നിർണ്ണായക ഘട്ടങ്ങളിലെല്ലാം പാർട്ടി നിലപാട് ബലികഴിച്ച് മുഖ്യമന്ത്രിക്ക് കീഴടങ്ങുന്നുവെന്നാണ് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ  ജില്ലാ സമ്മേളനങ്ങളിൽ കേട്ട വിമർശനം

തിരുവനന്തപുരം : പ്രത്യേക നിയമസഭാ സമ്മേളനത്തിൽ ലോകായുക്ത നിയമ ഭേദഗതി ബില്ലിനെ സി പി ഐ എതിർക്കുമോ എന്നുള്ളതാണ് ഇനിയുള്ള പ്രധാന രാഷ്ട്രീയ ആകാംക്ഷ. സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പിണറായിയുടെ അടിമയായെന്ന് പാർട്ടി സമ്മേളനങ്ങളിൽ വിമർശനം ഉയരുമ്പോൾ ഭേദഗതിക്കെതിരായ എതിർപ്പിൽ നിന്നും പിന്നോട്ട് പോയാൽ വലിയ വിവാദമാകും. സർക്കാർ ബില്ലിനെ ഭരണ കക്ഷിയിലെ പാർട്ടി തന്നെ എതിർത്താലും അസാധാരണ സ്ഥിതിയാകും.

ലോകായുക്ത നിയമഭേദഗതിക്കെതിരെ സി പി ഐ നേരത്തെ ഉയർത്തിയത് കടുത്ത വിമർശനം. ഓ‌‍ർഡിനൻസ് ആദ്യം മന്ത്രി സഭാ യോഗത്തിൽ വന്നപ്പോൾ പാർട്ടി മന്ത്രിമാർ മിണ്ടാതിരുന്നു. നേതൃത്വം വടിയെടുത്തതോടെ പിന്നീട് മന്ത്രി സഭാ യോഗത്തിൽ ഭിന്നാഭിപ്രായം മന്ത്രിമാർ പറഞ്ഞെങ്കിലും മുഖ്യമന്ത്രി അത് കാര്യമാക്കിയില്ല. ഗവർണ്ണർ ഉടക്കിട്ടതോടെ അസാധുവായ ലോകായുക്ത നിയമ ഭേദഗതി ഓ‌ർഡിനൻസ് ഇനി ബില്ലായി അവതരിപ്പിക്കുമ്പോൾ സഭയിലെ സി പി ഐ അംഗങ്ങളുടെ നിലപാടാണ് പ്രധാനം. 

ബിൽ അവതരിപ്പിക്കുമ്പോഴും സബ്ജക്ട് കമ്മിറ്റിക്ക് വിടുമ്പോഴും അംഗങ്ങൾക്ക് അഭിപ്രായം പറയാം. ലോകായുക്ത ബിൽ പരിഗണിക്കുന്ന സബ്ജക്ട് കമ്മിറ്റി തലവൻ മുഖ്യമന്ത്രി തന്നെയാണ്.നിർണ്ണായക ഘട്ടങ്ങളിലെല്ലാം പാർട്ടി നിലപാട് ബലികഴിച്ച് മുഖ്യമന്ത്രിക്ക് കീഴടങ്ങുന്നുവെന്നാണ് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ജില്ലാ സമ്മേളനങ്ങളിൽ കേട്ട വിമർശനം. പാർട്ടി സമ്മേളനങ്ങൾ തുടരുന്നതിനിടെ ചേരുന്ന സഭാ സമ്മേളനത്തിൽ പാർട്ടിയിൽ നിന്നുയരുന്ന എതിർ ശബ്ദങ്ങളെ നിശ്ശബ്ദമാക്കാൻ കാനം രാജേന്ദ്രൻ എം എം എൽമാർക്ക് നിലപാട് കടുപ്പിക്കാൻ നിർദേശം കൊടുക്കുമോ എന്നാണ് അറിയേണ്ടത്. 

എതിർപ്പ് രേഖപ്പെടുത്തിയില്ലെങ്കിൽ കാനം വിരുദ്ധർ വീണ്ടും വിമർശനം ശക്തമാക്കും. പ്രതിപക്ഷം അവസരം മുതലാക്കും. സർക്കാർ കൊണ്ടുവരുന്ന ബില്ലിനെ ഭരണപക്ഷത്തു നിന്നും വിയോജനക്കുറിപ്പ് രേഖപ്പെടുത്തുന്ന പതിവില്ല. നേരത്തെ യു ഡി എഫ് സർക്കാർ കാലത്ത് ടി എം ജേക്കബ് ബില്ലിനെ എതിർത്ത അപൂർവ ചരിത്രവുമുണ്ട്. ഗവർണ്ണർ സർക്കാർ പോര് ഉണ്ടായ വിവാദത്തിൻറെ അടുത്ത രംഗം സഭയിലേക്ക് മാറുമ്പോൾ ശ്രദ്ധ സി പി ഐയിലാകും.

Read More: അസാധുവായ ഓർഡിനൻസുകൾക്ക് പകരം ബിൽ പാസാക്കാൻ നിയമ സഭാ സമ്മേളനം അംഗീകരിച്ച് ഗവർണർ, ഓർഡിനൻസുകൾ തിരിച്ചയച്ചു