സർക്കാർ വടികൊടുത്ത് അടിവാങ്ങുകയാണെന്നും വേണ്ടത്ര ആലോചനകളില്ലാതെ ദുരിതാശ്വാസ നിധിയിലെ പണം ചെലവാക്കുന്നതിൽ എടുത്തു ചാടി തീരുമാനമെടുക്കുന്നത് കൊണ്ടാണ് സർക്കാർ ഇപ്പോള്‍ പഴി കേള്‍ക്കേണ്ടി വരുന്നതെന്നും ഉപലോകായുക്ത പരാമർശിച്ചു.
തിരുവനന്തപുരം: ലോകായുക്ത (Lokayukta) നിയമഭേഗതി ഓർഡിനൻസിൽ (Lokayukta ordinance) വിമർശനവുമായി ഉപലോകായുക്ത ഹാറൂണ്‍ എൽ റഷീദ്. നിയമസഭ കൂടാനിരിക്കെ ലോകായുക്ത നിയമം ഓർഡിൻസിലൂടെ ഭേഗതി ചെയ്തത് ഒഴിവാക്കാമായിരുന്നുവെന്ന് ഉപലോകായുക്ത നിരീക്ഷിച്ചു. സർക്കാർ വടികൊടുത്ത് അടിവാങ്ങുകയാണെന്നും വേണ്ടത്ര ആലോചനകളില്ലാതെ ദുരിതാശ്വാസ നിധിയിലെ പണം ചെലവാക്കുന്നതിൽ എടുത്തു ചാടി തീരുമാനമെടുക്കുന്നത് കൊണ്ടാണ് സർക്കാർ ഇപ്പോള്‍ പഴി കേള്‍ക്കേണ്ടി വരുന്നതെന്നും ഉപലോകായുക്ത പരാമർശിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം അന്തരിച്ച രാഷ്ട്രീയ നേതാക്കളുടെയും ജനപ്രതിനിധികളുടെയും കുടുംബത്തിന് നൽകിയെന്ന ഹർജി പരിഗണിക്കവേയാണ് പരമാർശം.
മന്ത്രിസഭ തീരുമാനം അനുസരിച്ചാണ് ദുരിതാശ്വാസ നിധിയിലെ പണം നൽകിയതെന്ന് സർക്കാരിന് വേണ്ടി ഹാജരായ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഷാജി വാദിച്ചു. എന്നാൽ തെറ്റായ തീരുമാനങ്ങളാണെങ്കിൽ പുനപരിശോധിക്കാൻ ലോകായുക്തക്ക് അധികാരമുണ്ടെന്ന് പരാതിക്കാരന്റെ അഭിഭാഷകൻ ജോർജ്ജ് പൂന്തോട്ടം പറഞ്ഞു. ഹർജിക്കാരന്റെ വാദം ഇന്ന് പൂർത്തിയായി. സർക്കാർ വാദത്തിനായി കേസ് ഈ മാസം18 ലേക്ക് മാറ്റി.
കൊവിഡ് പര്‍ചേസ് കൊള്ള, ലോകായുക്ത പ്രാഥമികാന്വേഷണം തുടങ്ങി
കൊവിഡ് പര്‍ചേസ് കൊള്ളയില്‍ ലോകായുക്ത പ്രാഥമികാന്വേഷണം തുടങ്ങി. കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ പിപിഇ കിറ്റ് അടക്കമുള്ള പ്രതിരോധ സാമഗ്രികള്‍ വാങ്ങിക്കൂട്ടിയതില്‍ അഴിമതിയുണ്ടെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ എസ് നായരുടെ പരാതിയിലാണ് അന്വേഷണം. മൂന്നിരട്ടി വിലയ്ക്ക് സാധനങ്ങള്‍ വാങ്ങിയതിലെ ക്രമക്കേട് ഏഷ്യാനെറ്റ്ന്യൂസാണ് 'കൊവിഡ് കൊള്ള' എന്ന പരമ്പരയിലൂടെ പുറത്ത് കൊണ്ടുവന്നത്. ഏപ്രിൽ ഏഴിന് സർക്കാർ മറുപടി നൽകണമെന്നാണ് ലോകായുക്ത നിർദ്ദേശം
ഒന്നാംപിണറായി സര്‍ക്കാരിന്‍റെ കാലത്തായിരുന്നു കൊവിഡിന്‍റെ മറവില്‍ കൂടിയ വിലയ്ക്ക് സാധനങ്ങള്‍ വാങ്ങിക്കൂട്ടിയത്. പിപിഇ കിറ്റ് അടക്കമുള്ള പ്രതിരോധ സാമഗ്രികള്‍ വാങ്ങിയതില്‍ നടന്ന ക്രമക്കേടുകള്‍ രേഖകള്‍ സഹിതമാണ് ഏഷ്യാനെറ്റ്ന്യൂസ് പുറത്തുകൊണ്ടുവന്നത്. പിന്നാലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ എസ് നായര്‍ ലോകായുക്തയെ സമീപിക്കുകയായിരുന്നു. മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ പര്‍ചേസ് അഴിമതിയിൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിൽ ലോകായുക്ത സർക്കാരിന് നോട്ടീസ് അയച്ചു. ആരോഗ്യ സെക്രട്ടറി രാജൻ ഘൊബ്രഗഡേ, മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ മുൻ എംഡിമാരായ ബാലമുരളി, നവജ്യോത് ഖോസ, അജയകുമാർ എന്നിവർക്കും മുൻ ജനറൽ മാനേജർ ഡോ.ദിലീപ് കുമാറിനുമാണ് നോട്ടീസ് അയച്ചത്. മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ സാധനങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് വിശദാംശങ്ങള്‍ ഉദ്യോഗസ്ഥർ അറിയിക്കണം.
