തലസ്ഥാനത്ത് ഏറ്റവും അവസാനമായി വിജയക്കൊടി പാറിച്ച നേതാവിനെ ഇറക്കുന്നതിലൂടെ മണ്ഡലം തിരിച്ചുപിടിക്കാം എന്ന കണക്കുകൂട്ടലിൽ സിപിഐ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. ആദ്യഘട്ട പട്ടികയിൽ തന്നെ തിരുവനന്തപുരത്തേക്കുള്ള സ്ഥാനാർത്ഥിയെ ബിജെപി പ്രഖ്യാപിച്ചു. എന്നാൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം ഇനിയും നീളുകയാണ്.
തിരുവനന്തപുരം: ശക്തമായ ത്രികോണ മത്സരത്തിന് വേദിയായ തിരുവനന്തപുരം മണ്ഡലത്തിൽ 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചത് 17 പേരായിരുന്നു. പ്രമുഖ പാർട്ടികളുടെ സ്ഥാനാർത്ഥികൾക്കെതിരായി 11 സ്വതന്ത്ര സ്ഥാനാർത്ഥികളാണ് തിരുവനന്തപുരത്ത് അങ്കത്തിനിറങ്ങിയത്. 2019ലെ കണക്കുകളുടെ അടിസ്ഥാനത്തിൽ 1330409 പേരാണ് മണ്ഡലത്തിലെ വോട്ടർമാർ. ഇവരിൽ 642184 പേർ പുരുഷന്മാരും 688223 പേർ സ്ത്രീകളുമാണ്. ഇതിൽ 76.3 ശതമാനം വോട്ടർമാരാണ് 2019ൽ വോട്ട് രേഖപ്പെടുത്തിയത്. ഇതിൽ തന്നെ 75.6 ശതമാനം വോട്ടുകളാണ് സാധുവായിരുന്നത്.
99989 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് 2019ൽ കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂർ തിരുവനന്തപുരത്ത് ജയിച്ച് കയറിയത്. രണ്ടാം സ്ഥാനത്ത് എത്തിയ ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരന് 316142 വോട്ടുകളാണ് മണ്ഡലത്തിൽ നേടാനായത്. മൂന്നാം സ്ഥാനത്ത് എത്തിയ സിപിഐ സ്ഥാനാർത്ഥി സി ദിവാകരന് 258556 വോട്ടുമാണ് നേടാനായത്. 4580 വോട്ടുകളാണ് നോട്ടയ്ക്ക് ലഭിച്ചത്. ഇഞ്ചോടിഞ്ച് പോരാട്ടം ബിജെപിയും കോൺഗ്രസും തമ്മിൽ നടന്ന മണ്ഡലത്തിൽ വോട്ടണ്ണലിന്റെ അവസാന ഘട്ടത്തിലാണ് വ്യക്തമായ ലീഡിലേക്ക് ശശി തരൂർ എത്തിയത്. എറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയതും തിരുവനന്തപുരം ജില്ലയിലായിരുന്നു.
മൂന്ന് മുന്നണികൾക്കും ഒരുപോലെ ജയസാധ്യതയുള്ള അപൂർവ്വം മണ്ഡലങ്ങളിലൊന്നായാണ് 2019ൽ തിരുവനന്തപുരം മണ്ഡലത്തെ വിലയിരുത്തിയിരുന്നത്. പ്രധാനമന്ത്രിയടക്കമുള്ള ദേശീയ നേതാക്കളെത്തിയ മണ്ഡലത്തിൽ ഇറക്കിയായിരുന്നു അവസാന ദിവസങ്ങളിലെ പ്രചാരണം നടന്നത്. എകെ ആന്‍റണിയേയും ഉമ്മൻ ചാണ്ടിയേയും റോഡ് ഷോകളിൽ രംഗത്ത് ഇറക്കിയായിയരുന്നു കോൺഗ്രസിന്‍റെ ശക്തിപ്രകടനം. ആദ്യമുതൽ തന്നെ സംസ്ഥാന ദേശീയ നേതാക്കളെ അണിനിരത്തിയായിരുന്നു ഇടത് മുന്നണി പ്രചാരണം പൊടിപൊടിച്ചത്.
2024ലെ ലോക് സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട ചിത്രം തെളിയുമ്പോൾ തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറാണ് ബിജെപി സ്ഥാനാർത്ഥി. സിപിഐയ്ക്ക് വേണ്ടി പന്ന്യൻ രവീന്ദ്രനാണ് തിരുവനന്തപുരം പിടിക്കാനിറങ്ങുന്നത്. കഴിഞ്ഞ മൂന്ന് തവണയും ശശി തരുരിന് മുന്നിൽ പരാജയപ്പെട്ട തിരുവനന്തപുരം മണ്ഡലം തിരിച്ചുപിടിക്കാനാണ് കരുത്തനായ പന്ന്യനെ സിപിഐ വീണ്ടും കളത്തിലിറക്കുന്നത്. മത്സരിക്കാൻ താത്പര്യമില്ലെന്ന് ആദ്യം നിലപാടെടുത്ത പന്ന്യൻ പാർട്ടിയുടെ സമ്മർദ്ദത്തിന് വഴങ്ങുകയായിരുന്നു. തലസ്ഥാനത്ത് ഏറ്റവും അവസാനമായി വിജയക്കൊടി പാറിച്ച നേതാവിനെ ഇറക്കുന്നതിലൂടെ മണ്ഡലം തിരിച്ചുപിടിക്കാം എന്നാണ് സി പി ഐയുടെ കണക്കുകൂട്ടൽ. 2009 മുതൽ മണ്ഡലത്തെ കോൺഗ്രസിന് വേണ്ടി പ്രതിനിധീകരിക്കുകയാണ് ശശി തരൂർ. എന്നാൽ ഇനിയും ഒറ്റ സ്വരമായി 2024 തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ കോൺഗ്രസിന് പ്രഖ്യാപിക്കാനായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
