Asianet News MalayalamAsianet News Malayalam

ലോകകേരളസഭ ഡെലിഗേറ്റ് ലിസ്റ്റ് എവിടെ? അനിതയുടെ പ്രവേശനത്തിൽ മാറാതെ ദുരൂഹത

പ്രത്യേക പാസുള്ളവർക്ക് മാത്രം നിയമസഭ സമുച്ചയത്തിനകത്ത് കയറാൻ അനുമതിയുള്ള ലോക കേരള സഭയിൽ  തട്ടിപ്പുകേസിലെ ആരോപണ വിധേയ എങ്ങനെ എത്തിയെന്നതിൽ ദുരൂഹതയും അവ്യക്തതയും തുടരുകയാണ്.

Loka Kerala Sabha Anitha Pullayil Controversy Loopholes In NORKA Explanation
Author
Thiruvananthapuram, First Published Jun 19, 2022, 4:20 PM IST

തിരുവനന്തപുരം: മോൻസൻ മാവുങ്കൽ കേസിലെ ഇടനിലക്കാരി അനിത പുല്ലയിൽ നിയമസഭ സമുച്ചയത്തിൽ കയറിയതിൽ കൈ കഴുകി നോർക്ക. ഓപ്പൺ ഫോറത്തിന്‍റെ പാസ് ഉപയോഗിച്ചാകാം അനിത അകത്ത് കയറിയതെന്ന് നോർക്ക വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ വിശദീകരിക്കുന്നു. എന്നാൽ ഡെലിഗേറ്റുകളുടെ പട്ടിക നോർക്ക പുറത്തുവിടാത്തതിൽ ദുരൂഹത തുടരുകയാണ്. നിയമസഭയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം നടത്താനാണ് സുരക്ഷാ വിഭാഗത്തിന്‍റെ തീരുമാനം. അനിത പുല്ലയിൽ പാസ്സില്ലാതെ പരിപാടിക്ക് എത്തിയത് ഗുണകരമായ കാര്യമല്ലെന്നും, അതിൽ കർശനമായ അന്വേഷണം ആവശ്യമാണെന്നും, സ്പീക്കറുമായി ഇക്കാര്യം സംസാരിച്ചുവെന്നും റവന്യൂമന്ത്രി കെ രാജൻ പറഞ്ഞു. 

പ്രത്യേക പാസുള്ളവർക്ക് മാത്രം നിയമസഭ സമുച്ചയത്തിനകത്ത് കയറാൻ അനുമതിയുള്ള ലോക കേരള സഭയിൽ  തട്ടിപ്പുകേസിലെ ആരോപണ വിധേയ എങ്ങനെ എത്തിയെന്നതിൽ ദുരൂഹതയും അവ്യക്തതയും തുടരുകയാണ്. സഭാ സമുച്ചയത്തിന് പുറത്ത് കാർ പോർച്ചിന് സമീപം സംഘടിപ്പിച്ച ഓപ്പൺ ഫോറത്തിൽ പങ്കെടുക്കാൻ പൊതുജനങ്ങൾക്ക്  പാസ് വാങ്ങി പങ്കെടുക്കാം. എന്നാൽ ഇത് ഉപയോഗിച്ച് ശങ്കരനാരായണൻ തമ്പി ബാളിന് പുറത്തുള്ള വരാന്തയിൽ കയറാനാകില്ല. ഇതോടെയാണ് ഓപ്പൺ ഫോറത്തിന്റെ പാസ് ഉപയോഗിച്ച് അനിത അകത്തു കടന്നതാകാം എന്ന നോർക്കയുടെ വിശദീകരണം ദുരൂഹമാകുന്നത്.

പാസ്സ് ധരിക്കാതെയാണ് അനിത പുല്ലയിൽ രണ്ട് ദിവസവും ഈ വരാന്തയിൽ ചുറ്റിക്കറങ്ങുകയും പ്രവാസി വ്യവസായികൾക്കൊപ്പം ഫോട്ടോ എടുക്കുകയും ചെയ്തത്. പ്രവാസി സംഘടനകൾക്കും മലയാളം മിഷൻ വഴി വിദ്യാർത്ഥികൾക്കുമാണ് ഓപ്പൺ ഫോറം പാസ് നൽകിയത്. 

അതേസമയം 351 അംഗലോകകേരളസഭയിൽ 296 പേരാണ് പങ്കെടുത്തത്. ഇവരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഡെലിഗേറ്റുകളിൽ ആരുടേയെങ്കിലും ശുപാർശയിൽ പാസില്ലാത്ത അനിതയെ കയറ്റി വിട്ടോയെന്ന കാര്യവും ചീഫ് മാർഷൽ പരിശോധിക്കുന്നുണ്ട്. മാധ്യമങ്ങളിൽ നിന്ന് അനിതയെ സംരക്ഷിക്കാൻ സഭാ ടിവി ഓഫീസിനകത്ത് രണ്ടരമണിക്കൂർ ചെലവഴിക്കാൻ അനുവദിച്ചതിനെക്കുറിച്ചും അന്വേഷണമുണ്ടാകും. സഭാ ടി വി യ്ക്ക് സാങ്കേതിക സഹായം നൽകുന്ന സ്വകാര്യ ഏജൻസിയിലേക്കും അന്വേഷണം നീളും.

എംപിമാർക്ക് പോലും സഭാ സമുച്ചയത്തിനകത് കടക്കാൻ സ്പീക്കറുടെ അനുമതി വേണ്ടപ്പോൾ കുറ്റാരോപിത കടന്നു കൂടിയതിനെ രൂക്ഷഭാഷയിലാണ് പ്രതിപക്ഷം വിമർശിക്കുന്നത്. ''മുഖ്യമന്ത്രി അധികാരത്തിലേറിയപ്പോൾ പറഞ്ഞത് ഇനിയുള്ള ഭരണത്തിൽ അവതാരങ്ങളുണ്ടാകില്ല എന്നാണ്. ഇപ്പോൾ ഷാജ് കിരണിനെയും കൂട്ടിയാൽ ദശാവതാരമായി'', പ്രതിപക്ഷനേതാവ് വി ഡി സതീശൻ പരിഹസിച്ചു.

അതേസമയം, ലോക കേരള സഭ നടന്ന സമയം നിയമസഭാ മന്ദിര സമുച്ചയത്തിൽ അനിത പുല്ലയിൽ എത്തിയ സ൦ഭവത്തിൽ അന്വേഷണം നടക്കട്ടെ എന്ന് മന്ത്രി പി രാജീവ് പറഞ്ഞു. അന്വേഷിക്കുമെന്ന് സ്പീക്ക൪ പറഞ്ഞിട്ടുണ്ട്.ഒരു മാധ്യമ സ്ഥാപനത്തിന്റെ വാഹനത്തിൽ വന്നതായി വാർത്തകൾ കണ്ടുവെന്നും മന്ത്രി കൊച്ചിയിൽ പറഞ്ഞു. മാധ്യമങ്ങൾക്കെതിരെ മന്ത്രി വിമർശനം ആവർത്തിച്ചു. നല്ലതൊന്നു൦ കാണാതെ മാധ്യമങ്ങൾ ദുഷ്പ്രചരണ൦ മാത്രം നടത്തുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.

വിശദമായ അന്വേഷണം നടത്തി സ്പീക്കർക്ക് റിപ്പോർട്ട് നൽകാനാനാണ് ചീഫ് മാർഷലിന്‍റെ തീരുമാനം. സ്വന്തം വാഹനത്തിലാണ് അനിത സഭയിൽ നിന്ന് മടങ്ങിയതെന്നാണ് കണ്ടെത്തൽ. എന്നാൽ അനിത ലോകകേരളസഭാ വേദിയിലേക്ക് ഒരു ചാനൽ വാഹനത്തിലാണ് എത്തിയതെന്ന ആരോപണവും ഉയർന്നിരുന്നു. 

Read More: 'ഭരണത്തിൽ അവതാരം ഉണ്ടാവില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത് , ഷാജ് കിരണുള്‍പ്പെടെ ദശാവതാരം ആയി'; വിഡി സതീശന്‍

Follow Us:
Download App:
  • android
  • ios