ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കാനുള്ള ഓർഡിനൻസ് കാര്യമായ ചർച്ചയില്ലാതെയാണ് കഴിഞ്ഞ മന്ത്രിസഭായോഗം അംഗീകരിച്ചത്. നിർണ്ണായക നിയമഭേദഗതി എൽഡിഎഫിലും ചർച്ച ചെയ്തില്ല. ഇതാണ് കാനത്തെ ചൊടിപ്പിച്ചത്.
തിരുവനന്തപുരം: ലോകായുക്ത (Lokayukta) ഭേദഗതി മന്ത്രിസഭ ചർച്ച ചെയ്തിട്ടും പാർട്ടി അറിയാത്തതിൽ സിപിഐ നേതൃത്വത്തിന് അതൃപ്തി. മന്ത്രിമാരെ വിളിപ്പിച്ച് വിശദീകരണം തേടിയതിന് പിന്നാലെ സിപിഐ നിർവാഹക സമിതി യോഗം വിഷയം ചർച്ച ചെയ്യും. സിപിഐ മന്ത്രിമാർക്കും മുഖ്യമന്ത്രിയെ പേടിയാണെന്ന് രമേശ് ചെന്നിത്തല വിമർശിച്ചു.
വിവാദമായ ലോകായുക്ത ഓർഡിനൻസ് ചർച്ച ചെയ്തത് മന്ത്രിസഭാ യോഗത്തിൽ എന്നാൽ നാല് മന്ത്രിമാരുള്ള സിപിഐയുടെ നേതൃത്വം ഒന്നും അറിഞ്ഞില്ല. ലോകായുക്ത ഓർഡിനൻസിനെതിരായ കാനം രാജേന്ദ്രന്‍റെ പരസ്യ വിമർശനത്തെ പോലും ഇത് ദുർബലപ്പെടുത്തിയിരുന്നു. ജനുവരി മാസം രണ്ട് തവണ മന്ത്രിസഭാ യോഗത്തിൽ ചർച്ചയായ വിഷയം പാർട്ടി അറിയാത്തതിൽ മന്ത്രിമാരെ വിളിച്ച് കാനം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി പാർട്ടി ആസ്ഥാനത്ത് മന്ത്രിമാരെ വിളിച്ചുള്ള കൂടിയാലോചന പതിവെന്നിരിക്കെ ലോകായുക്ത വിഷയത്തിൽ എംഎൻ സ്മാരകത്തെ മന്ത്രിമാർ ഇരുട്ടിൽ നിർത്തിയതിൽ പാർട്ടി യോഗത്തിലും മന്ത്രിമാർക്ക് വിശദീകരിക്കേണ്ടി വരും. വരുന്ന വ്യാഴാഴ്ച ചേരുന്ന സംസ്ഥാന നിർവാഹക സമിതി യോഗത്തിൽ വിഷയം ചർച്ചയാകും.
അതേസമയം എൽഡിഎഫിൽ സമവായമായെന്ന തെറ്റിദ്ധാരണയാണ് മന്ത്രിമാർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയത്. ഇത് പാർട്ടി നേതൃത്വത്തെയും അറിയിച്ചിട്ടുണ്ട്. തോമസ് ചാണ്ടി രാജിവയ്ക്കേണ്ടെന്ന സിപിഎമ്മിന്‍റെ പിടിവാശിക്ക് പൂട്ടിട്ടത് ഒന്നാം പിണറായി സർക്കാരിൽ സിപിഐ മന്ത്രിമാരുടെ പ്രതിഷേധമാണ്. മുന്നണിയിൽ പലപ്പോഴും തിരുത്തൽ ശക്തിയാകുന്ന സിപിഐക്ക് ലോകായുക്ത വിഷയത്തിലുണ്ടായ വീഴ്ച പ്രതിപക്ഷവും ആയുധമാക്കി.
