കിഴക്കമ്പലം ആസ്ഥാനമാക്കി 2013ൽ തുടങ്ങിയ ട്വന്‍റി ട്വന്‍റി ലോക്സഭയിലേക്കും രാഷ്ട്രീയ പരീക്ഷണത്തിനൊരുങ്ങുകയാണ്
കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടത് വലത് മുന്നണികൾക്കൊപ്പം എറണാകുളത്തും ചാലക്കുടിയിലും കളം പിടിക്കാൻ പ്രചാരണം തുടങ്ങി ട്വന്‍റി20. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും നിയമസഭ തെരഞ്ഞെടുപ്പിൽ കിട്ടിയ പിന്തുണയും മാറ്റം വരുത്തുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. ട്വന്‍റി 20 സ്ഥാനാർത്ഥികൾ പുതുമുഖങ്ങളാണെന്ന ആശ്വാസത്തിലും, ഇവർ നേടുന്ന വോട്ട് ജയപരാജയങ്ങളെ സ്വാധീനിക്കുമെന്ന ആശങ്ക എൽഡിഎഫിനും യുഡിഎഫിനുമുണ്ട്.
കിഴക്കമ്പലം ആസ്ഥാനമാക്കി 2013ൽ തുടങ്ങിയ ട്വന്‍റി20 ലോക്സഭയിലേക്കും രാഷ്ട്രീയ പരീക്ഷണത്തിനൊരുങ്ങുകയാണ്- ചാലക്കുടിയിലും എറണാകുളത്തും. കുന്നത്തുനാടും ആലുവയിലും പെരുമ്പാവൂരിലും പാർട്ടിക്കുള്ള പിന്തുണയിലാണ് ചാലക്കുടി സ്ഥാനാർത്ഥി അഡ്വ.ചാർളി പോളിന്‍റെ ആത്മവിശ്വാസം. ഹൈക്കോടതി അഭിഭാഷകൻ, കെസിബിസി മദ്യവിരുദ്ധ സമിതി നേതാവ്, എറണാകുളം അങ്കമാലി അതിരൂപത പാസ്റ്ററൽ കൗൺസിൽ ജനറൽ സെക്രട്ടറി- ഈ പദവികൾ നൽകിയ വിപുലമായ വ്യക്തിബന്ധങ്ങളും വോട്ടായി മാറുമെന്നാണ് അദ്ദേഹത്തിന്‍റെ പ്രതീക്ഷ. വിവിധ യുവജന സംഘടനാ പ്രവർത്തകൻ, അഭിഭാഷകൻ, സംരംഭകൻ- 28 വയസ്സുകാരൻ അഡ്വ.ആന്‍റണി ജൂഡിയാണ് എറണാകുളത്തെ സ്ഥാനാർത്ഥി.
അട്ടിമറി സാധ്യതകളെല്ലാം തള്ളുമ്പോഴും ട്വന്‍റി ട്വന്റി നേടുന്ന വോട്ടുകൾ ആരെ തളർത്തും ആരെ വീഴ്ത്തുമെന്ന ആശങ്ക ഇടത് വലത് മുന്നണികൾക്കുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ ട്വന്‍റി ട്വന്‍റി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും 2715 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിൽ യുഡിഎഫ് മണ്ഡലമായിരുന്ന കുന്നത്തുനാട്ടിൽ എൽഡിഎഫ് വിജയിച്ചു. കുന്നത്തുനാട് മാത്രമല്ല കൊച്ചി മണ്ഡലത്തിലും ട്വന്‍റി ട്വന്‍റി സാന്നിദ്ധ്യം യുഡിഎഫിന് തിരിച്ചടിയായിരുന്നു.
സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിലാക്കി കിറ്റെക്സ് കമ്പനി സംസ്ഥാനം വിട്ടത് മുതൽ ഒടുവിൽ മുഖ്യമന്ത്രിയെ പേരെടുത്ത് പറഞ്ഞുള്ള ആറ്റം ബോംബ് പരാമർശം വരെ എൽഡിഎഫിനെതിരെ വിമർശനം കടുപ്പിക്കുകയാണ് ട്വന്‍റി ട്വന്‍റി. ലോക്സഭ തെരഞ്ഞെടുപ്പിൽ എത്ര വോട്ട് നേടിയാലും വരുന്ന തദ്ദേശ നിയമസഭ തെരഞ്ഞെടുപ്പുകളിലേക്ക് മുതൽക്കൂട്ടാകുമെന്നാണ് ട്വന്‍റി ട്വന്‍റിയുടെ കണക്കുക്കൂട്ടൽ.

