Asianet News MalayalamAsianet News Malayalam

കേരളത്തില്‍ വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിങ് തുടങ്ങി; ഇവിഎമ്മുകളില്‍ ബാലറ്റ് പേപ്പറുകളടക്കം സജ്ജമാക്കുന്നു

സംസ്ഥാനത്തെ 140 കേന്ദ്രങ്ങളിലാണ് ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍ കമ്മീഷനിങ് നടക്കുന്നത്

Lok Sabha Elections 2024 Electronic Voting Machine conditioning process started in Kerala
Author
First Published Apr 18, 2024, 2:12 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രില്‍ 26ന് നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ (ഇവിഎം) കമ്മീഷനിങ് തുടങ്ങിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. ഏപ്രില്‍ 20ഓടെ കമ്മീഷനിങ് പ്രക്രിയ പൂര്‍ത്തിയാവും. അതീവസുരക്ഷയോടെയാണ് ഇവിഎം കമ്മീഷനിങ് പ്രക്രിയ പുരോഗമിക്കുന്നത്. 

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ 25,231 ബൂത്തുകളില്‍ ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങളില്‍ ക്രമനമ്പര്‍, സ്ഥാനാര്‍ഥികളുടെ പേര്, ഫോട്ടോ, ചിഹ്നം എന്നിവ അടങ്ങിയ ബാലറ്റ് പേപ്പറും വിവിപാറ്റ് സ്ലിപ്പില്‍ പ്രിന്‍റ് ചെയ്യേണ്ട ക്രമനമ്പര്‍, പേര്, ചിഹ്നം എന്നിവ വിവിപാറ്റ് മെഷീനിലും സെറ്റ് ചെയ്യുന്ന പ്രക്രിയയാണ് കമ്മീഷനിങ്. പ്രക്രിയ പൂര്‍ത്തിയാവുന്നതോടെ ഓരോ ബൂത്തിലേക്കുമുള്ള ഇവിഎം (കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, വിവിപാറ്റ് ) വോട്ടെടുപ്പിന് സജ്ജമാകും. സംസ്ഥാനത്തെ 140 കേന്ദ്രങ്ങളിലാണ് കമ്മീഷനിങ് നടക്കുന്നത്. സ്ഥാനാര്‍ഥി അല്ലെങ്കില്‍ സ്ഥാനാര്‍ഥി നിശ്ചയിക്കുന്ന ഏജന്‍റ്, ജില്ലയിലേക്ക് അനുവദിച്ച ബെല്‍ എന്‍ജിനീയര്‍, തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് വരണാധികാരികളുടെ നേതൃത്വത്തില്‍ കമ്മീഷനിങ് നടക്കുന്നത്.

Read more: 15,256 അടി ഉയരം, മഞ്ഞ് പെയ്യുന്ന കൊടുംതണുപ്പ്; ലോകത്തെ ഉയരം കൂടിയ പോളിംഗ് ബൂത്ത് ഇന്ത്യയിലാണ്!

ബാലറ്റ് സെറ്റ് ചെയ്ത ശേഷം ഓരോ ഇവിഎമ്മിലും ഓരോ വോട്ട് ചെയ്ത് മെഷീനിന്‍റെയും കാര്യക്ഷമത ഉറപ്പുവരുത്തും. തുടര്‍ന്ന് അവ സീല്‍ ചെയ്യും. ശേഷം ഓരോ അസംബ്ലി സെഗ്മന്‍റിലും ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങളില്‍ നിന്ന് റാന്‍ഡമായി തെരഞ്ഞെടുക്കുന്ന അഞ്ച് ശതമാനം ഇവിഎമ്മുകളില്‍ 1000 വീതം വോട്ട് രേഖപ്പെടുത്തി പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തും. തുടര്‍ന്നാണ് ഇവിഎമ്മുകള്‍ സ്‌ട്രോങ് റൂമുകളിലേക്ക് മാറ്റുക. സ്‌ട്രോങ് റൂമുകളില്‍ വരച്ചിട്ടുള്ള നിശ്ചിത കള്ളിയില്‍ അഡ്രസ്സ് ടാഗ് ചെയ്ത് ക്രമീകരിച്ചാണ് വോട്ടെടുപ്പ് യന്ത്രങ്ങള്‍ ഓരോന്നും സൂക്ഷിക്കുക. ഇങ്ങനെ സൂക്ഷിക്കുന്ന മെഷീനുകളാണ് വോട്ടെടുപ്പിന് തലേന്ന് സ്‌ട്രോങ് റൂം തുറന്ന് പോളിങ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നത്. ഇവിഎമ്മുകളുടെ കമ്മീഷനിങ് പ്രക്രിയ പൂര്‍ണമായും വെബ്‌കാസ്റ്റ് ചെയ്യുന്നുണ്ട്. സട്രോങ് റൂമുകളില്‍ കനത്ത സുരക്ഷയിലാണ് ഇവ സൂക്ഷിക്കുന്നത്.

Read more: ഒഴിവാക്കാം തെരഞ്ഞെടുപ്പ് കാലത്ത് സൂര്യാഘാതം, ഇവ ശ്രദ്ധിക്കുക; സൂര്യാഘാതമേറ്റാല്‍ എന്തൊക്കെ ചെയ്യണം, ചെയ്യരുത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios