ജയിക്കുന്ന 400 സീറ്റുകളില്‍ ഒരു സീറ്റ് തിരുവനന്തപുരത്ത് നിന്നായിരിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു
തിരുവനന്തപുരം: തിരുവനന്തപുരത്തെത്തിയ എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിന് നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് ഉജ്ജ്വല സ്വീകരണം നല്‍കി. വിമാനത്താവളം മുതല്‍ പാളയം രക്തസാക്ഷി മണ്ഡപം വരെ റോഡ് ഷോ നടത്തി. വിജയിപ്പിച്ചാല്‍ തിരുവനന്തപുരത്തെ ഐടി നഗരമാക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. മോദിയുടെ ഗ്യാരണ്ടി തിരുവനന്തപുരത്തും നടപ്പാക്കും. അതിനുവേണ്ടിയാണ് താൻ തിരുവനന്തപുരത്ത് എത്തിയത്. ഇന്ത്യയുടെ വികസനത്തിന് വേണ്ടി ബിജെപിയ്ക്ക് വേണ്ടി വോട്ട് ചെയ്യും. തിരുവനന്തപുരത്തം വിജയം സുനിശ്ചിതമാണ്. ജയിക്കുന്ന 400 സീറ്റുകളില്‍ ഒരു സീറ്റ് തിരുവനന്തപുരത്ത് നിന്നായിരിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ബെംഗളൂരുവിൽ നിന്നാണ് രാജീവ് ചന്ദ്രശേഖര്‍ തിരുവനന്തപുരത്തെത്തിയത്. ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍, കുമ്മനം രാജശേഖരന്‍ തുടങ്ങി പ്രധാനനേതാക്കള്‍ ചേര്‍ന്ന് സ്ഥാനാര്‍ഥിയെ സ്വീകരിച്ചു. നൂറിലധികം വാഹനങ്ങളുടെ അകമ്പടിയോടെയാണ് വിമാനത്താവളത്തില്‍ നിന്ന് പാളയം രക്തസാക്ഷി മണ്ഡപം വരെ സ്ഥാനാര്‍ഥി എത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ഏറെ മുന്നേറ്റം ഉണ്ടാക്കിയ മണ്ഡലത്തില്‍ കേന്ദ്രമന്ത്രിയെ ഇറക്കി നേട്ടമുണ്ടാക്കാനാണ് പാർട്ടി ശ്രമം.

