ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ ഗവർണ്ണർ ഒപ്പിട്ടതിന് പിന്നാലെയാണ് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത്. പൊതുപ്രവർത്തകരെ കുറ്റക്കാരെന്ന് കണ്ടെത്തുന്ന ലോകായുക്ത വിധിയെ ഇനി മുതൽ സർക്കാറിന് തള്ളിക്കളയാം.
തിരുവനന്തപുരം: വിവാദമായ ലോകായുക്ത ഓർഡിനൻസില്‍ വിജ്ഞാപനം പുറത്തിറങ്ങി. ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ ഗവർണ്ണർ ഒപ്പിട്ടതിന് പിന്നാലെയാണ് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത്. പൊതുപ്രവർത്തകരെ കുറ്റക്കാരെന്ന് കണ്ടെത്തുന്ന ലോകായുക്ത വിധിയെ ഇനി മുതൽ സർക്കാറിന് തള്ളിക്കളയാം.
സർക്കാർ ആശ്വസിക്കുമ്പോൾ ഓർഡിനെൻസിനെതിരായ കടുത്ത അതൃപ്തി സിപിഐ ആവർത്തിച്ചു. ബിജെപി ഇടനിലയായി നിന്ന് സർക്കാറും ഗവർണ്ണറും തമ്മിൽ നടത്തിയത് കൊടുക്കൽ വാങ്ങലാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഓർഡിനൻസ് തിരച്ചയക്കണമായിരുന്നുവെന്ന് പറഞ്ഞ് ബിജെപി ഗവർണ്ണറെ വിമർശിച്ചു.
രണ്ടാഴ്ച നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ ഗവർണ്ണർ ഒപ്പിട്ടത്. സർക്കാറിനോട് വിശദീകരണം തേടിയ ഗവർണ്ണർ ഉടക്കിടുമോ എന്ന ആകാംക്ഷകൾക്കിടെ മുഖ്യമന്ത്രി നേരിട്ട് ഇന്നലെ രാജ്ഭവനിലെത്തി നടത്തിയ കൂടിക്കാഴ്ചയാണ് നിർണ്ണായകമായത്. ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന സർക്കാർ വിശദീകരണം ശരിവെച്ച് കൊണ്ടാണ് ഗവർണ്ണർ ഒപ്പിട്ടത്.
22 വർഷമായി അഴിമതി തടയാൻ ലോകായുക്ത നിയമത്തിലുള്ള ഏറ്റവും ശക്തമായ വകുപ്പാണ് ഇതോടെ ഇല്ലാതായാത്. അഴിമതിക്കേസിൽ മന്ത്രിമാർ കുറ്റക്കാരെന്ന് ലോകായുക്ത ഇനി വിധിച്ചാലും പതിനാലാം വകുപ്പ് പ്രകാരം പദവി ഒഴിയേണ്ട. കെ ടി ജലീലിൻ്റെ വഴിയേ ഒരുമന്ത്രിക്കും ഇനി രാജിവക്കേണ്ടെ. മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്ക് ഹിയറിംഗ് നടത്തി തള്ളിക്കളയാം. വിധി മുഖ്യമന്ത്രിക്കെതിരെയെങ്കിൽ ഗവർണ്ണർക്കും തള്ളാം.
ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം ചെയ്തുവെന്ന പരാതിയിൽ മുഖ്യമന്ത്രിക്കെതിരായ കേസിൽ ഇനി എതിർ ഉത്തരവുണ്ടായാലും സർക്കാറിന് പേടി വേണ്ട. നിഷ്പ്രയാസം വിധി തള്ളിക്കളഞ്ഞ് പദവിയിൽ തുടരാം. അഴിമതിക്കെതിരായ നിയമത്തിൻറെ കടക്കൽ കത്തിവെച്ചുവെന്ന വിമർശനം ശക്തമാകുമ്പോൾ തുടക്കം മുതലുള്ള എതിർപ്പ് സിപിഐ തുടരുന്നു. മാത്രമല്ല ബിൽ നിയമസഭയിൽ വന്നാൽ പാർട്ടി അംഗങ്ങൾ എതിർത്തേക്കുമെന്നാണ് കാനത്തിൻ്റെ മുന്നറിയിപ്പ്. ബിജെപി സംസ്ഥാന സമിതി അംഗം ഹരി എസ് കർത്തായെ ഗവർണ്ണറുടെ പിഎയായി നിയമിക്കാനുള്ള നീക്കം പറഞ്ഞ് ഗവർണ്ണറും സർക്കാറും തമ്മിൽ ഒത്ത് കളി നടന്നു എന്നാണ് കോൺഗ്രസ് ആക്ഷേപം.
കോൺഗ്രസ് ആക്ഷേപത്തിന് മറുപടിയില്ലെങ്കിലും ബിജെപിയും ഗവർണ്ണറെ വിമർശിക്കുന്നു. ജനങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കാൻ ഗവർണ്ണർ ഓർഡിനൻസ് തിരിച്ചയക്കേണ്ടിയിരുന്നുവെന്ന് കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. സഭ ചേർന്ന് 42 ദിവസത്തിനുള്ളിൽ ഓർഡിനൻസിന് പകരമുള്ള ബിൽ കൊണ്ടുവരണം. അതിനുള്ളിൽ സിപിഐയെ അനുനയിപ്പിക്കാനാകുമെന്നാണ് സിപിഎം പ്രതീക്ഷ. കാനത്തിൻ്റെ വിമർശനങ്ങൾക്ക് മറുപടി പറയാതെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് തീർക്കുന്നതാണ് ഇടത് രീതിയെന്നാണ് കൺവീനറുടെ അഭിപ്രായം.
