത്തിയ ഇടത് അനുകൂല ക്യാമ്പയിന്‍ വോട്ടായി മാറിയില്ലെന്ന് സൂചിപ്പിക്കുന്നതാണ് കണക്കുകള്‍. ഇടത് മുന്നണിയുടെ കൈവശമുള്ള ഏഴ് നിയമസഭാ മണ്ഡളങ്ങളില്‍ ഒന്നില്‍ പോലും അവര്‍ നിലം തൊട്ടില്ല. മന്ത്രി വി അബ്ദുറഹ്മാന്‍റെ മണ്ഡലമായ താനൂരില്‍ യുഡ‍ിഎഫ് നേടിയത് 41,969 വോട്ടിന്‍റെ കൂറ്റന്‍ ഭൂരിപക്ഷം. മന്ത്രി എം ബി രാജേഷിന്‍റെ മണ്ഡലമായ തൃത്താലയില്‍ 9,203 വോട്ടിന്‍റെ ഭൂരിപക്ഷമാണ് യുഡിഎഫ് നേടിയത്. പതിനായിരം വോട്ട് ഭൂരിപക്ഷം കിട്ടുമെന്ന് കരുതിയ പൊന്നാനിയില്‍ യുഡിഎഫ് 15416 വോട്ടിന്‍റെ ഭൂരിപക്ഷം നേടി. തദ്ദേശ സ്ഥാപനങ്ങളുടെ കണക്കെടുത്താല്‍ തവനൂര്‍ മണ്ഡലത്തിലെ എടപ്പാള്‍ പഞ്ചായത്തില്‍ മാത്രമാണ് എല്‍ഡിഎഫിന് ലീഡ്.

YouTube video player

പൊന്നാനി - നിയമസഭാ അടിസ്ഥാനത്തില്‍ 

പൊന്നാനി
യുഡിഎഫ് ഭൂരിപക്ഷം- 15416

തിരൂരങ്ങാടി
യുഡിഎഫ് ഭൂരിപക്ഷം-54,147

കോട്ടക്കല്‍
യുഡിഎഫ് ഭൂരിപക്ഷം- 45,927

തിരൂര്‍
യുഡി എഫ് ഭൂരിപക്ഷം- 50330

തവനൂര്‍
യുഡിഎഫ് ഭൂരിപക്ഷം- 18016

താനൂര്‍
യുഡിഎഫ് ഭൂരിപക്ഷം -41969

തൃത്താല
യുഡിഎഫ് ഭൂരിപക്ഷം - 9203

പൊന്നാനിയില്‍ ആകെ കിട്ടിയ വോട്ട്

2019 2024

യുഡിഎഫ് -5,21,824 യുഡിഎഫ് - 5,62,516(40916 വോട്ട് കൂടി)

എല്‍‍ഡി എഫ്- 3,28,551 എല്‍ ഡി എഫ് - 326756(1795 വോട്ട് കുറഞ്ഞു)

എന്‍ ഡി എ- 1,10,603 എന്‍ ഡി എ-1,24,798(14195 വോട്ട് കൂടി)

Also Read: കണ്ണൂരിലെ കണക്കിൽ ഞെട്ടി സിപിഎം; പിണറായിയിലും ചെങ്കോട്ടകളിലും ബിജെപിയിലേക്ക് വോട്ടൊഴുകിയതിൽ പരിശോധന

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്