രണ്ടരപതിറ്റാണ്ടിലേറെ നീണ്ട അനുഭവക്കരുത്തിന്റെ ഉറപ്പില്‍ എല്ലാ തെരഞ്ഞെടുപ്പ് വിശേഷങ്ങളും തത്ക്ഷണം ഏഷ്യാനെറ്റ് ന്യൂസ് ജനങ്ങളിലേക്കെത്തിക്കും

തിരുവനന്തപുരം: 2024 ലെ ലോക് സഭ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ ജനത വിധി എഴുതി കാത്തിരിക്കുകയാണ്. വോട്ടെണ്ണൽ തുടങ്ങാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ഒരേ ആവേശമാണ് പ്രകടമാകുന്നത്. രാജ്യം ആര് ഭരിക്കണമെന്ന ജനവിധി രാവിലെ എട്ട് മണി മുതൽ തത്സമയം അറിയാം. ഇതിനായി അത്യാധുനിക സംവിധാനങ്ങളുടെ മികവിൽ വമ്പൻ തയ്യാറെടുപ്പുകളുമായി ഏഷ്യാനെറ്റ് ന്യൂസ് സജ്ജമായിക്കഴിഞ്ഞു.

നിമിഷങ്ങള്‍ക്കുള്ളില്‍ മാറി മറിയുന്ന ലീഡ് നില, രാജ്യഭരണം ഏതു മുന്നണിക്ക്, കേരളത്തിന്റെ ട്രെന്‍ഡ് ആര്‍ക്കൊപ്പം. സമഗ്രവിവരങ്ങള്‍ അത്യാധുനിക സംവിധാനങ്ങളുടെ മികവില്‍ രണ്ടരപതിറ്റാണ്ടിലേറെ നീണ്ട അനുഭവക്കരുത്തിന്റെ ഉറപ്പില്‍ എല്ലാ തെരഞ്ഞെടുപ്പ് വിശേഷങ്ങളും തത്ക്ഷണം ഏഷ്യാനെറ്റ് ന്യൂസ് ജനങ്ങളിലേക്കെത്തിക്കും. കേരളത്തിലെ 20 മണ്ഡലങ്ങളില്‍ നിന്നുള്ള ആധികാരിക വിവരങ്ങള്‍ മികച്ച ഗ്രാഫിക്സിന്റെ സഹായത്തോടെ സ്ക്രീനിലെത്തിക്കാന്‍ നാൽപതംഗ പ്രത്യേക സംഘമാണുള്ളത്. ദേശീയതലത്തിലുള്ള വോട്ടുനിലയും കേരളത്തിലെ 20 മണ്ഡലങ്ങളിലെ ട്രെൻഡും അപ്പപ്പോൾ ഇലക്ഷന്‍ ഡേറ്റാ ഡെസ്ക്ക് ജനങ്ങളിലേക്ക് എത്തിക്കും. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ടി വി സ്ക്രീനില്‍ തെരഞ്ഞെടുപ്പിന്‍റെ സമഗ്രവിവരങ്ങള്‍ ഒറ്റനോട്ടത്തിൽ തന്നെ മനസിലാക്കാൻ പറ്റുന്ന തരത്തിലുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളതെന്ന് എക്സിക്യൂട്ടീവ് എഡിറ്റര്‍ എസ് ബിജു വ്യക്തമാക്കി.

മാറിമറിയുന്ന രാഷ്ട്രീയചിത്രം തല്‍സമയം കാര്‍ട്ടൂണായി വരച്ചിടാന്‍ തയാറായി സ്റ്റുഡിയോയില്‍ കാര്‍ട്ടൂണിസ്റ്റ് എസ്. ജിതേഷുമുണ്ടാകും. വാക്കുകൊണ്ടും വരകൊണ്ടും അനുഭവക്കരുത്ത് കൊണ്ടും ജനാധിപത്യത്തിന്റെ മഹോല്‍സവം മലയാളിക്ക് മുന്നിലേക്കെത്തുമ്പോൾ ഏഷ്യാനെറ്റ് ന്യൂസിനൊപ്പം വോട്ടെണ്ണൽ ആവേശത്തിൽ പങ്കുചേരാം.

ആദ്യ ഫല സൂചന രാവിലെ ഒമ്പത് മണിയോടെ, ഒരുക്കങ്ങള്‍ എല്ലാം പൂര്‍ണം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം