യുജിസി ചട്ടപ്രകാരം പരാതി പരിഹാരത്തിന് ഓംബുഡ്സ്മാനെ നിയമിക്കണമെന്നും ഓംബുഡ്സ്മാനെ നിയമിക്കാതെ സർവകലാശാല വരുത്തിയത് ഗുരുതര വീഴ്ചയാണെന്ന് ലോകായുക്തയുടെ ഉത്തരവില്‍ പറയുന്നു.
തിരുവനന്തപുരം: എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയിൽ (കെ ടി യു) ഓംബുഡ്സ്മാനെ നിയമിക്കണമെന്ന് ലോകായുക്ത. യുജിസി ചട്ടപ്രകാരം പരാതി പരിഹാരത്തിന് ഓംബുഡ്സ്മാനെ നിയമിക്കണമെന്നും ഓംബുഡ്സ്മാനെ നിയമിക്കാതെ സർവകലാശാല വരുത്തിയത് ഗുരുതര വീഴ്ചയാണെന്ന് ലോകായുക്തയുടെ ഉത്തരവില്‍ പറയുന്നു. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിന്റേതാണ് ഉത്തരവ്. ആറ് മാസത്തിനുള്ളിൽ നിയമനം നടത്തണമെന്ന് ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു.
നിയമനം യുജിസി ചട്ടപ്രകാരമല്ലെന്ന് കാട്ടി സാങ്കേതിക സർവകലാശാല (കെ ടി യു) വൈസ് ചാൻസലര്‍ നിയമനം സുപ്രീംകോടതി നേരത്തെ റദ്ദാക്കിയിരുന്നു. ഡോ. രാജശ്രീ എം എസിനെ നിയമിച്ച നടപടിയാണ് സുപ്രീംകോടതി റദ്ദാക്കിയത്. പിന്നാലെ, താൽക്കാലിക വൈസ് ചാൻസലറായി ഡോ. സിസി തോമസിനെ ഗവര്‍ണര്‍ നിയമിക്കുകയും ചെയ്തിരുന്നു. ഈ നടപടി നടപടി ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച ഹർജിയില്‍ ഇടക്കാല ഉത്തരവും സ്റ്റേയും ഇല്ലെന്ന് ഹൈക്കോടതി ഇന്നലെ അറിയിച്ചിരുന്നു.
താൽക്കാലിക വൈസ് ചാൻസലറാണെങ്കിൽപ്പോലും പേര് നിർദേശിക്കാനുളള അവകാശം സർക്കാരിനാണെന്നാണ് അഡ്വക്കേറ്റ് ജനറൽ കോടതിയില്‍ വാദിച്ചത്. എന്നാൽ യുജിസി മാനദണ്ഡങ്ങൾ അനുസരിച്ചാണ് ഇക്കാര്യത്തിൽ മുന്നോട്ട് പോകുന്നതെന്ന് ഗവർണറുടെ അഭിഭാഷകൻ കോടതിയിൽ നിലപാടെടുത്തു. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ യുജിസിയെക്കൂടി ഹർജിയിൽ കക്ഷി ചേർക്കാൻ കോടതി നിർദേശിച്ചു. ഡോ. സിസി തോമസിന്‍റെ നിയമനം സ്റ്റേ ചെയ്ത് ഇടക്കാല ഉത്തരവ് വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. അതിനുളള സാഹചര്യമില്ലെന്നും വെളളിയാഴ്ച പരിഗണിക്കാമെന്നും അറിയിച്ച് ഹർജി ഹൈക്കോടതി മാറ്റിവെച്ചു.
എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല വിസിക്കായി സർക്കാർ നിർദേശിച്ച പേരുകൾ തള്ളിയാണ് ഡോ. സിസ തോമസിന് വിസിയുടെ ചുമതല നൽകി രാജ്ഭവൻ ഉത്തരവിറക്കിയത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയിന്‍റ് ഡയറക്ടർ ആണ് ഡോ. സിസ തോമസ്. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ചുമതല നൽകാനായിരുന്നു സർക്കാർ ശുപാർശ. ഇത് തള്ളിയാണ് ഡോ. സിസ തോമസിന് ചാൻസലർ കൂടിയായ ഗവർണർ കെടിയു വിസിയുടെ ചുമതല നൽകിയത്.
