കോൺഗ്രസ് ആണ് ബിജെപിക്ക് എതിരെ നിൽക്കുന്നത് എന്ന കൃത്യമായ സന്ദേശമാണ് സ്ഥാനാർഥി പട്ടികയെന്നും ഹൈബി കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി സ്ഥാനാർത്ഥികൾ. തെരഞ്ഞെടുപ്പിനെ എല്ലാ ഗൗരവത്തോടെയും കൂടെ കാണുന്നുവെന്ന് എറണാകുളം സിറ്റിംഗ് എംപി ഹൈബി ഈഡൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എറണാകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥിയാണ് ഹൈബി ഈഡൻ. കോൺഗ്രസിന്റെ ഡ്രീം ടീം ആണ് മത്സരിക്കാൻ ഇറങ്ങുന്നതെന്ന് പറഞ്ഞ ഹൈബി ഈഡൻ എറണാകുളം യുഡിഎഫിന്റെ ശക്തികേന്ദ്രമാണെന്നും വ്യക്തമാക്കി. അമിതമായ ഒരു അവകാശവാദങ്ങളും ഉന്നയിക്കാതെയാണ് മത്സരത്തിനു ഇറങ്ങുന്നതെന്നും ആരെങ്കിലും പാർട്ടി വിട്ടു പോയത് പ്രശ്നമല്ലെന്നും ഹൈബി ഈഡൻ പറഞ്ഞു. കോൺഗ്രസ് ആണ് ബിജെപിക്ക് എതിരെ നിൽക്കുന്നത് എന്ന കൃത്യമായ സന്ദേശമാണ് സ്ഥാനാർഥി പട്ടികയെന്നും ഹൈബി കൂട്ടിച്ചേർത്തു.
കഴിഞ്ഞ തവണ കിട്ടിയതിനെക്കാൾ മൂന്നിരട്ടി ഭൂരിപക്ഷത്തോടെ ഇത്തവണ ജയിക്കുമെന്ന് കാസർകോട്ടെ യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ. കക്ഷി രാഷ്ട്രീയത്തിന് അതീതമായി തനിക്ക് വോട്ട് കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. ആലത്തൂർ മണ്ഡലത്തിൽ വീണ്ടും യുഡിഎഫ് ടിക്കറ്റ് രമ്യ ഹരിദാസിനാണ്. 2019ഇൽ കേട്ടറിഞ്ഞുള്ള പിന്തുണയായിരുന്നെങ്കിൽ 2024 ൽ അടുത്തറിഞ്ഞുള്ള പിന്തുണയാണ് ആലത്തൂരുകാർ തരിക എന്ന് രമ്യ പറഞ്ഞു. സർക്കാരിന്റെ പ്രവർത്തികൾക്ക് മറുപടി പറയാൻ ബാധ്യസ്ഥതയുള്ള ആളാണ് എതിർ സ്ഥാനാർത്ഥിയെന്നും രമ്യ വ്യക്തമാക്കി.
വളരെ സന്തോഷം എന്നായിരുന്നു കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക പുറത്ത് വന്നതിന് പിന്നാലെ ശശി തരൂരിന്റെ പ്രതികരണം. കഴിവുള്ള എതിരാളികളാണെന്നും എളുപ്പമായി കാണുന്നില്ലെന്നും പറഞ്ഞ തരൂർ 15 വർഷത്തെ വികസനമാണ് തൻ്റെ ശക്തിയെന്നും വ്യക്തമാക്കി. ഞായറാഴ്ച്ച മുതൽ പ്രചാരണം തുടങ്ങും. താൻ ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ ഉയർത്തി പ്രചരണം നടത്തുമെന്നാണ് തരൂരിന്റെ പ്രഖ്യാപനം. രാഹുൽ ഗാന്ധിയുടെ മത്സരം എപ്പോഴും ആവേശം നൽകുന്നത് ആണെന്നും പ്രവർത്തകർക്ക് ആത്മവിശ്വാസം നൽകുമെന്നും തരൂർ വ്യക്തമാക്കി.
പന്ന്യൻ രവീന്ദ്രൻ മത്സര രംഗത്തെക്ക് വന്നതിനെ സ്വാഗതം ചെയ്യുന്നു. പക്ഷേ പതിനഞ്ച് വർഷം മുൻപ് എന്തുകൊണ്ട് വീണ്ടും മത്സരിക്കാൻ പന്യൻ തയ്യാറായില്ല. അത് വിശദീകരിക്കണമെന്നും തരൂർ ആവശ്യപ്പെട്ടു. രാജീവ് ചന്ദ്രശേഖറിനെ ബിസിനസുകാരനായിട്ടാണ് പരിചയം. അദ്ദേഹം ആദ്യമായാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. രാജീവിനെ ജനങ്ങൾക്ക് പരിചയപ്പെടുത്തി എടുക്കേണ്ടി വരും. പത്മജ ബിജെപിയിൽ പോയതു കൊണ്ട് കോൺഗ്രസിന് ഒന്നും സംഭവിക്കില്ലെന്നും ആത്മവിശ്വാസക്കുറവ് ഇല്ലെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.
