തൃശ്ശൂര്‍: കൊടകര കവര്‍ച്ചാ കേസിലെ പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. അലി, സുജീഷ്, രഞ്ജിത്, റഷീദ്, എഡ്വിൻ, ഷുക്കൂർ എന്നീ ആറുപ്രതികള്‍ക്കായാണ് ലുക്ക് ഔട്ട് നോട്ടീസ്. അതേസമയം കൊടകര കവർച്ചാ കേസിൽ നഷ്ടപ്പെട്ട പണവും കണ്ടെടുത്തു. ഒൻപതാം പ്രതി ബാബുവിന്‍റെ വീട്ടിൽ നിന്നാണ് 23 ലക്ഷം രൂപയും മൂന്ന് പവൻ സ്വർണ്ണവും കണ്ടെടുത്തത്. 

അറസ്റ്റിലാവുന്നതിന് മുൻപ് സ്ഥലം വാങ്ങാനായി ബാബു 23 ലക്ഷം രൂപ അഡ്വാൻസ് നൽകിയിട്ടുണ്ടെന്ന വിവരത്തെത്തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് പണം കിട്ടിയത്. 23,34,000 രൂപയും മൂന്ന് പവന്‍റെ സ്വർണ്ണവും കേരള ബാങ്കിൽ ആറ് ലക്ഷം രൂപയുടെ ലോൺ തിരിച്ചടച്ച രസീതും കോണത്തുകുന്നിലെ വീട്ടിൽ നിന്ന് കണ്ടെത്തി. ആകെ 25 ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്നാണ് പരാതി. 

പിടിച്ചെടുത്ത തുക അതിൽക്കൂടുതൽ വരുമെന്നതിനാൽ കവർച്ച ചെയ്യപ്പെട്ട പണം തന്നെയാണെന്ന് ഉറപ്പിക്കാന്‍ പൊലീസ് കൂടുതൽ പരിശോധന നടത്തും. ഇതിനിടെ വാഹനം പോകുന്ന വഴി കൃത്യമായി കവർച്ചാ സംഘത്തെ അപ്പപ്പോൾ അറിയിച്ചത് ഡ്രൈവറിന്‍റെ സഹായി റഷീദാണെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.